കൊച്ചി: തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടന്ന നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിന്റെ വിചാരണ മാർച്ചിൽ ആരംഭിക്കും. അതിനു മുന്നോടിയായി നാളെ പ്രതികളോടു നേരിട്ടു ഹാജരാകാൻ സാമ്പത്തിക കുറ്റവിചാരണക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ 29 പ്രതികളാണു വിചാരണ നടപടികൾ നേരിടുന്നത്.

സ്വപ്‌നാ സുരേഷാണ് കേസിലെ പ്രധാന പ്രതി. സരിത്തും സന്ദീപ് നായരും അടക്കമുള്ളവരുമായി സ്വപ്‌നയാണ് നയതന്ത്ര പാഴ്‌സൽ കടത്തിലെ പ്രധാന ബുദ്ധി കേന്ദ്രമെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ജയിൽ മോചിതയായ സ്വപ്‌നാ സുരേഷ് വീണ്ടും അടിപൊളി ലുക്കിലേക്ക് മാറിയിട്ടുണ്ട്. മുടി സ്‌ട്രെയിറ്റൻ ചെയ്ത് രുപം അടിമുടി മാറിയാണ് സ്വപ്‌ന വിചാരണയ്ക്ക് എത്തുക. ഈ കേസിൽ പ്രോസിക്യൂഷനും പൂർണ്ണ വിജയ പ്രതീക്ഷയിലാണ്. അതിവേഗ വിചാരണ ഈ കേസിൽ നടക്കാനാണ് സാധ്യത.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് ഉറവിടം തെളിയിക്കാനായില്ല. ഇതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന് ഈ തുക കണ്ടുകെട്ടിയ നടപടിക്ക് അഡ്ജുഡിക്കേറ്റിങ് അഥോറിറ്റിയിൽനിന്ന് അംഗീകാരം കിട്ടിയത്. നയതന്ത്ര സ്വർണക്കടത്തിൽ ഇ.ഡി. രജിസ്റ്റർ ചെയ്ത കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണയിൽ പ്രതികൾക്ക് ശക്തമായ തിരിച്ചടിയാകുന്നതാണിത്.ും.

സ്വപ്ന സുരേഷിനു പുറമേ പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുടെ സാമ്പത്തിക നിക്ഷേപമായിരുന്നു ഇ.ഡി. കണ്ടുകെട്ടിയത്. ഇതിനാണ് കള്ളപ്പണ കേസുകളിലെ ഡൽഹിയിലെ അഡ്ജുഡിക്കേറ്റിങ് അഥോറിറ്റി അംഗീകാരം നൽകിയത്. തിരുവനന്തപുരം എസ്.ബി.ഐ., ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലെ ലോക്കറുകളിലുണ്ടായിരുന്ന സ്വപ്ന സുരേഷിന്റെ 64 ലക്ഷം രൂപയും 36.50 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ എൻ.ഐ.എ. കണ്ടെടുത്തിരുന്നു. ഈ തുകയാണ് ഇ.ഡി. കണ്ടുകെട്ടിയവയിൽ പ്രധാനം.

ഇത് മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ പണമാണെന്നും ലൈഫ് മിഷൻ കരാറുകൾക്കു ലഭിച്ച കമ്മിഷൻ തുകയാണെന്നുമായിരുന്നു ഇ.ഡി.യുടെ വാദം. എന്നാൽ, ശിവശങ്കർ ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തു. പക്ഷേ, ഈ ഒരു കോടി രൂപയുടെ കൃത്യമായ ഉറവിടം തെളിയിക്കാനോ പണം സംബന്ധിച്ച രേഖകൾ ഹാജരാക്കാനോ സ്വപ്നയ്ക്ക് സാധിച്ചതുമില്ല. ഇതെല്ലാം കൊച്ചി കോടതിയിലെ വിചാരണയിലും നിർണ്ണായകമാകും.

ഇതിനു പുറമേ സഹകരണ ബാങ്കുകളിലേതടക്കമുള്ള സ്വപ്നയുടെ 62.76 ലക്ഷവും കണ്ടുകെട്ടിയിരുന്നു. ഇതിനും വ്യക്തമായ രേഖകൾ സഹിതമുള്ള സ്രോതസ്സ് കാണിക്കാനായില്ല. മറ്റൊരു പ്രതിയായ പി.എസ്. സരിത്തിന്റെ അച്ഛന്റെ പേരിലുള്ള 10 ലക്ഷമടക്കം 11.94 ലക്ഷം രൂപയാണ് ഇ.ഡി. കണ്ടുകെട്ടിയിരുന്നത്. സന്ദീപ് നായരുടെ 10.11 ലക്ഷവും. ഇതിനും വ്യക്തമായ രേഖകൾ ഹാജരാക്കാനായില്ല.