പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിദേശ ഫണ്ടുകളെ സംബന്ധിച്ച് ഷാജ് കിരണിൽ നിന്നും മനസ്സിലാക്കിയ വിവരങ്ങളും സ്വപ്ന സുരേഷ് തുറന്നുപറഞ്ഞു. പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്ന് സ്വപ്ന വെളിപ്പെടുത്തി. അത് കാരണമാണ് അവരുടെ എഫ്.സി.ആർ.എ ക്യാൻസൽ ആയത്. താൻ നികേഷ് കുമാറിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാൾ പലതിന്റെയും ബെനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടർ ബോർഡിൽ ഷാജുണ്ടെന്നും സ്വപ്ന പറഞ്ഞു.

പിണറായി വിജയന്റെയും കോടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങൾ എന്താണ് പറയേണ്ടത് എന്നും ഷാജ് കിരൺ ചോദിക്കുന്നു. സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്‌മെന്റ് നൽകിയ ശേഷമുള്ളതാണ് ഈ സംഭാഷണം.

ഫോൺ സംഭാഷണം ഇങ്ങനെ

ഷാജ്: വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ? എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേ. നിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക. ട്രാവൽ ബാൻ നീക്കാൻ പറയുക

സരിത്ത്: ഞങ്ങൾ പോരാടും

ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം? ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രിയാണ്. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി എന്നാണ് പറയുന്നത്.

ഷാജ് : ഓരോ സ്റ്റെപ്പായി നിങ്ങളെ ചാടിച്ചതാണ്

സ്വപ്ന: 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തത് തെറ്റോ ? തെറ്റല്ലല്ലോ എന്തിനാണ് ദ്രോഹിക്കുന്നത്?

ഷാജി : ഇതു കൊണ്ട് എന്താണ് നേടുന്നത്. തെറ്റു ചെയ്ത ആളുകൾ കാലിന്മേൽ കാൽ വെച്ച് ഭരിക്കുകയാണ്. മാക്‌സിമം ശിവശങ്കറിനെ പൂട്ടും. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കോടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങൾ എന്താണ് പറയേണ്ടത്

ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി. കോടിയേരിയുടെയും പിണറായിയുടെയും ഫണ്ടുകൾ പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴി യുഎസിലേക്കാണ്. ഷാജ് കിരൺ അതിന്റെയും മറ്റ് നിരവധി കമ്പനികളുടേയും ഡയറക്ടറാണ്. ബ്രോക്കറായിരുന്ന ഷാജ് കിരൺ എങ്ങനെ ഇത്രയുംകമ്പനികളുടെ ഡയറക്ടറായി എന്ന് ഇതിലൂടെ വ്യക്തമാണ്. ബിലീവേഴ്സ് ചർച്ചിന്റെ ആളാണ് ഷാജ് കിരൺ എന്നും സ്വപ്ന പറഞ്ഞു.

ഷാജ് കിരൺ ഡയറക്ടറായിരിക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങളും സ്വപ്ന മാധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തി. അയാൾ ബിനാമിയാണെന്നും ഫണ്ടുകൾ വിദേശരാജ്യങ്ങളിലേക്കാണ് പോകുന്നത് എന്നും രേഖകളിൽ നിന്നും വ്യക്തമാണെന്നും സ്വപ്ന പറഞ്ഞു. തന്നെ കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് ഷാജ് കിരൺ പറഞ്ഞുവെന്നും അതിനാലാണ് താൻ എല്ലാവരെയും തള്ളിപ്പറഞ്ഞതെന്നും സ്വപ്ന വെളിപ്പെടുത്തി.

ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം ഷാജ് കൊച്ചിയിൽ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.

ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നൽകിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചത്.

'നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല, എന്നായിരുന്നു ഭീഷണി. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കിൽ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്നും പറഞ്ഞു' സ്വപ്ന പറഞ്ഞു.

ഷാജിന്റെ ഭീഷണി മാനസികമായി തളർത്തി. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോർഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാൻ സരിത്തിനെയും എച്ച്ആർഡിഎസിനെയും തള്ളിപ്പറഞ്ഞു സ്വപ്ന പറഞ്ഞു.

എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്നു സ്വപ്ന വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുകൂടിയായ ഷാജ് കിരൺ മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവർത്തിച്ചിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരൺ പല തവണ സംസാരിച്ചു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരൺ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.