- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സരിത്തിനെ പൊക്കി; അഭിഭാഷകനെതിരെയും കേസെടുത്തു; ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നു; എന്തിന് അവിശ്വസിക്കണം; ഭീകരവാദിയെപ്പോലെ എന്തിനാണ് വേട്ടയാടുന്നത്'; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വപ്ന; പിന്നാലെ കുഴഞ്ഞുവീണു
പാലക്കാട്: അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കുന്നതിനിടെ സ്വപ്ന വിതുമ്പിയിരുന്നു.
ഇടനിലക്കാരൻ ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന മാധ്യമങ്ങളോടു വിശദീകരിച്ചു. ഇതിനു പിന്നാലെ സ്വപ്ന വിറച്ച്, കുഴഞ്ഞുവീഴുകയായിരുന്നു.
പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ മുഴുവൻ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നൽകിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജൻസികൾക്ക് ബാക്കി കാര്യം ചെയ്യാം.
'സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞു. അതു സംഭവിച്ചു. എന്റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് പറഞ്ഞതും ഇന്നു സംഭവിച്ചു. ഇനിയും എന്തിന് ഷാജ് പറഞ്ഞതിനെ അവിശ്വസിക്കണം. എന്നെ കൊന്നോളു. എന്റെ കൂടെ നിൽക്കുന്നവരെ ഉപദ്രവിക്കാതെ ഇരിക്കു. ഭീകരവാദിയെപ്പോലെ എന്തിനാണ് വേട്ടയാടുന്നത്. എന്നെ ജീവിക്കാൻ അനുവദിക്കു.' സ്വപ്‌ന പറഞ്ഞു
'എനിക്ക് അഭിഭാഷകനെ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് അന്ന് കേസെടുക്കാതിരുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല'- സ്വപ്ന ചോദിച്ചു.
ഷാജ് കിരൺ എന്ന വ്യക്തിയുമായി സൗഹൃദം മാത്രമായിരുന്നു. ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയിൽ പറഞ്ഞത് പോലെ അഭിഭാഷകൻ കൃഷ്ണരാജിനെതിരേയും കേസെടുത്തു. കേസെടുക്കും എന്ന് പറഞ്ഞിരുന്നുവെന്നും അത് സംഭവിച്ചുവെന്നും അവർ പറഞ്ഞു. എനിക്ക് അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയുണ്ട്. ഇപ്പോൾ മനസ്സിലാക്കാൻ കഴിയില്ലേ എന്ത് തരം ആക്രമണമാണ് താൻ നേരിടുന്നതെന്നും സ്വപ്ന ചോദിച്ചു.
എഡിറ്റ് ചെയ്ത് ആണ് ഓഡിയോ പുറത്ത് വിട്ടത് എന്ന് പറയുന്നവർക്ക് ഇന്നത്തെ അഭിഭാഷകനെതിരായ കേസോടെ കാര്യങ്ങൾ വ്യക്തമായിട്ടുണ്ടാകും. ഷാജ് കിരൺ ചെയ്ത കാര്യങ്ങൾ തന്നെയാണ് താനും ചെയ്തത്. എന്നിട്ട് അയാൾക്കെതിരെ കേസെടുത്തില്ല. കെ.ടി. ജലീൽ തനിക്കെതിരെ മാനനഷ്ടത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ഷാജ് പറഞ്ഞ കാര്യങ്ങളും മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. എന്നിട്ടും തന്നെ മാത്രം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വേട്ടയാടുകയാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
ഷാജ് കിരൺ വോയിസ് ക്ലിപ്പിൽ പറഞ്ഞത്പോലയുള്ള കാര്യങ്ങളെല്ലാം നടന്നു. ഇതിൽ ഒരു കാര്യം പോലും തെറ്റായിട്ടില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ല എന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും. സരിത്തിനെതിരെയുള്ള കാര്യങ്ങൾ ഉൾപ്പെടെ ഷാജ് പറഞ്ഞതെല്ലാം സത്യമായി. തൊട്ടടുത്ത ദിവസം തന്നെ കാണാൻ വന്ന ഷാജ് താൻ നേരിടാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും വിവരിച്ചുവെന്നും സ്വപ്ന പറയുന്നു.
എന്തിനാണ് തന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വേട്ടയാടണമെങ്കിൽ ഇനിയും വേട്ടയാടിക്കോളു, പക്ഷേ ഒപ്പമുള്ളവരേ വെറുതേ വിടണം. മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാൽ ഇത് മുഴുവൻ അവസാനിക്കുമെന്നും സ്വപ്ന പറയുന്നു. തന്റെ കണ്ണുനീർ ഒരു ഭീരുവിന്റേത് അല്ലെന്നും ഒരുപാട് അനുഭവിക്കുന്ന ഒരു സ്ത്രീയുടെയാണെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് വികാരഭരിതയായി സംസാരിച്ചു തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ അവർ കുഴഞ്ഞുവീഴുകയായിരുന്നു.
മതനിന്ദ ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. ആർ.കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കൃഷ്ണരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. തൃശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
മറുനാടന് മലയാളി ബ്യൂറോ