- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് റദ്ദാക്കണമെന്ന സ്വപ്നാ സുരേഷിന്റെ ഹർജിയിൽ സർക്കാരിനോട് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; രഹസ്യമൊഴിയിലെ കേസിൽ ഇനി നിർണ്ണായകം കോടതി നിലപാട്; പ്രതീക്ഷയിൽ സർക്കാരും പ്രതിഭാഗവും
കൊച്ചി: ഗൂഢാലോചന, കലാപശ്രമ കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹരജിയിൽ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. മുന്മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് സ്വപ്ന സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്നാണ് പരാതിയിൽ ജലീൽ ആരോപിക്കുന്നത്. ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ച വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് പരാതി നൽകുകയും അതിന് പിന്നാലെ കേസെടുക്കുകയും ചെയ്തതെന്ന് സ്വപ്നയുടെ ഹരജിയിൽ പറയുന്നു.
ഗൂഢാലോചന, കലാപമുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നക്കെതിരെ പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ടോ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയതുകൊണ്ടോ ഇങ്ങനെയൊരു കുറ്റം ചുമത്താനാവില്ല. രാഷ്ട്രീയ പ്രതിഷേധങ്ങളെ കലാപ ശ്രമമായാണ് പൊലീസ് ചിത്രീകരിക്കുന്നത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനിനെറ്റോ എന്നിവർക്കു പുറമേ പല ഉദ്യോഗസ്ഥരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ഈ വസ്തുതകളെല്ലാം വ്യക്തമാക്കി മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ഇരകൾക്ക് സംരക്ഷണം നൽകാനുള്ള 2018 ലെ വിക്ടിം പ്രൊട്ടക്ഷൻ സ്‌കീം പ്രകാരം സംരക്ഷണത്തിന് അർഹതയുണ്ട്. ഇതനുസരിച്ച് സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
സാക്ഷികൾക്ക് ഭീഷണിയോ സമ്മർദമോ ഇല്ലാതെ മൊഴി നൽകാനും അന്വേഷണവുമായി സഹകരിക്കാനും സാഹചര്യമൊരുക്കുകയെന്നതാണ് ഈ സ്‌കീമിന്റെ ലക്ഷ്യം. രഹസ്യമൊഴി നൽകിയതിന്റെ പേരിൽ കേസെടുത്തത് ഈ ലക്ഷ്യത്തിന് വിരുദ്ധമാണ്. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് നൽകിയ അപേക്ഷയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കോടതി രേഖകളുടെ ഭാഗമായിക്കഴിഞ്ഞ സത്യവാങ്മൂലം പൊതുരേഖയായതിനാൽ അതിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമല്ലെന്നും ഹരജിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ