കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം രണ്ടാംഘട്ടത്തിലേക്കു കടക്കുമ്പോൾ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയെടുക്കൽ ബുധനാഴ്ച തുടങ്ങും. സ്വപ്ന നൽകിയ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും കേസിൽ തെളിവെടുപ്പുകൾ തുടങ്ങുക. കസ്റ്റംസ് കേസിൽ സ്വപ്‌ന നൽകിയ രഹസ്യ മൊഴിയും ഇഡിയുടെ കൈയിൽ എത്തും. ഇതു രണ്ടിനും സമാനതകൾ ഏറെയാണെന്നാണ് പ്രാഥമിക സൂചന. അതുകൊണ്ട് തന്നെ പല പ്രമുഖരും ഇഡി നിരീക്ഷണത്തിലാണ്. മൂന്ന് ദിവസത്തിൽ അധികം സ്വപ്‌നയുടെ മൊഴി എടുക്കൽ നീളും. ഇഡിയെ വിശ്വാസമാണെന്ന് സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്.

ആരെയൊക്കെ ചോദ്യംചെയ്യാൻ വിളിപ്പിക്കണം എന്നതിലും തീരുമാനമാകും. രണ്ടു രഹസ്യമൊഴിയും പരിശോധിക്കുന്ന അന്വേഷണ ഏജൻസി എന്ന നിലയിൽ സമഗ്രമായ അന്തിമറിപ്പോർട്ട് തയ്യാറാക്കാനാണ് ഇ.ഡി. ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. ഇതെല്ലാം സ്വപ്‌നയുടെ വിശദ മൊഴി എടുത്ത ശേഷം മാത്രമേ തീരുമാനിക്കൂ. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനേയും ചോദ്യം ചെയ്യും. കേന്ദ്രാനുമതിയോടെയാണ് ഇഡിയുടെ നീക്കങ്ങൾ. സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾക്ക് തെളിവിന്റെ അടിസ്ഥാനമുണ്ടോ എന്നും പരിശോധിക്കും.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മറ്റ് ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും സ്വപ്ന പരാമർശിച്ച സാഹചര്യത്തിലാണ് ഇ.ഡി.യുടെ രണ്ടാംഘട്ട അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങും. അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കസ്റ്റംസിന് ഒന്നരവർഷം മുമ്പ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡി.ക്കു നൽകാൻ വിധിയായെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.

ഇതുകൂടി ലഭിച്ചശേഷം രണ്ടു രഹസ്യമൊഴികളും താരതമ്യം ചെയ്ത് ആവശ്യമെങ്കിൽ കൂടുതൽ വ്യക്തതവരുത്താൻ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സ്വപ്ന ബുധനാഴ്ച രാവിലെ ഇ.ഡി. ഓഫീസിൽ ഹാജരാകുമെന്നാണു കരുതുന്നത്. സ്വപ്നയുടെ രഹസ്യമൊഴി പരിശോധിച്ചുള്ള ചോദ്യങ്ങൾക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ എം. ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമർശങ്ങളിലും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും. ഇത് ജാമ്യ വ്യവസ്ഥ ശിവശങ്കർ ലംഘിച്ചതിന് തെളിവായി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതയും ഇഡി തേടും.

സ്വപ്നയുടെ മൊഴി രേഖപ്പെടുത്തൽ ഒറ്റത്തവണകൊണ്ട് പൂർത്തിയാക്കാനല്ല ഇ.ഡി. ലക്ഷ്യമിടുന്നത്. രഹസ്യമൊഴിയിലെ പല ആരോപണങ്ങൾക്കും കൂടുതൽ വ്യക്തതവരുത്തേണ്ടതുണ്ട്. കേസിലെ കള്ളപ്പണയിടപാടിലേക്ക് ഇവ ബന്ധപ്പെടുത്താനായാലേ ഇ.ഡി.യുടെ അന്വേഷണം മുന്നോട്ടുപോകൂ. ഇതിനാൽ ഓരോ ആരോപണത്തിലും കൃത്യമായ നിയമോപദേശം തേടിയശേഷമാവും ഇ.ഡി. നടപടികൾ. എന്നാൽ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിന് യാതൊരു തടസ്സവും ഉണ്ടാകില്ല. എന്നാൽ സ്വപ്‌നയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ആരേയും ഇഡി കണ്ണും അടച്ച് പ്രതിയാക്കില്ല.