- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിന് ആശ്വാസം; സ്വപ്നാ സുരേഷിന് തിരിച്ചടി; തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമെന്ന് വിലയിരുത്തി ജസ്റ്റീസ് സിയാദ് റഹ്മാൻ
കൊച്ചി: തിരുവനന്തപുരത്തും, പാലക്കാട്ടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. സർക്കാരിന് ആശ്വാസമാണ് ഈ വിധി. കേസുകളൊന്നും റദ്ദാക്കില്ല. ഈ ഉത്തരവിനെതിരെ സ്വപ്‌ന സുപ്രീംകോടതിയെ സമീപിക്കും.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. കുറ്റപത്രം സമർപ്പിച്ച ശേഷം കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്നും നിരീക്ഷണമുണ്ട്. ഏതായാലും വലിയ തിരിച്ചടിയാണ് സ്വപ്‌നയ്ക്ക് നേരിടേണ്ടി വരുന്നത്. സ്വപ്‌നയ്‌ക്കെതിരെ സർക്കാർ പ്രതികാരം തീർക്കാനാണ് കേസെടുത്തതെന്നായിരുന്നു ആരോപണം. അതുകൊണ്ട് തന്നെ സർക്കാരിനും പൊലീസിനും വലിയ ആശ്വാസമാണ് കോടതി വധി.
സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയാണ് ഹർജികൾ ഹൈക്കോടതി തള്ളുന്നത്. രണ്ട് ഹർജിയും ഹൈക്കോടതി തള്ളി. ഇതോടെ സ്വപ്നയെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനുമുള്ള സാധ്യത കൂടി. പൊലീസിന് കടുത്ത നടപടികൾക്ക് കരുത്തു നൽകുന്നതാണ് ഈ ഉത്തരവ്.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേത്തിന്റെ കുടുംബത്തിനുമെതിരെ മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്‌ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ സ്വപ്‌നയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നില്ല. പിന്നീട് ആ വകുപ്പുകളും ചേർത്തു.
മുന്മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്ന മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. തുടർന്ന് വീണ്ടും മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കലാപാഹ്വനത്തിന് പാലക്കാട് കേസ് രജിസ്റ്റർ ചെയ്തത്.
ജനപക്ഷം നേതാവ് പി.സി. ജോർജുമായി ചേർന്ന് സ്വപ്ന ഗൂഢാലോചന നടത്തിയെന്നും ജലീലിന്റെ പരാതിയിൽ ആരോപിച്ചിരുന്നു. പാലക്കാട് കസബ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയത്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയരാനും, സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനും സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചു.
മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും സിപിഐഎം നേതാവ് സി.പി. പ്രമോദ് കസബ പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ