തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നാലെ നടക്കുന്ന ഓരോ സംഭവങ്ങളും ജില്ല തിരിച്ച് പരിശോധിക്കാൻ പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും. നാളെ ഹൈക്കോടതിയിൽ സ്വപ്‌ന കേസ് റദ്ദാക്കാൻ ഹർജി നൽകുമെന്നാണ് സൂചന. ഇതിന് തടയിടാനാണ് അഡ്വ കൃഷ്ണരാജിനെതിരെ ജാമ്യമില്ലാ കേസ് എടുത്തതെന്നും സൂചനയുണ്ട്. ഇനി മുൻകൂർ ജാമ്യം നേടിയാൽ മാത്രമേ അഭിഭാഷകന് ഹൈക്കോടതിയിൽ വാദിക്കാനെത്തൂ. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ ഹർജി നൽകലിനെ തടഞ്ഞ് ഗൂഢാലോചന തെളിവുകൾ കണ്ടെത്താനാണ് ശ്രമം.

ഗൂഢാലോചന കേസിൽ അന്വേഷണം ശക്തമാക്കണമെന്നാണ് സർക്കാർ നൽകിയ നിർദ്ദേശമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വെളിപ്പെടുത്തലുകൾ ഇല്ലാതാക്കുക, ആരോപണം ഉയർത്തുന്നവരെ ദുർബലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ. നേരത്തേ കേന്ദ്ര ഏജൻസികൾക്കു മുമ്പിലെത്തിക്കാത്ത എന്തെങ്കിലും പുതിയ തെളിവുകളുമായാണോ സ്വപ്ന എത്തുന്നതെന്ന് കണ്ടെത്താനുള്ള ശ്രമവും പ്രത്യേക അന്വേഷണ സംഘത്തിനുണ്ട് എന്ന് മനോരമ റിപ്പോർ്ട്ട് ചെയ്യുന്നു. ഫോട്ടോ തെളിവുകൾ ഉണ്ടോ എന്ന് കണ്ടെത്താനാണ് നീക്കമെന്നാണ് മറുനാടനും ലഭിക്കുന്ന സൂചന.

നേരത്തെ  സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. ജാമ്യമുള്ള കേസിൽ ഈ ഹർജി നൽകിയതും വ്യക്തമായ പദ്ധതിയോടെയാണ്. ഷാജ് കിരണിന്റെ ഇടപാടുകൾ ഇതിലൂടെ പുറത്തു വന്നു. ഹർജിയിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തൽ നടത്തി. എഫ് ഐ ആർ റദ്ദാക്കാനുള്ള ഹർജിയിലും കൂടുതൽ വെളിപ്പെടുത്തലുണ്ടാകാൻ സാധ്യത സർക്കാർ കാണുന്നു. അതുകൊണ്ടാണ് പഴയ പോസ്റ്റിന്റെ പേരിൽ കൃഷ്ണരാജിനെതിരെ കേസെടുത്തത്.

അതിനിടെ സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ പ്രത്യേക അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയതായി സരിത എസ്.നായർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഈ കേസിൽ ആരുടെയും മൊഴിയെടുത്തിയിട്ടില്ലെന്ന് അന്വേഷണസംഘത്തലവൻ എസ്‌പി എസ്.മധുസൂദനൻ അറിയിച്ചതായും മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാളെ അന്വേഷണ സംഘത്തിന്റെ യോഗത്തിനു ശേഷം മാത്രമാകും തുടർനടപടിയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടു പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ മലയിൻകീഴിലുള്ള തന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയെന്നാണു സരിത മാധ്യമങ്ങളോടു പറഞ്ഞത്.

ഇത് അന്വേഷണ സംഘം നിഷേധിക്കുമ്പോൾ ആശയക്കുഴപ്പവും തുടങ്ങി കഴിഞ്ഞു. ഇതോടെ സരിതയുടെ വീട്ടിൽ എത്തിയത് ആരാണെന്ന ചോദ്യവും ബാക്കിയാകുന്നു. ആരാണ് സരിതയുടെ മൊഴി എടുത്തതെന്ന ചോ്ദ്യം ചർച്ചകളിലേക്ക് എത്തി കഴിഞ്ഞു. ക്രൈംബ്രാഞ്ച് എസ്‌പി. എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. വിവിധ ജില്ലകളിലുള്ളവരാണ് അംഗങ്ങൾ. ഇവരോട് പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കാനുള്ള നിർദ്ദേശം അന്വേഷണമേധാവി ഇതിനകം നൽകിയിട്ടുണ്ട്.

അന്വേഷണസംഘത്തിന്റെ ആദ്യയോഗം തിങ്കളാഴ്ച തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിലാകും ലഭ്യമായ വിവരങ്ങളും ഉയർന്നുവന്ന പരാതികളും വിലയിരുത്തി അന്വേഷണത്തിന് കർമപദ്ധതി തയ്യാറാക്കുക. പത്ത് ഡിവൈ.എസ്‌പി.മാരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവർക്ക് പത്ത് ദൗത്യങ്ങൾ നൽകി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചിക്കുന്നത്. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തിങ്കളാഴ്ചതന്നെ തയ്യാറാക്കും.

സ്വപ്നാ സുരേഷ്, പി.സി. ജോർജ് എന്നിവരാണ് കെ.ടി. ജലീൽ നൽകിയ പരാതിയനുസരിച്ച് പ്രതികൾ. ഷാജ് കിരൺ-സ്വപ്ന സംഭാഷണം പുറത്തുവന്നത് ഉൾപ്പെടെ പരാതിക്കുശേഷവും ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതും അന്വേഷണസംഘം പരിശോധിക്കും.