- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയിൽ മൂന്നു പേജ് ചോർത്തിയതിലെ അന്വേഷണം ചെന്നു നിൽക്കുന്നത് ധനമന്ത്രിയുടെ ഓഫീസിലോ? ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ള മൊഴി പരസ്യപ്പെടുത്തിയതിൽ ഒരാൾ തോമസ് ഐസക്കിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം; തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്തെന്നും സമ്മതിച്ച് തോമസ് ഐസക്കിന്റെ വിശ്വസ്തൻ; മൊഴി ചോർച്ചയിൽ ഡിജിറ്റൽ റൂട്ട് മാപ്പും തയ്യാർ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ചോർന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്സണൽ സ്റ്റാഫിലെ ഒരാളിൽനിന്ന് കസ്റ്റംസ് വിവരങ്ങൾ തേടി. മൊഴിപ്പകർപ്പ് പരസ്യപ്പെടുത്തിയതിൽ ഒരാളാണ് ഇദ്ദേഹമെന്ന് വ്യക്തമായതിനെത്തുടർന്നാണിതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കസ്റ്റംസിനുള്ളിൽനിന്നാണ് ഇയാൾക്ക് മൊഴിപ്പകർപ്പ് എത്തിയതെന്നാണ് സംശയമെന്നും മാതൃഭൂമി വിശദീകരിക്കുന്നു.
സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയിൽ മൂന്നുപേജാണ് പുറത്തായത്. ഇത് ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ളതായിരുന്നു. അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു മൊഴിപ്പകർപ്പ് ചോർന്നത്. ഇതിന് പിന്നിൽ ബിജെപി ഗൂഢാലോചന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസിലെ ഇന്റലിജൻസ് ഇക്കാര്യത്തിൽ അന്വേഷണവും തുടങ്ങി. അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതായും വാർത്ത എത്തി. ഇതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ ഓഫീസിലെ സ്റ്റാഫിനെ പ്രതിസ്ഥാനത്തു നിർത്തി മാതൃഭൂമി വാർത്ത നൽകുന്നത്.
സ്വർണക്കടത്ത് അന്വേഷണസംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ പ്രിവന്റീവിന്റെ ചുമതലയിൽനിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മൊഴി പുറത്തായതിനെത്തുടർന്നാണ് ഇതെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനം, അന്വേഷണസംഘം എന്നിവടങ്ങളിൽനിന്നാണ് മൊഴി ചോർന്നതെന്ന് വ്യക്തമായതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽനിന്ന് വിവരങ്ങൾ തേടിയത്. മൊഴിപ്പകർപ്പ് ലഭിച്ചതും അത് പങ്കുെവച്ചതും പഴ്സണൽ സ്റ്റാഫ് അംഗം നിഷേധിച്ചില്ല.
തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്തെന്നും ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ സാഹചര്യം ഉറവിടം കണ്ടെത്താൻ കസ്റ്റംസ് ഇന്റലിജൻസ് അന്വേഷണം തുടരുകയാണ്.
കസ്റ്റംസ് പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾക്ക് നൽകും. ആവശ്യമെങ്കിൽ സിബിഐ. അന്വേഷണത്തിനും ശുപാർശചെയ്തേക്കും. വളരെ ഗൗരവത്തോടെയാണ് മൊഴി ചോർന്നതിനെ കസ്റ്റംസ് നോക്കി കാണുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥനായ അനീഷ് രാജിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.
ഇദ്ദേഹത്തെ പിന്നീട് നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. ഇതിന്റെ പ്രതികാരത്തിൽ ഇടതു പക്ഷക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് അനിൽ നമ്പ്യാരുടെ മൊഴി പുറത്തു വിട്ടതെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് അന്വേഷണം. അന്വേഷണത്തെ തടസ്സപ്പെടുത്തൽ, രഹസ്യങ്ങൾ ചോർത്തൽ എന്നിവയുൾപ്പടെയുള്ള വകുപ്പുകൾ ചുമത്താവുന്ന കുറ്റമാണിതെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. മൊഴി പുറത്തായത് വിവാദമായതിനെത്തുടർന്ന് അന്വേഷണസംഘത്തിലുൾപ്പടെയുള്ളവരുടെ ഡിജിറ്റൽ റെക്കോഡുകൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പരിശോധിച്ചിരുന്നു.
മൊഴിപ്പകർപ്പ് ആർക്കൊക്കെ കൈമാറിയെന്നതിന്റെ 'ഡിജിറ്റൽ റൂട്ട്മാപ്പ്' കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽനിന്നും വിവരങ്ങൾ ആരായാനിടയുണ്ട്. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് കസ്റ്റംസും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും മൊഴി ചോർച്ചയെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.
മൊഴി ചോർത്തിയത് ആരായാലും നടപടി ഉണ്ടാകും. കസ്റ്റംസിലെ ഉദ്യോഗസ്ഥരായാലും നടപടി എടുക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ