- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിനെ വെള്ളപൂശുന്ന സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നിൽ വനിതാ പൊലീസ് ഇടത് അനുഭാവി; മുഖ്യ ആസൂത്രകനായി നിന്നത് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ്; സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ കാവൽ നിർത്തിയവരെല്ലാം ഇടതു ആഭിമുഖ്യമുള്ളവർ; സർക്കാർ അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് കേന്ദ്ര ഏജൻസികൾ
കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ സർക്കാർ കരണങ്ങൾ ഉണ്ടെന്ന നിഗമനത്തിലേക്കണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പോക്ക്. മുഖ്യമന്ത്രിയിലേക്കും മറ്റ് ഉന്നതരിലേക്കും അന്വേഷണം നീളുമെന്ന ഭയം കൊണ്ടാണ് സ്വപ്നയെ കൊണ്ട് സർക്കാറിനെ ക്ലീൻചിറ്റ് നൽകുന്ന വിധത്തിലുള്ള ശബ്ദരേഖ തുടക്കത്തിൽ പുറത്തുവിട്ടത്. ഇങ്ങനെ ശബ്ദരേഖ പുറത്തുവന്നതിൽ ഇടതു കേന്ദ്രങ്ങളിൽ നിന്നുള്ള സംഘടിതമായ ഗൂഢാലോചനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ശബ്ദരേഖ റെക്കോർഡ് ചെയ്യുന്നതിൽ അടക്കം മുഖ്യപങ്കാളിയായി നിന്നത് കേരളാ പൊലീസ് അസോസിയേഷനിലെ ഒരു സംസ്ഥാന നേതാവാണ്. സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റിക്കോർഡ് ചെയ്യാൻ സഹായിച്ചത് തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയർ സിവിൽ പൊലീസ് ഓഫിസറാണെന്നുമാണ് പുറത്തുവരുന്ന സൂചന. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും ഇതു റിക്കോർഡ് ചെയ്യുന്നതിലും പുറത്തുവിടുന്നതിലും പങ്കാളിയായതായി സൂചനയുണ്ട്.
വനിതാ പൊലീസ് വിളിച്ചുതന്ന ഫോണിൽ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണു പുറത്തുവന്നതെന്നും സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയതിനെത്തുടർന്ന് കേന്ദ്ര ഏജൻസികൾ ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം 5 വനിതാ പൊലീസുകാരാണു സ്വപ്നയ്ക്കു കാവലുണ്ടായിരുന്നത്. ഇവരെല്ലാം ഇടത് അനുഭാവികളാണ്. സ്വപ്നയെ ഒരു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ് മറ്റു 2 വനിതാ പൊലീസുകാർ കാവലിനുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പൊലീസുകാരെ സ്ഥിരമായി കാവലിനു നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നു കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു. കേസിലെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കാണിച്ചു കോടതിയെ ഇക്കാര്യങ്ങൾ അറിയിക്കാനാണ് പൊലീസിന്റെ ശ്രമം. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നിൽ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വർണക്കടത്തു കേസ് പ്രതി സമ്മതിച്ചതായാണ് സൂചന. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ ശബ്ദ രേഖാ ചോർച്ചയിലെ കണ്ടെത്തലുകൾ മറ്റ് ഏജൻസികളേയും അറിയിച്ചു. ഉന്നത നിർദ്ദേശപ്രകാരം സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായി ഈ വിഷയത്തിൽ ചോദ്യം ചെയ്തത്. ഒടുവിൽ സംഭവിച്ചത് സ്വപ്ന വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കേരളാ പൊലീസ് പ്രതിക്കൂട്ടിലായത്.
കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയിൽ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോൺ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന അറിയിച്ചു. ഇങ്ങനെ സംസാരിക്കുമ്പോഴാണ് ശബ്ദം മറുതലയ്ക്കലിൽ റിക്കോർഡ് ചെയ്തത്. ഇതോടെ ജയിലിൽ നിന്നല്ല ശബ്ദം ചോർന്നതെന്ന് വ്യക്തമാകുകയാണ്. നേരത്തെ അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ ചർച്ചയായിരുന്നു. ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്.
ഇതിനിടെയാണ് ഫോൺ സംഭാഷണത്തിന് പിന്നിലെ നാടകങ്ങൾ സ്വപ്ന തന്നെ വെളിപ്പെടുത്തുന്നത്. ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സംഭാഷണം റിക്കോർഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോർന്നതെന്നും സ്വപ്ന അറിയിച്ചു. നവംബർ 18ന് ഒരു ഓൺലൈൻ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചു. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് അന്ന് നടന്നതെന്നാണ് പൊതുവേ ഉയർന്ന വിലയിരുത്തൽ.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും കൃത്യമായി വായിച്ചുനോക്കാൻ സാവകാശം നൽകാതെ മൊഴിപ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയർത്തിയിരുന്നു. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാൻഷ്യൽ നെഗോസ്യേഷൻ' നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്. ഇതിലൂടെ കേന്ദ്ര ഏജൻസികളെ സംശയത്തിൽ നിർത്താനായിരുന്നു നീക്കം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികൾ ചോർച്ചയിൽ അന്വേഷണം നടത്തിയത്.
നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകാനാണു കേന്ദ്ര ഏജൻസികളുടെ സംയുക്ത തീരുമാനം. ശബ്ദസന്ദേശം ചോർന്നതിനെക്കുറിച്ച് ജയിൽ ഡിജിപിയുടെ അഭ്യർത്ഥന പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. സ്വപ്നയുടെ മൊഴിയെടുക്കാൻ അവസരമില്ലാതിരുന്നതാണു കാരണം. അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല സംഭവമെന്നായിരുന്നു ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ഇത് ശരിവയ്ക്കുകയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണവും.
മറുനാടന് മലയാളി ബ്യൂറോ