- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ സത്യം പറയുമെന്ന വിശ്വാസത്തിൽ കേന്ദ്ര ഏജൻസികൾ;മന്ത്രിയുടെ രണ്ട് മക്കൾക്കും ബന്ധം; സ്വപ്ന കസ്റ്റംസിനോട് നടത്തിയത് ഉന്നതരുടെ ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകൾ; ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളും പരിശോധനയിൽ; റിവേഴ്സ് ഹവാലയെ ഗൗരവത്തോടെ കണ്ട് ഇഡിയും
തിരുവനന്തപുരം: യു എ ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖർ ഉൾപ്പടെ ഉന്നതരുടെ കള്ളപ്പണം ഡോളർ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയിൽ ചടുലനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉൾപ്പെടെ പ്രമുഖരുടെ പേരുകൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡി ഉടൻ ചോദ്യം ചെയ്യും.
സ്വപ്നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ വീണ്ടെടുത്തുവെന്ന വാർത്തയും എത്തുകയാണ്. ദുബായിലെ ഭരണക്രമം പഠിക്കാൻ കോൺസുലേറ്റിന്റെ ചെലവിൽ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയിൽ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജൻസികൾക്കു ലഭിച്ചവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇഡി എത്തുന്നത്. ഇതോടെ അതിശക്തമായ അന്വേഷണം നടത്തും.
അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യു.എ.ഇയിലേക്കു കടത്തിയ റിവേഴ്സ് ഹവാലാ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇ.ഡിയുടെ നീക്കം. സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇ.ഡി ഇന്നലെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.
അപേക്ഷ അടുത്ത ദിവസംതന്നെ കോടതി പരിഗണിച്ചേക്കും. നിയമസഭാ സ്പീക്കറുടെ ഉൾപ്പെടെ പേരുകൾ ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് ഇ.ഡി തിരുവനന്തപുരത്ത് എത്തുന്നത്. ചില മന്ത്രിമാരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കേരള കൗമുദി പറയുന്നു ഒരു മന്ത്രിയുടെ രണ്ടു മക്കൾ അന്വേഷണപരിധിയിലാണെന്നും വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് പോകുകയാണ്.
ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരവും കിട്ടിയെന്നാണ് റിപ്പോർട്ട്.. പൊലീസുമായി ബന്ധപ്പെട്ട വൻ ഇടപാടിലും ഈ മന്ത്രിബന്ധു സംശയമുനയിലാണെന്നും കേരള കൗമുദി പറയുന്നു. രണ്ടു പേർക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവർക്കായി കള്ളപ്പണ ഇടപാട് നടത്തിയതും ഇഡി പരിശോധിക്കും. മറ്റൊരു ഉന്നതൻ ഷാർജയിൽ അന്താരാഷ്ട്ര സർവകലാശാല സ്ഥാപിക്കാനാണ് ഒരുങ്ങിയത്.
ഒരു വൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിക്കായി ചർച്ചകളും പണമിടപാടുകളും നടത്തിയതായും സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഉണ്ടെന്ന് കേരള കൗമുദി ഇന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ