- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്കൊല്ലം പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ് ഹൗസിൽ എത്തി... അതിൽ നാലു സന്ദർശനം ജൂണിൽ! ടവർ ലൊക്കേഷനും ജി.പി.സി. ലൊക്കേഷനും പരിശോധിച്ചപ്പോൾ ക്ലിഫ് ഹൗസിന്റെ 76.9535 എന്ന ലോഞ്ചിറ്റിയൂഡിൽ സ്വപ്നയുടെ സാന്നിധ്യം ഇഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്; സ്വപ്നയ്ക്കൊപ്പം യു.എ.ഇ സന്ദർശിച്ചവരുടെ കൂട്ടത്തിൽ നിയമസഭയിലെ പ്രമുഖനായ ഒരു വ്യക്തിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം; പത്തനംതിട്ടയിൽ നിന്നുള്ള എക്സ്ക്ലൂസീവിലുള്ളത് രാഷ്ട്രീയ ഭൂകമ്പത്തിനുള്ള ചേരുവകൾ
പത്തനംതിട്ട : സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മംഗളം പത്രം. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പലതവണ എത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സൂചന ലഭിച്ചുവെന്നാണ് മംഗളത്തിന്റെ വാർത്ത. പത്തനംതിട്ട ബ്യൂറോ ചീഫ് സജിത്ത് പരമേശ്വരനാണ് കേരള രാഷ്ട്രീയത്തെ ഏറെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഇക്കൊല്ലം പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയിട്ടുണ്ടെന്നും അതിൽ നാലു സന്ദർശനം ജൂണിലായിരുന്നെന്നും മൊബൈൽ ടവർ ലൊക്കേഷൻ വിലയിരുത്തി ഇ.ഡിയുടെ നിഗമനം. ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട ടവർ ലൊക്കേഷനും ജി.പി.സി. ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ക്ലിഫ് ഹൗസിന്റെ ലോഞ്ചിറ്റിയൂഡിൽ സ്വപ്നയുടെ മൊബൈൽ നമ്പർ കണ്ടെത്തിയത്. 76.9535 എന്നതാണ് ക്ലിഫ് ഹൗസിന്റെ ലോഞ്ചിറ്റിയൂഡ്. ഇവിടെ സ്വപ്നയുടെ നമ്പർ പല തവണ കണ്ടു. എന്നാൽ, സി.സി. ടിവി ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ ക്ലിഫ് ഹൗസിൽ അവർ എത്തിയിരുന്നെന്നു തെളിയിക്കാൻ കഴിയൂ. വന്നിരുന്നതു മുഖ്യമന്ത്രിയെ നേരിൽ കാണാനായിരുന്നെന്നും ഇ.ഡി. ഉദ്യോഗസ്ഥർ കരുതുന്നുവെന്നും മംഗളം പറയുന്നു.
അതിനിടെ സ്വപ്നയുടെ ആദ്യ ഭർത്താവിന്റെ വീട് ക്ലിഫ് ഹൗസിന് തൊട്ടടുത്താണ്. എന്നാലും ക്ലിഫ് ഹൗസിലെ ലോഞ്ചിറ്റിയൂഡും ഭർത്താവിന്റെ വീടിലേതിനും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം കൃത്യമായി കണ്ടെത്താൻ അന്വേഷകർക്കാർക്കാകും. നേരത്തെ പല സംശയങ്ങളും ഇതു സംബന്ധിച്ചുയർന്നിരുന്നു. ഈ ചർച്ചകൾക്ക് പുതിയ തലം നൽകുന്നതാണ് മംഗളത്തിലെ എക്സ്ക്ലൂസീവ് വാർത്ത. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് ഇഡി തയ്യാറുമല്ല. സ്വപ്നാ സുരേഷിന് ഉന്നത ബന്ധങ്ങളുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും നേരത്തെ തന്നെ കോടതിയെ ഇഡി അറിയിച്ചിട്ടുണ്ട്.
സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും തന്റെ പക്കൽനിന്നു പലതവണ കടം വാങ്ങിയിരുന്നെന്നുമുള്ള എം. ശിവശങ്കറിന്റെ മൊഴി ഏറെ സംശയങ്ങൾ ഉയർത്തുന്നതാണ്. അദ്ദേഹത്തെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നതരായ പലർക്കും സ്വപ്നയുമായി ബന്ധമുണ്ടായിരുന്നുവെന്ന നിഗമനവും ശക്തമാണെന്ന് മംഗളം വിശദീകരിക്കുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ടും അല്ലാതെയും സ്വപ്നയ്ക്കൊപ്പം യു.എ.ഇ സന്ദർശിച്ചവരുടെ കൂട്ടത്തിൽ നിയമസഭയിലെ പ്രമുഖനായ ഒരു വ്യക്തിയുമുണ്ടെന്നാണു സൂചന.
സ്വപ്നയ്ക്കൊപ്പം വിദേശത്തുണ്ടായിരുന്നവരിൽ ശിവശങ്കർ ഒഴികെയുള്ളവരുടെ പേരുകൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. യാത്രയുടെ ലക്ഷ്യമെന്തെന്നോ അവർ എവിടെയൊക്കെ പോയെന്നോ അറിവില്ല. നിയമസഭയുമായി ബന്ധമുള്ള ഉന്നതൻ നയപരമായ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന സ്ഥാനത്തല്ലെന്നിരിക്കെ അദ്ദേഹത്തിന്റെ യാത്രകളുടെ ലക്ഷ്യം ദുരൂഹമാണ്. അറബിയിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യമാണ് സ്വപ്നയ്ക്ക് പലപ്പോഴും തട്ടിപ്പിനു സഹായകമായത്.ഈ കഴിവിനെ മാനിച്ചാണ് സ്വപ്നയെ ഒപ്പം കൂട്ടാൻ സർക്കാർ പലപ്പോഴും ശിവശങ്കരന് മൗനാനുവാദം നൽകിയതെന്നു സൂചനയുണ്ട്.
സ്വപ്നയുടെ ഈ മികവ് ശിവശങ്കരൻ മുഖ്യമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ടെന്നാണു സൂചന. സ്വപ്നയും ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരും തമ്മിൽ ഉറ്റ ബന്ധമുണ്ടെന്ന നിഗമനം ശക്തമാണ്. ശിവശങ്കറിലൂടെയാണ് വേണുഗോപാൽ അയ്യർ, സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടത്. വിവിധ മാർഗങ്ങളിലൂടെ ലഭിച്ച പത്തുകോടിയോളം രൂപ നികുതി വെട്ടിച്ച് ലോക്കറിൽ വയ്ക്കുകയെന്ന തന്ത്രം ഈ കൂട്ടായ്മയിലാണ് ഉരുത്തിരിഞ്ഞതെന്നും 2018 നവംബറിൽ സ്വപ്നയുടെയും അയ്യരുടെയും പേരിൽ ലോക്കർ എടുത്തതെന്നും ഇ.ഡി. കരുതുന്നു.
ഇതിൽനിന്നു പലപ്പോഴും പണം പുറത്തെടുത്തിട്ടുണ്ട്. താക്കോൽ അയ്യരുടെ പക്കലായിരുന്നതിനാൽ, പണമിടപാടുകൾ ശിവശങ്കറിന്റെ അറിവോടെയായിരുന്നിരിക്കണം. താക്കോൽ അയ്യരുടെ കൈവശം സൂക്ഷിച്ചിരുന്നതു ലോക്കറിന്മേൽ സ്വപ്നയ്ക്ക് എത്രത്തോളം അധികാരമുണ്ടായിരുന്നു എന്ന സംശയത്തിനും കാരണമായിട്ടുണ്ടെന്ന് മംഗളം വാർത്ത വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ