- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകും
കൊച്ചി: സർണ്ണത്തോട് മാത്രമല്ല വിദേശ കറൻസിയോടും അതീവ താൽപ്പര്യമായിരുന്നു സ്വപ്നാ സുരേഷിന്. സ്വർണ്ണത്തിനൊപ്പം ഡോളറും സ്വപ്ന കടത്തി. കോവിഡ് കാലമായതോടെയാണ് സ്വപ്നയുടെ നല്ലകാലം തുടങ്ങിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശകറൻസികളും കടത്തിയതായി മൊഴി. ഇതോടെ സ്വർണ്ണ കടത്ത് കേസിൽ എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ ഇടപെടലും നിർണ്ണായകമാകും, ഇഡിയും നോട്ട് കടത്തിൽ കരുതലോടെ അന്വേഷണം തുടങ്ങും.
സ്വർണ്ണവും കറൻസിയും കടത്തുന്ന നിരവധി സംഘങ്ങൾ കേരളത്തിലുണ്ട്. എന്നാൽ കൊറോണയായതോടെ സാധാരണ വിമാനങ്ങൾക്ക് യാത്രാ വിലക്ക് എത്തി. ഇതോടെ കാരിയർമാരിലൂടെ കടത്തിന് മാഫിയകൾക്ക് കഴിയാതെ വന്നു. ഈ സാഹചര്യം നയതന്ത്ര ബാഗിന്റെ പിൻബലത്തിൽ മറികടക്കുകയായിരുന്നു സ്വപ്ന. യുഎഇയിൽ എൻഐഎ നടത്തി അന്വേഷണത്തിലാണ് സുപ്രധാന വിവരങ്ങൾ കിട്ടിയത്. ദേശീയ അന്വേഷണ ഏജൻസി യുഎഇ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്ത ചിലരിൽ നിന്ന് ഞെട്ടിക്കുന്ന പല സൂചനകളും എൻഐഎയ്ക്ക് കിട്ടി. സംഭവത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. ഇതോടെ സ്വർണ്ണ കടത്തിൽ വ്യാപ്തി കൂടുകയാണ്.
കോവിഡിലെ പ്രതിസന്ധിയെ മറികടക്കാനും പ്രവാസികൾക്ക് താങ്ങാകാനും ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം തുടങ്ങി. ഇവരുടെ ബാഗേജുകൾ പരിശോധിച്ചു കയറ്റിവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ഈ യാത്രക്കാർക്കുള്ള വിമാനടിക്കറ്റുകളെടുത്തു നൽകിയതു തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിന്നാണെന്ന മൊഴികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഇതും കടത്തിന് തുണയായി എന്നാണ് റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കളിക്ക് കൂട്ടു നിന്നുവെന്നാണ് വിലയിരുത്തൽ. വന്ദേഭാരത് വിമാനങ്ങളിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു വിദേശികളെ ദുബായിലേക്കു കയറ്റിവിടാൻ സ്വപ്ന നേരിട്ട് ഇടപെട്ടതിന്റെ രേഖകളും തെളിവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.. സ്വപ്ന വൻതോതിൽ വിദേശ കറൻസി ശേഖരിച്ചതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചെങ്കിലും അതിനി കണ്ടെടുക്കേണ്ടത് അനിവാര്യതയാണ്. സ്വപ്നയുടെ ലോക്കറുകൾ പരിശോധിച്ചപ്പോൾ 8034 യുഎസ് ഡോളറും 711 ഒമാൻ റിയാലും മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
3 അന്വേഷണ ഏജൻസികൾ 34 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിട്ടും വിദേശ കറൻസികൾ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് നിർണ്ണായക വിവരങ്ങളൊന്നും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരും. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി വിവര നേരത്തെ പുറത്തു വന്നിരുന്നു. ഉദ്യോഗസ്ഥൻ തന്നെയാണ് എൻ.ഐ.എ.യോട് ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എൻ.ഐ.എ.കണ്ടെത്തി.
ഇതിനൊപ്പമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനാണ് ഈ വിവരങ്ങൾ നൽകിയത്. ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം. യു.എ.ഇ.യിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആണ് ഈ പദ്ധതിക്ക് പണം നൽകിയിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന് യൂണിടാക്കിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാൻഫർ ചെയ്തതിനുശേഷമാണ് ഡോളർ വാങ്ങിപ്പിച്ചത്.
കോൺസുലറ്റിന്റെ ആറ് അക്കൗണ്ടുകളിൽ ഒന്നിൽനിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനുപിന്നിൽ. തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരിൽനിന്നുമാണ് ഡോളർ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യൻ കറൻസി ആയി യൂണിടാക് ഉന്നതൻ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ച് തന്നു എന്നും എൻ.ഐ.എ.യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. ''ഡോളർ സംഘടിപ്പിച്ച് നൽകിയത് അന്നുതന്നെ ഈ ഉദ്യോഗസ്ഥൻ തന്റെ ബാങ്കിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, കോൺസുലേറ്റ് അയച്ച തുക യൂണിടാകിന്റെ അക്കൗണ്ടിലേക്ക് വരാൻ വൈകി എന്നും അതിന് സ്വപ്നതന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥൻ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനെ കോൺസുലറ്റിലേക്ക് വിളിപ്പിച്ചാണ് സ്വപ്ന ശാസിച്ചിരുന്നത്. അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മറ്റുമെന്നും ഭീഷണി പ്പെടുത്തി. നേരിട്ട് പണം ട്രാൻസ്ഫർ ചെയ്ത ശേഷം എന്തിന് ഡോളർ കള്ളത്തരത്തിൽ വാങ്ങി എന്നതിൽ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാൻ ആവും ഇത് എന്നാണ് നിഗമനം. 5.25 കോടി കൈമാറിയതിന്റെ അടുത്ത ദിവസം സാൻസ് വെൻചേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 2.25 കോടി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിന് ലൈഫ് മിഷനുമായി ഉള്ള ബന്ധവും എൻ.ഐ.എ. അന്വേഷണപരിധിയിൽ ഉണ്ട്. എന്നാൽ, കോൺസുേലറ്റിലെ മറ്റ് പ്രവൃത്തികൾക്കുവേണ്ടിയാണ് ഈ കൈമാറ്റമെങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാവില്ല.
ഹൈദരാബാദിൽ തുടങ്ങുന്ന യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകളും ഇതേ സ്വകാര്യബാങ്കിന് നൽകാമെന്നും അതിനു 'വേണ്ടത്' ചെയ്യണം എന്നും സ്വപ്ന പറഞ്ഞതായും ഈ ഉദ്യോഗസ്ഥൻ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാൽ, വഴിവിട്ട കാര്യങ്ങൾ ചെയ്ത് ഇടപാട് നേടേണ്ട എന്നായിരുന്നു ബാങ്ക് അധികൃതർ നിർദേശിച്ചത്. എൻ.ഐ.എ.യോട് പറഞ്ഞ ഈ വിവരങ്ങളോടുകൂടി ലൈഫ് മിഷൻ പദ്ധതിയിലേക്കും അന്വേഷണം നീങ്ങിയേക്കും.ഈ വിവാദത്തിന് കൂടുതൽ ബലം നൽകുന്നതാണ് വിമാനത്തിലെ വിദേശ കറൻസിയുടെ കടത്തും.
മറുനാടന് മലയാളി ബ്യൂറോ