- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞു; ആൻജിയോഗ്രാം ചെയ്യാൻ ഡോക്ടറെത്തിയപ്പോൾ വേദന പമ്പ കടന്നു; സമ്മത പത്രം എഴുതി വാങ്ങാൻ എത്തിയവരോട് പറഞ്ഞത് തന്റെ വേദന മാറിയെന്ന്; ആശുപത്രി വാസം നാടകമെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര ഏജൻസികൾ; ആപായപ്പെടുത്തുമെന്ന ഭയത്തിലെ പിന്മാറ്റമെന്ന് സ്വപ്നാ സുരേഷിന്റെ ബന്ധുക്കളും; ലക്ഷ്യം സ്വകാര്യ ആശുപത്രയിലെ പഞ്ചനക്ഷത്ര ചികിൽസ; സ്വർണ്ണ കടത്തിൽ ഇപ്പോഴും ആസൂത്രണങ്ങൾക്ക് കുറവില്ല
കൊച്ചി: നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് അപായസാധ്യത മുന്നിൽ കണ്ടാണ് ആൻജിയോഗ്രാം പരിശോധനയ്ക്കു വിസമ്മതിച്ചുവെന്ന് ബന്ധുക്കൾ. അതിനിടെ ആൻജിയോഗ്രാം നടത്തിയാൽ നെഞ്ചുവേദനയിലെ കള്ളത്തരം പുറത്തു വരുമെന്ന ഭയം കാരണമാണ് പിന്മാറ്റമെന്നും വിലയിരുത്തലുണ്ട്.
സാധാരണ നെഞ്ചുവേദനയുമായി എത്തുന്നവർക്ക് ഇസിജി എടുക്കും. അതിൽ പ്രശ്നമുണ്ടെങ്കിൽ മാത്രമേ ആൻജിയോഗ്രാം ചെയ്യാറുള്ളൂ. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയാൽ പിന്നെ ആൻജിയോപ്ലാസ്റ്റിയും. ഇസിജിയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെ സ്വപ്നയുടേത് കള്ള നെഞ്ചു വേദനയാണെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ആൻജിയോഗ്രാം നടത്താൻ തീരുമാനിച്ചത്. ഇത് വേണ്ടെന്നാണ് സ്വപ്നയുടെ നിലപാട്.
കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ആൻജിയോഗ്രാം പരിശോധനയ്ക്കു മുൻപു മലക്കം മറിയുകയായിരുന്നുവെന്നതാണ് വസ്തുത. ആൻജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോടു നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നു എന്നും വ്യക്തമാകുകയാണ്.
സ്വപ്നയെയും കെ.ടി. റമീസിനെയും ജയിലിലേക്കു തിരിച്ചയച്ചു. സ്വപ്നയെയും റമീസിനെയും എൻഐഎ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങൾ ഒഴിവാക്കാനും തുടർനടപടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിവാസം തരപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് സ്വപ്നയുടെ ജീവന് ഭീഷണിയുള്ളതിനാലാണ് ആൻജിയോഗ്രാം വേണ്ടെന്ന് വച്ചതെന്ന നിലപാടുമായി സ്വപ്നയുടെ ബന്ധുക്കളും സജീവമാകുന്നത്.
സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയതിന്റെ പിറ്റേന്നാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ഇവർക്കു സന്ദർശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയിൽ സൂപ്രണ്ടുമാർ പൊലീസിനു കത്തു നൽകിയിരുന്നു. എന്നാൽ, സ്വപ്ന ആശുപത്രി സെല്ലിനുള്ളിൽനിന്നു ഫോൺ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമായി. സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഇസിജി, ഇക്കോ പരിശോധനകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ ഒരുങ്ങിയെങ്കിലും ഇവർ നെഞ്ചുവേദന ശക്തമാണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആൻജിയോഗ്രാം നിർദേശിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൻജിയോഗ്രാം നടത്താൻ താത്പര്യമില്ലെന്നും ഉറ്റവരുടെ അനുമതിയും സാമീപ്യവുമില്ലാതെ പരിശോധന വേണ്ടെന്നും അവർ ആശുപത്രി അധികൃതരെ അറിയിച്ചു. ഇക്കാര്യം സ്വപ്നയിൽനിന്ന് എഴുതിവാങ്ങിയതായി ജയിൽവകുപ്പ് അധികൃതർ പറഞ്ഞു. വിഷയത്തിൽ ജയിൽ മേധാവി ഋഷിരാജ് സിങ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മെഡിക്കൽ കോളേജ് അധികൃതർ ആൻജിയോഗ്രാം ചികിൽസയിലേക്ക് കടന്നത്.
നെഞ്ചുവേദനയേത്തുടർന്ന് കഴിഞ്ഞ 13-നു െവെകിട്ട് ആറരയ്ക്കാണു സ്വപ്നയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വയറുവേദനയെത്തുടർന്ന് അരമണിക്കൂറിനുശേഷം കൂട്ടുപ്രതി കെ.ടി. റമീസിനെയും ആശുപത്രിയിലെത്തിച്ചു. റമീസിന് എൻഡോസ്കോപ്പി നടത്തിയെങ്കിലും ആരോഗ്യപ്രശ്നം കണ്ടെത്തിയില്ല. ഇരുവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബോർഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്നലെത്തന്നെ വിയ്യൂർ ജയിലിലേക്കു മാറ്റി.
ആൻജിയോഗ്രാം നടത്തുന്നതിനെക്കുറിച്ചു സംസാരിക്കാൻ ഭർത്താവിനെയോ സഹോദരനെയോ കാണണമെന്ന സ്വപ്നയുടെ ആവശ്യം അനുവദിച്ചില്ല. ഹൃദയധമനിയിൽ തടസമുണ്ടോയെന്നറിയാനുള്ള പരിശോധനയാണ് ആൻജിയോഗ്രാം. ഇതിനു രോഗിയുടെയോ ഉറ്റവരുടെയോ രേഖാമൂലമുള്ള അനുമതി വേണം. ജീവനു ഭീഷണിയുള്ളതായി സ്വപ്ന പരാതിപ്പെട്ടില്ലെങ്കിലും ബന്ധുക്കൾക്ക് ഈ ആശങ്കയുണ്ട്. ഇതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞതെന്ന് അവർ പറയുന്നു.
അതിനിടെ സ്വകാര്യാശുപത്രിയിൽ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും കുടുബം ആലോചിക്കുന്നു. കുടുംബാംഗങ്ങൾ രാവിലെ ആശുപത്രിയിലെത്തിയെങ്കിലും സ്വപ്നയെ കാണാനായില്ല. എന്നാൽ, എൻ.ഐ.എ. കോടതി അനുവദിച്ചതോടെ അവർ ഇന്നലെ സന്ധ്യയോടെ ജയിലിലെത്തി സ്വപ്നയെ കണ്ടു. എൻ.ഐ.എയ്ക്കു മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചതിനാൽ ഇന്നുതന്നെ സ്വപ്നയെ വിട്ടുകൊടുക്കുമെന്നു ജയിൽവകുപ്പ് അധികൃതർ പറഞ്ഞു.
മുമ്പും നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിലെത്തിച്ച സ്വപ്നയെ ആറുദിവസത്തെ ചികിത്സയ്ക്കുശേഷം മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരികെ ജയിലിലെത്തിച്ചിരുന്നു. എന്നാൽ, പിറ്റേന്നുതന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ദുരൂഹത ആരോപിക്കപ്പെട്ടു. ഇതേത്തുടർന്ന് സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന വനിതാജയിലിന്റെയും റമീസിനെ പാർപ്പിച്ചിരിക്കുന്ന അതിസുരക്ഷാജയിലിന്റെയും സൂപ്രണ്ടുമാരിൽനിന്നു ജയിൽവകുപ്പ് വിശദീകരണം തേടി.
ആശുപത്രിയിൽനിന്നു സ്വപ്ന നഴ്സിന്റെ ഫോണിൽ തിരുവനന്തപുരത്തേക്ക് ആശയവിനിമയം നടത്തിയെന്ന ആരോപണവും എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്, സ്വപ്ന ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോഴെത്തിയ വിവിഐപികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ