തിരുവനന്തപുരം: കൊഫേപോസ ചുമത്തപ്പെട്ട സ്വർണക്കടത്തുകേസ് പ്രതികൾക്കു സന്ദർശകരെ അനുവദിക്കുന്നതിനു കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്നു ജയിൽ മേധാവിയുടെ നിർദ്ദേശത്തിനെതിരെ കോടതിയെ സമീപിക്കാൻ കേന്ദ്ര ഏജൻസികളുടെ തീരുമാനം. ബുധനാഴ്ച സ്വപ്ന സുരേഷിന്റെ ബന്ധുക്കൾക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം,

ജയിൽ വകുപ്പിന്റെ ഈ നീക്കം സ്വർണക്കടത്തുകേസ് അട്ടിമറിക്കാനാണെന്ന പരാതിയാണു കസ്റ്റംസിന്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും. കേന്ദ്ര ഏജൻസികളുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ നീക്കവും. സ്വപ്‌നയുടെ രഹസ്യമൊഴി നൽകലിനേയും മറ്റും അട്ടിമറിക്കാൻ ജയിൽ വകുപ്പ് തീരുമാനം ഇട നൽകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇക്കാര്യമെല്ലാം കേന്ദ്ര ആഭ്യന്തര വകുപ്പ് ഗൗരവത്തോടെയാണ് എടുക്കുന്നത്. വിഷയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

കൊഫേപോസ പ്രതികളെ ജയിലിൽ സന്ദർശിക്കണമെങ്കിൽ കസ്റ്റംസിനെ മുൻകൂട്ടി അറിയിച്ച് അവരുടെ സാന്നിധ്യത്തിൽ ആഴ്ചയിൽ ഒരു ദിവസമേ അനുമതി നൽകിയിരുന്നുള്ളു. എന്നാൽ, 1975 ൽ സംസ്ഥാന സർക്കാർ ഇറക്കിയ കൊഫേപോസ അനുബന്ധ നിയമത്തിൽ അന്വേഷണ ഏജൻസികളുടെ അനുമതിയോ സാന്നിധ്യമോ വേണമെന്നു പറയുന്നില്ല. അതിനാൽ ജയിൽ ചട്ടപ്രകാരം കൂടിക്കാഴ്ച അനുവദിക്കാമെന്നാണു ജയിൽവകുപ്പിന്റെ വിശദീകരണം. അല്ലാത്ത പക്ഷം കസ്റ്റംസ് രേഖ ഹാജരാക്കട്ടെയെന്നാണു ജയിൽ വകുപ്പിന്റെ നിലപാട്. .

സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതു മുതൽ ജയിൽ വകുപ്പും കേന്ദ്ര ഏജൻസികളും തമ്മിൽ ഭിന്നതയുണ്ട്. പ്രതികളെ ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഏജൻസികൾ വിഡിയോ ചിത്രീകരിക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന ജയിൽ മേധാവിയുടെ ഉത്തരവും നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണു സന്ദർശനത്തിൽ കസ്റ്റംസിനെ വിലക്കുന്നത്. ഇതോടെ കസ്റ്റംസിനെതിരെ അതിശക്തമായ നിലപാട് ജയിൽ മേധാവി ഋഷിരാജ് സിങ് എടുക്കുന്നുവെന്നതിന്റെ സൂചന കൂടി കിട്ടുകയാണ്.

ഒക്ടോബർ 14നാണ് കൊഫോപോസ ചുമത്തി സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാ?റ്റിയത്. എല്ലാ ബുധനാഴ്ചയും സ്വപ്നയ്ക്ക് സന്ദർശകരെ കാണാൻ അനുമതി നൽകിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സരിത്തിനും സന്ദർശകരെ അനുവദിച്ചിരുന്നു. സന്ദർശകർക്കൊപ്പം ജയിൽ വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നത് നിർബന്ധമായിരുന്നു. ആ നിലയ്ക്ക് കസ്?റ്റംസ് ഉദ്യോഗസ്ഥനും സന്ദർശകർക്കൊപ്പം വന്നിരുന്നു.

എന്നാൽ ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നു കാണിച്ച് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം സർക്കുലറിറക്കി അട്ടക്കുളങ്ങര വനിതാ ജയിൽ, പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കൈമാറി. 1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവന്നത്. 1975ൽ കേരളം അനുബന്ധ നിയമം പാസാക്കി. ഇതുപ്രകാരം പ്രതികളെ സന്ദർശിക്കാൻ പ്രത്യേക അനുമതി വേണ്ട. ജയിൽചട്ടം അനുസരിച്ച് അനുമതി നൽകാം.

കഴിഞ്ഞ ദിവസം സ്വപ്നയുടെ ഭർത്താവും സഹോദരനും മകളും കാണാൻ വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കസ്?റ്റംസ് ഉദ്യോഗസ്ഥനെ ജയിൽ വകുപ്പ് മടക്കി അയച്ചിരുന്നു. ഇദ്ദേഹം പതിവായി സന്ദശകർക്കൊപ്പം വരാറുണ്ടായിരുന്നു.കസ്റ്റംസിന്റെ അനുമതി ഒഴിവാക്കിയാൽ ആർക്കു വേണമെങ്കിലും സ്വപ്നയെ ജയിലിലെത്തി കാണാം. ഈ സാഹചര്യമാണ് ജയിലിൽ ഒരുങ്ങുന്നത്.

ജയിലിൽ ഭീഷണിയുള്ളതായി സ്വപ്ന പരാതിപ്പെട്ടതും മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന തരത്തിൽ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നതും ജയിൽവകുപ്പും കസ്റ്റംസും തമ്മിലുള്ള സൗഹൃദാന്തരീക്ഷം നഷ്ടമാക്കിയിരുന്നു. ജയിൽ അന്തേവാസികളെ ചോദ്യംചെയ്യുന്നത് പൂർണമായും ചിത്രീകരിക്കാനും നിർദ്ദേശമുണ്ട്. ഇതിന്റെ പകർപ്പ് ഒന്നരവർഷം ജയിലിൽ സൂക്ഷിക്കണം.

പൊലീസ്, സിബിഐ, എൻ.ഐ.എ., ഇ.ഡി., കസ്റ്റംസ്, എൻ.സി.ബി. തുടങ്ങിയ ഏല്ലാ ഏജൻസികൾക്കും ഈ നിർദ്ദേശം ബാധകമാണ്. വീഡിയോ ചിത്രീകരണ സൗകര്യമില്ലാതെ വരുന്ന ഉദ്യോഗസ്ഥർക്ക് അന്തേവാസികളെ കാണാൻ അനുമതി നിഷേധിക്കും.