കൊച്ചി: മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ആഭരണനിർമ്മാണ ശാലകളിലെത്തിയ കള്ളക്കടത്തു സ്വർണം ഹൈദരാബാദ്, കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തി. ഇതിൽ നല്ലൊരു ഭാഗം കള്ളക്കടത്തു സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. നയതന്ത്ര ബാഗേജിന്റെ മറവിൽ 21 തവണയായി 169 കിലോ കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റംസ് കുറ്റപത്രത്തിലാണ് ഈ കണക്കും വിവരവും ഉള്ളത്.

സ്വർണക്കടത്തുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ള 29 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. പി.എസ്. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായർ, കെ.ടി. റെമീസ്, എ.എം. ജലാൽ, റബിൻസ് ഹമീദ് തുടങ്ങിയവരാണ് പ്രധാന പ്രതികൾ. കേസ് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഒന്നേകാൽ വർഷമാകുമ്പോഴാണ് 2700 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂലായിലാണ് നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുന്നതായി കസ്റ്റംസ് സംഘം കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രമുഖരെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിന്റെ കാരണംകാണിക്കൽ നോട്ടീസ് ലഭിച്ച ഭൂരിഭാഗം പ്രതികളും മറുപടി നൽകാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട്. കുറ്റപത്രത്തിലേക്ക് ഈ മറുപടികൾ പിന്നീട് ചേർക്കും. ഇതിനു ശേഷമാവും വിചാരണ തുടങ്ങുക.

യു.എ.ഇ. കോൺസുലേറ്റിൽ താത്കാലിക ജീവനക്കാരായിരുന്ന സ്വപ്നയും സരിത്തും സുഹൃത്ത് സന്ദീപും ഇതിനുവേണ്ട സഹായം ചെയ്യുകയും ലാഭം പങ്കിടുകയും ചെയ്തുവെന്നാണ് കേസ്. സ്വർണക്കടത്തിന് പണമിറക്കിയവരും സ്വർണം വാങ്ങിയ ജൂവലറി ഉടമകളെയും പ്രതിചേർത്തിട്ടുണ്ട്. കടത്തിയ സ്വർണ്ണത്തിൽ കൂടുതലും ആഭരണങ്ങളായി രൂപമാറ്റം വരുത്തിയെന്നാണു കസ്റ്റംസിന്റെ നിഗമനം. ചില പ്രതികളിൽനിന്നു പിടിച്ചെടുത്ത ആഭരണങ്ങളുടെ വിവരണം കുറ്റപത്രത്തിലുണ്ട്. 2020 ജൂലൈ അഞ്ചിനാണു 14.82 കോടി രൂപ വിലവരുന്ന 30.44 കിലോ ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.

കള്ളക്കടത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥർ സംസ്ഥാന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം ലംഘിച്ചു കോൺസുലേറ്റിലേക്കും കോൺസൽ ജനറലിന്റെ വസതിയിലേക്കും ക്ഷണിച്ചതായും കുറ്റപത്രം പറയുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ലംഘിച്ചു സ്വപ്നയുടെയും ശിവശങ്കറിന്റെയും സഹായത്തോടെ കോൺസൽ ജനറൽ മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയിലുൾപ്പെടെ കൂടിക്കാഴ്ച നടത്തിയ വിവരം ശിവശങ്കറിന്റെ മൊഴിയിൽ ഉണ്ട്. സ്വർണക്കടത്തിനെക്കുറിച്ച് മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് അദ്ദേഹത്തെ 29-ാം പ്രതിയാക്കാനുള്ള പ്രധാനകാരണം.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ അന്വേഷണം നടത്തിയ 3 കേന്ദ്ര ഏജൻസികളാണ് ഇതുവരെ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. കള്ളക്കടത്തു കേസിൽ കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) , നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) എൻഐഎ എന്നിവയാണു കുറ്റപത്രം സമർപ്പിച്ചത്. പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, കെ.ടി.റെമീസ് എന്നിവരാണു 3 കുറ്റപത്രങ്ങളിലും മുഖ്യപ്രതിസ്ഥാനത്തുള്ളത്. ഇഡിയും കസ്റ്റംസും മുഖ്യപ്രതിസ്ഥാനം നൽകിയ സന്ദീപ് നായർ എൻഐഎ കുറ്റപത്രത്തിൽ മാപ്പുസാക്ഷിയാണ്.

എം.ശിവശങ്കറെ കസ്റ്റംസും ഇഡിയും പ്രതിയാക്കിയപ്പോൾ എൻഐഎ സാക്ഷിപ്പട്ടികയിൽ പോലും ഉൾപ്പെടുത്തിയില്ല. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കള്ളക്കടത്തു കേസിൽ 29ാം പ്രതിയായ ശിവശങ്കർ, ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം പ്രതിയാണ്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥർ സഹായം ചെയ്തു എന്ന ആരോപണത്തിൽ എമിറേറ്റ്സ് സ്‌കൈ കാർഗോ വിമാന കമ്പനിയെ 28-ാം പ്രതിയായി ചേർത്തിട്ടുണ്ട്. കസ്റ്റംസ് ബ്രോക്കർ ഏജൻസിയായ തിരുവനന്തപുരത്തെ കപ്പിത്താൻ ഏജൻസിയെയും പ്രതിചേർത്തു.