- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിന് മന്ത്രിപുത്രൻ തലസ്ഥാനത്തെ ഹോട്ടലിൽ വിരുന്നൊരുക്കിയത് യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചതിന്; വിരുന്നിൽ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനും പങ്കെടുത്തു; വിരുന്നിന് പിന്നാലെ ലൈഫ് മിഷൻ കരാറിലും മന്ത്രിപുത്രൻ ഇടനിലക്കാരനായി; ചിത്രം പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം; മന്ത്രിപുത്രൻ ജെയ്സൺ കോറോത്താണെന്ന് ബിജെപിയും പറഞ്ഞതോടെ ഇ പി ജയരാജനും വിവാദത്തിൽ; നഴ്സിന്റെ ഫോണിൽ നിന്ന് സ്വപ്ന വിളിച്ചതാരെയെന്നതും ദുരൂഹം
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ വിവാദം മന്ത്രിപുത്രന്റെ വരവോടെ കൊഴുക്കുകയാണ്. സർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങൾ തേടി കേന്ദ്ര ഏജൻസികൾ. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ തേടിയത്. 2018 ൽ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്റെ വിരുന്ന്. വാർത്തകളിൽ പറയുന്ന മന്ത്രി പുത്രൻ ഇ പി ജയരാജന്റെ മകൻ കോറോത്ത് ജെയ്സൺ ആണെന്ന് ആരോപിച്ചു ബിജെപിയും രംഗത്തുവന്നിരുന്നു. ഇതോടെ വിവാദം കൊഴുക്കുയാണ്.
മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോൺസുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്.
ഈ വിരുന്നിന് പിന്നാലെയാണ് 2019 ൽ ലൈഫ് മിഷൻ കരാറിൽ മന്ത്രിയുടെ മകൻ ഇടനിലക്കാരനായതെന്നാണ് സൂചന. കേന്ദ്ര ഏജൻസികൾ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങൾ കേന്ദ്ര ഏജൻസിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രനും കോടികൾ കമ്മീഷൻ വാങ്ങിയെന്ന ആരോപണമാണ് സർക്കാറിന് തലവേദനയായി മാറുന്നത്. ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിനു കരാർ കിട്ടാൻ യൂണിടെക്ക് നൽകിയ നാലു കോടിയിലൊരു പങ്ക് മന്ത്രി പുത്രനും ലഭിച്ചെന്നാണ് ഉയരുന്ന ആരോപണം.
ലസ്ഥാനത്തെ നക്ഷത്രഹോട്ടലിൽ സ്വപ്നയ്ക്കൊപ്പം മന്ത്രിപുത്രൻ നിൽക്കുന്നതിന്റെ 24 ചിത്രങ്ങൾ സ്വപ്നയുടെ ലാപ്ടോപ്പിൽനിന്ന് അന്വേഷണസംഘത്തിനു ലഭിച്ചതായുള്ള സൂചനയുമുണ്ട്. മന്ത്രിപുത്രനെ എൻ.ഐ.എ. ചോദ്യം ചെയ്യുമെന്നും ദുബായ് യാത്രകളും പരിശോധിക്കും. കമ്മീഷൻ സംബന്ധിച്ച് കെട്ടിട നിർമ്മാതാക്കളായ യൂണിടെക് ഉടമകളെ വീണ്ടും ചോദ്യം ചെയ്യാനും കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ആശുപത്രിയിൽ എത്തിയപ്പോൾ ഒരു നഴ്സിന്റെ ഫോണിൽനിന്ന് ചിലരെ ബന്ധപ്പെട്ടെന്ന ആരോപണവും ബിജെപി ഉന്നയിച്ചിട്ടുണ്ട്. ഇവർ ആരെ വിളിച്ചു, എന്തിന് വിളിച്ചു എന്ന് കണ്ടെത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത് വിവാദങ്ങൾ കൊഴുക്കാൻ ഇടയാക്കിയിട്ടുണ്ട്.
തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് പുറത്തുവന്ന മന്ത്രിപുത്രന്റെ ചിത്രങ്ങളെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടിയെന്നാണ് സൂചനയെന്നും ഇന്നലെ മനോരമ റിപ്പോർട്ടു ചെയ്തിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു വിലയിരുത്തൽ.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നുമായരുന്നു പുറത്തുവന്ന വാർത്ത.
സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയിൽ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വർഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി ബിനീഷ് കോടിയേരിക്കും അടുത്തബന്ധം ഉണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻസിൽ ഡയറക്ടറല്ലെങ്കിലും ബിനീഷിന് സ്ഥാപനത്തിൽ നിക്ഷേപം ഉള്ളതായാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ ചോദ്യം ചെയ്യൽ. കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിന്റെ മറവിൽ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. ഇത്തരത്തിൽ കൊണ്ടുവരുന്ന ബാഗേജുകൾ നേരേ യു.എ.എഫ്.എക്സ് ഓഫീസിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.
പല രൂപത്തിലാണ് സ്വർണം ഇത്തരത്തിൽ കടത്തിയിരുന്നത്. ഏറ്റവും ഒടുവിൽ കടത്തിയത് വാതിൽ പിടിയുടെ രൂപത്തിലായിരുന്നു. പലരൂപത്തിൽ വരുന്ന സ്വർണം യു.എ.എഫ്.എക്സ് ഓഫീസിൽ സൂക്ഷിച്ച ശേഷമാണ് ഉചിതമായ സമയം നോക്കി വേർതിരിച്ചെടുക്കുന്നതും തിരുവനന്തപുരത്ത് തന്നെയുള്ള പണിശാലയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കടത്തുന്നതും. സന്ദീപ് നായർ, സ്വപ്ന എന്നിവർക്ക് നിർണ്ണായക സ്വാധീനമായിരുന്നു ഈ സ്ഥാപനത്തിലെന്നാണ് എൻ.ഐ.എ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ