- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷ്ണരാജ് എന്ന വക്കീലിനെ ഉടൻ പൂട്ടും; എച്ച്ആർഡിഎസ് ഇന്ത്യക്കും പണികൊടുക്കും; ഇന്നും ഷാജ് കിരൺ ഭീഷണിപ്പെടുത്തി; എത്തിയത് ഇടനിലക്കാരനായി; മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു: സ്വപ്ന സുരേഷ്
കൊച്ചി: ഷാജ് കിരൺ തന്റെ അടുത്ത സുഹൃത്താണെന്നും മുൻകൂർ ജാമ്യഹർജി നൽകിയത് ഭയന്നാണെന്നും സ്വപ്ന സുരേഷ്. ഷാജ് കിരൺ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്.
എന്നാൽ, തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചതായി സ്വപ്നആരോപിച്ചു.ഇടനിലക്കാരനായാണ് ഷാജെത്തിയത്. രഹസ്യമൊഴി പിൻവലിക്കാൻ തന്നോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചമുതൽ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന പറഞ്ഞു.
കൃഷ്ണരാജ് എന്ന തന്റെ വക്കീലിനെ ഉടൻ പൂട്ടുമെന്നും എച്ച്ആർഡിഎസ് ഇന്ത്യക്കും പണികൊടുക്കുമെന്നും തന്റെ വക്കീൽ വരെ അപകടത്തിലാണെന്നും ഇന്നും ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് പറഞ്ഞു.
നികേഷ് കുമാർ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാൾക്ക് തന്റെ ഫോൺ കൊടുക്കണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു. നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീർപ്പ് ചർച്ചയിലെത്തണം. ഒത്തുതീർപ്പിലെത്തിയാൽ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു.
ഇന്ന് രാവിലെയും ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പണമടക്കം പലതും വാഗ്ദാനം ചെയ്തു, എന്നാൽ താൻ അതിന് വഴങ്ങിയില്ല. എന്താണ് നടന്നതെന്ന് നാളെ വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാൽ എല്ലാം വ്യക്തമാകുമെന്നും സ്വപ്ന വിശദീകരിച്ചു. സരിത്തിനെ പൊലീസ് പൊക്കുമെന്ന് നേരത്തെ ഷാജ് കിരൺ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചെന്നും സ്വപ്ന പറഞ്ഞു. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണ്. ശിവശങ്കർ ഐഎഎസാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തി. സംസാരിച്ചതിന്റെ ശബ്ദരേഖയും മറ്റു തെളിവുകളും ഉടൻ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ആരോപണങ്ങൾ തള്ളി ഷാജ് കിരൺ
അതേസമയം, താൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഷാജ് കിരണിന്റെ വാദം. ഇപ്പോൾ ചെയ്യുന്നതിന്റെ അനന്തരഫലം ഗൗരവമുള്ളതായിരിക്കുമെന്ന് ഒരു സുഹൃത്തെന്ന നിലയിൽ അവരെ ഉപദേശിച്ചെന്ന് മാത്രം. നിങ്ങൾ നിങ്ങളുടെ സുരക്ഷ നോക്കി കാര്യങ്ങൾ ചെയ്യണമെന്നാണ് ഞാൻ സ്വപ്നാ സുരേഷിനോട് പറഞ്ഞത്. മറ്റ് കാര്യങ്ങളെല്ലാം സ്വപ്നാ സുരേഷ് പറയട്ടെ. ശബ്ദ രേഖയുണ്ടെങ്കിൽ പുറത്ത് വിടട്ടെ. മൊഴി തിരുത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. അത് ഭീഷണിയല്ല. 2014ലാണ് താൻ അവസാനമായി മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളതെന്നും അല്ലാതെ യാതൊരു ബന്ധവുമില്ലെന്നും ഷാജ് മാധ്യമങ്ങളോടു പ്രതികരിച്ചു. മുഖ്യമന്ത്രിക്കായി എന്തെങ്കിലും പറയണമെങ്കിൽ മുഖ്യമന്ത്രിയുമായി ബന്ധം വേണ്ടേ എന്നും ഷാജ് ചോദിച്ചു.
സ്വപ്ന സുരേഷ് വിളിച്ചിട്ടാണ് കഴിഞ്ഞ ദിവസം താൻ പാലക്കാട് അവർ താമസിക്കുന്ന സ്ഥലത്തു പോത്. സരിത്തിനെ ആരോ തട്ടിക്കൊണ്ടു പോയി ഇവിടെ വരാമോ എന്നു പറഞ്ഞാണ് വിളിച്ചത്. അവിടെ ചെന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. വൈകിട്ട് ആറു വരെ അവർക്കൊപ്പമുണ്ടായിരുന്നു.
തനിക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് സ്വപ്നയാണെന്നു കരുതുന്നില്ല. സ്വപ്നയിൽ നിന്നു തന്നെ അകറ്റാൻ ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്. 5560 ദിവസമായി സ്വപ്നയുമായി അടുപ്പവും സൗഹൃദവുമുണ്ട്. അവരുമായി താൻ അടുക്കുന്നതിൽ താൽപര്യമില്ലാത്ത ആരോ ആണ് സത്യവാങ്മൂലത്തിനു പിന്നിലെന്നാണ് കരുതുന്നത്. അല്ലെങ്കിൽ താൻ അവരെ ഭീഷണിപ്പെടുത്തി എന്നത് അവരുടെ വായിൽ നിന്നു കേൾക്കണമെന്നും ഷാജ് കിരൺ പറഞ്ഞു.
ഇന്നലെ അവർ പറഞ്ഞതനുസരിച്ചു വൈകുന്നേരം വരെ പാലക്കാട്ടുണ്ടായിരുന്നു. അപ്പോഴൊന്നും സ്റ്റേറ്റ്മെന്റ് കൊടുക്കുന്നുണ്ടെന്നു പറഞ്ഞില്ല. സ്വപ്ന കോടതിയിൽ 164 സ്റ്റേറ്റ്മെന്റ് കൊടുത്ത ദിവസം രാവിലെയും കൊടുത്ത ശേഷവും സംസാരിച്ചിരുന്നു. സ്വപ്നയുമായി എല്ലായ്പോഴും സ്വകാര്യമായ കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ ശരിയാണോ എന്ന് ഒരിക്കൽ പോലും അവരോടു ചോദിച്ചിട്ടില്ല. അതിൽ ഉൾപ്പെടാൻ താൽപര്യമില്ലാതിരുന്നതിനാലാണ് ചോദിക്കാതിരുന്നത്. സ്വപ്നയുമായുള്ള സൗഹൃദം ഭാര്യയ്ക്കും പിതാവിനും അറിയാം.
താൻ ഫെബ്രുവരിയിൽ ആകെ ഒരു തവണയാണ് വിദേശത്തു പോയത്. അതു സ്വപ്നയെ പരിചയപ്പെടുന്നതിനുമുമ്പ് ഭാര്യയുമായാണു പോയത്. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ മധ്യസ്ഥ ചർച്ചയ്ക്കു വിളിച്ചപ്പോൾ ഗസ്റ്റ്ഹൗസിൽ വച്ചാണ് മുഖ്യമന്ത്രിയെ അവസാനം കണ്ടത്. അല്ലാതെ യാതൊരു ബന്ധവുമില്ല. ശിവശങ്കറിനെ ടിവിയിലല്ലാതെ കണ്ടിട്ടില്ല. സിപിഎമ്മിന്റെ നേതാക്കളെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിളിച്ചിട്ടുണ്ടോ എന്നു ഫോണിൽ ആർക്കു വേണമെങ്കിലും പരിശോധിക്കാം.
സ്വപ്നയുടെ തിരുവനന്തപുരത്തുള്ള ഭൂമിയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലല്ല. ഇവരുടെ പക്കൽ പണം ഇല്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്കായാലും വിൽക്കാൻ തയാറാണെന്നു പറഞ്ഞു. എന്നാൽ അല്ലാതെ പണം സംഘടിപ്പിക്കാമെന്നും ഭൂമി ഇപ്പോൾ വിറ്റാൽ വില കിട്ടില്ലെന്നും പറഞ്ഞെങ്കിലും അവർ സമ്മതിച്ചിരുന്നില്ല. അവരുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഉണ്ടെങ്കിൽ പുറത്തു വിടണം. സ്വപ്നയെ കാണാൻ പോയത് സരിത്തിനെ തട്ടിക്കൊണ്ടു പോയി എന്നു പല മാധ്യമ പ്രവർത്തകരെയും വിളിച്ച് അറിയിച്ച ശേഷമാണ്. മണ്ണുത്തി എത്തിയപ്പോഴാണ് വിജിലൻസാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയുന്നത്. പിന്നെ അവിടെ എത്തിയതുകൊണ്ടു പാലക്കാട്ടേയ്ക്കു പോകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ