തിരുവനന്തപുരം: കൂപ്പുകൈയുമായി ഒന്നേകാൽ കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം സ്വപ്‌നാ സുരേഷ് പുറത്തേക്ക്. അട്ടക്കുളങ്ങര വനിതാ ജയിലിന് രണ്ട് കവാടങ്ങളുണ്ട്. ആദ്യ കവാടത്തിന് പുറത്തെത്തുമ്പോൾ തന്നെ മോചനമായി. റോഡിന് തൊട്ടരികിൽ മറ്റൊരു ഗേറ്റ്. മാധ്യമ പ്രവർത്തകരെ പൊലീസ് ഇതിനുള്ളിലേക്ക് കടത്തി വിട്ടിരുന്നില്ല. ആദ്യ ഗേറ്റിൽ നിന്ന് ഒരു സഞ്ചിയും പിടിച്ച് സ്വപ്‌ന പുറത്തിറങ്ങി. അപ്പോൾ തന്നെ മകളുടെ കൈയെ അമ്മ ചേർത്തു പിടിച്ചു. രണ്ടാം കവാടത്തിന് മുന്നിലെത്തിയപ്പോഴാണ് സ്വപ്ന കൈകൂപ്പിയത്. അതിന് പുറത്ത് അവരെ കാത്ത് മാധ്യമങ്ങളുടെ പട തന്നെ ഉണ്ടായിരുന്നു.

യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയാകുന്നത് പ്രതികരണങ്ങൾ ഒന്നും നടത്താതെയാണ്. ഇന്ന്‌ രാവിലെ സ്വപ്നയുടെ അമ്മ പ്രഭ അട്ടക്കുളങ്ങര വനിത ജയിയിൽ എത്തി രേഖകൾ എല്ലാം ജയിൽ സൂപ്രണ്ടിനു കൈമാറിയിരുന്നു. തുടർന്നാണ് ഒരു വർഷവും നാലു മാസവും തടവിലായിരുന്ന സ്വപ്ന മോചിതയായത്. അമ്മയുടെ കൈപിടിച്ചാണ് ജയിലിനു പുറത്തെത്തിയത്. പ്രതികരണങ്ങൾ ഒഴിവാക്കി കാറിൽ കയറി അതിവേഗം ബാലരാമപുരത്തെ വീട്ടിലേക്ക്. മണക്കാട് വഴി ബൈപ്പാസിൽ കയറി അതിവേഗതയിൽ ബ്രെസാ കാർ ചീറിപാഞ്ഞു. മിനിട്ടുകൾക്കുള്ളിൽ ബാലരാമപുരത്തിന് അടുത്തുള്ള രാമപുരത്ത് സ്വപ്‌നാ സുരേഷുമായി ആ കാർ എത്തി.

ഇവിടേയും മാധ്യമ പ്രവർത്തകരുടെ പട തന്നെ ഉണ്ടായിരുന്നു. തുറന്നിട്ട ഗേറ്റിലൂടെ അതിവേഗം കാർ വീട്ടിനുള്ളിൽ കടന്നു. പെട്ടെന്ന് ആ ഗേറ്റും അടഞ്ഞു. അങ്ങനെ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് സമർത്ഥമായി സ്വപ്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഒഴിഞ്ഞു മാറി. പിന്നീട് എല്ലാത്തിനും പ്രതികരിക്കാമെന്ന് അട്ടക്കുളങ്ങരയിൽ വച്ച് മാധ്യമങ്ങളോട് സ്വപ്‌ന പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത് ഒന്നേകാൽ വർഷത്തിന് ശേഷമാണ്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ജാമ്യത്തിന് ഉപാധികൾ. ഇതെല്ലാം സ്വപ്‌നയുടെ അമ്മയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സ്വപ്‌നാ സുരേഷ് ജാമ്യത്തിൽ ഇറങ്ങുമ്പോൾ ജയിലിൽ ഭർത്താവ് സുരേഷ് എത്തിയില്ലെന്നാണ് സൂചന. മാധ്യമങ്ങൾക്ക് ആർക്കും സുരേഷിനെ ഇവിടെ കാണാനായില്ല.

പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ. അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ആൾജാമ്യത്തിലാണ് സ്വപ്ന ജയിൽ മോചിതയാകുന്നത്. ജാമ്യക്കാരുടെ ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയിൽ ഹാജരാക്കിയത്. സ്വർണക്കടത്ത്, ഡോളർകടത്ത്, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാൻഡ് ചെയ്തിരുന്നത്. ഇതിൽ എല്ലാ കേസുകളിലും ജാമ്യമായി.

2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവിൽ വച്ച് സ്വപ്ന അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ നിരവധി പേർ അറസ്റ്റിലായി.

തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. അച്ഛന്റെ പേരും സുരേഷ് എന്നാണ്. അതു കൊണ്ടു തന്നെ സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അവിടെയാണ്. അറബിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും. അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് മകളുമായി 2010ന് ശേഷം തിരുവനന്തപുരത്തെക്ക് മടങ്ങി. ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായി. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലി ലഭിക്കുന്നത്. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു.

ഓഡിറ്റിൽ ക്രമക്കേടുനടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷം ഇവരെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. എന്നാലും കോൺസുലേറ്റിലെ ഉന്നതരുമായുള്ള ബന്ധം തുടർന്നു. സ്ഥാനം തെറിച്ച് ദിവസങ്ങൾക്കകം തന്നെ സംസ്ഥാന ഐടി വകുപ്പിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനത്തിൽ സ്വപ്ന പ്രവേശിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിനിടെയാണ് നയതന്ത്ര ബാഗേജിലെ സ്വർണ്ണ കടത്തിൽ സ്വപ്‌നാ സുരേഷ് കേന്ദ്ര ഏജൻസികളുടെ അറസ്റ്റിലാകുന്നത്.