മലപ്പുറം: സിപിഎമ്മിന്റെ സൗമ്യമായ മുഖങ്ങളിൽ ഒന്നായിരുന്നു മൂൻ സ്പീക്കറും പൊന്നാനി എംഎൽഎയുമായിരുന്ന പി ശ്രീരാമകൃഷണൻ. പാർട്ടിയിലും പൊതുസമൂഹത്തിലും ക്ലീൻ ഇമേജുണ്ടായിരുന്ന, ശ്രീരാമകൃഷ്ണന് അതുകൊണ്ടുതന്നെ രണ്ടു ടേം നിബന്ധന ബാധകമാവില്ലെന്നും, ഒരു തവണ കൂടി പൊന്നാനിയിൽനിന്ന് ജനവധി തേടാൻ സിപിഎം അവസരം കൊടുക്കുമെന്നും ആയിരുന്നു പൊതുവെ കരുതിയിരുന്നത്. മാത്രമല്ല കക്ഷി രാഷ്ട്രീയമായ നിഷ്പക്ഷത പുലർത്തേണ്ട സ്പീക്കർ പദവിയിൽഒതുങ്ങേണ്ട ഒരു വ്യക്തിയല്ല അദ്ദേഹമെന്നും പൊതൂവെ വിലയിരുത്തൽ ഉണ്ടായിരുന്നു. പിണറായി സർക്കാറിന് തുടർ ഭരണം കിട്ടിയാൽ അദ്ദേഹം മന്ത്രിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതിയത്.

പക്ഷേ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോൾ സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ ശ്രീരാമകൃഷ്ണൻ വിവാദത്തിലായി. സ്വർണ്ണക്കടത്ത് കേസ് പ്രതികൾ നടത്തുന്ന കാർബർ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കർ സ്വപ്നയോട് ഒപ്പം നിൽക്കുന്ന ഫോട്ടോ വൻ വിവാദമായിരുന്നു. അന്ന് സ്വപ്ന ഒരു ഡിപ്ലോമാറ്റ് ആണെന്ന് താൻ തെറ്റിദ്ധരിച്ചാണ് പോയത് എന്ന ശ്രീരാമകൃഷന്റെ വാക്കുകളും വലിയ ചർച്ചയായി. ഒരു ഡിപ്ലോമാറ്റിനെ തിരിച്ചറിയാൻ പറ്റാത്ത ശ്രീരാമകൃഷ്ണൻ സ്പീക്കർ പണിക്ക് പോയിട്ട് പ്യൂൺ പണിക്കുപോലും പറ്റില്ലെന്ന്, ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ആങ്കർ വിനു വി ജോൺ പറഞ്ഞതും സൈബർ സഖാക്കൾ വിമർശന വിധേയമാക്കി. വിനു പ്യൂൺ പണിയെ ആക്ഷേപിച്ചുവെന്ന് വളച്ചൊടിക്കാനായിരുന്നു അവരുടെ ശ്രമം. മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ചെറിയ ചടങ്ങിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്നത് നീചമാണ്,എന്നുപറഞ്ഞ് ശ്രീരാമകൃഷ്ണൻ വികാര നിർഭരമായ കുറിപ്പ് എഴുതിയതും വിവാദമായിരുന്നു. എന്നാൽ പിന്നീട് ഈ വിഷയത്തിൽ ചർച്ച പോയത് ശിവശങ്കറിന്റെയും മന്ത്രി കെടി ജലീലിന്റെയും നേരെയാണ്.

'പഞ്ചാരക്കുഞ്ചുക്കൾക്ക് സീറ്റില്ല'

അപ്പോഴും പൊന്നാനിയിൽ ശ്രീരാമകൃഷ്ണന് സീറ്റ് നിഷേധിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. മാത്രമല്ല കടുത്ത മത്സരം നടക്കുന്ന ഈ മണ്ഡലത്തിൽ ജനകീയനയാ ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കുന്നത് ജയസാധ്യതയെ ബാധിക്കുമെന്നും സിപിഎമ്മിൽ ചർച്ച ഉയർന്നു. എന്നാൽ പൊടുന്നനെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. രണ്ടുടേം നിബന്ധനയിൽ ശ്രീരാമകൃഷ്ണനും പുറത്തായി. മലപ്പുറം ജില്ലാകമ്മറ്റിയൂടെ എതിർപ്പ് മറികടന്നായിരുന്നു സ്്റ്റേറ്റ് കമ്മറ്റിയുടെ തീരുമാനം. നേരത്തെ ശ്രീരാമകൃഷ്ണ് ഒരു ബൈപ്പാസ് സർജറി വേണ്ടിവന്നതും, പാർട്ടിക്ക് ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടാൻ കാരണമാക്കി. ഇതിന്റെ ഡീറ്റേൽസ് അറിയാൽ വിളിച്ച ഒരു മാധ്യമപ്രവർത്തകനോട് സുഹൃത്തായ സിപിഎം നേതാവ് പകുതി തമാശയായി 'പഞ്ചാരക്കുഞ്ചുക്കൾ'ക്ക് ഞങ്ങൾ സീറ്റുകൊടുക്കില്ല എന്നാണ് പറഞ്ഞത്.

ഇത് തമാശയായിരുന്നില്ല എന്ന് കേരളം അറിയുന്നത് ഇപ്പോൾ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെയാണ്. ശ്രീരാമകൃഷ്ണൻ പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട്് പറഞ്ഞത്. ' ശ്രീരാമകൃഷ്ണന്റെ എല്ലാ വാദങ്ങളേയും സ്വപ്നാ സുരേഷ് തള്ളിക്കളയുന്നു. വ്യക്തിപരമായ അടുപ്പം ശ്രീരാമകൃഷ്ണനുമായി ഉണ്ടായിരുന്നു. യാത്രകൾ ചെയ്യാറില്ലായിരുന്നു. എന്നാൽ ഫ്ളാറ്റിലും മറ്റും പോയിട്ടുണ്ട്. കാർ യാത്രയും നടത്തി. സന്ദീപിന്റെ സ്ഥാപനത്തെ കുറിച്ച് ശ്രീരാമകൃഷ്ണനോട് പറഞ്ഞിരുന്നു. ഉദ്ഘാടനത്തിന് വിളിച്ചത് സരിത്തും സന്ദീപും ചേർന്നാണ്. താനൊരു നയതന്ത്ര പ്രതിനിധിയാണെന്ന് സ്പീക്കർ എങ്ങനെ തെറ്റിധരിക്കും'- സ്വപ്ന ചോദിക്കുന്നു.
ശ്രീരാമകൃഷ്ണനുമായി സ്വപ്നക്കുള്ള അടുപ്പം സിപിഎം സംസ്ഥാന നേതൃത്വത്തിലെ ഉന്നതൻ നേരത്തെ അറിഞ്ഞിരുന്നുവെന്നും, അതാണ് ഈ നേതാവിന്റെ രാഷട്രീയ വനവാസത്തിലേക്ക് നയിച്ചതെന്നുമാണ് ഇപ്പോൾ ഉയരുന്ന സൂചനകൾ.

'പാർട്ടിയെ ജനം തിരുത്തും'

ഇ.കെ ഇമ്പിച്ചിബാവയെപ്പോലുള്ള സീനിയർ നേതാക്കൾ ജയിച്ചുവന്നിരുന്നു പൊന്നാനി സിപിഎമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്. 2006ൽ പാലോളി മുഹമ്മദ് കുട്ടിയുടെ പിൻഗാമിയായി പി ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ മത്സരിക്കാനെത്തുന്നത്. 2011ൽ കോൺഗ്രസിലെ പി.ടി.അജയ മോഹനെ 4101 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ശ്രീരാമകൃഷ്ണൻ, 2016ൽ അജയമോഹനനെ വീണ്ടും പരാജയപ്പെടുത്തി. ഭൂരിപക്ഷം 15,000ത്തിലേറെയായി ഉയർത്തി. പക്ഷേ മുന്നാം ടേം കിട്ടിയില്ല.ഇതോടൊപ്പം മലപ്പുറം ജില്ലയിലെ സിപിഎം വിഭാഗീയതയും ശ്രീരാമകൃഷണന് വിനയായി. മലപ്പുറത്ത് സിപിഎമ്മിന്റെ മുഖങ്ങളായി ഡോ കെ ടി ജലീലും, ശ്രീരാമകൃഷ്ണനും മാറുന്നത്, ആക്റ്റിങ്ങ് സെക്രട്ടറി കൂടിയായ എ വിജയരാഘവന് അസ്വസ്ഥതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ. ആ വഴിക്കും ഒതുക്കൽ നടന്നൂ.

അങ്ങനെയാണ് മണ്ഡലത്തിൽ അത്രക്കൊന്നും പ്രശസ്തനല്ലാത്ത സിഐ.ടി.യു നേതാവ് പി നന്ദകുമാറിനെ പാർട്ടി പെന്നാനിയിൽ സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടിഎം സിദ്ദിഖിനെയായിരുന്നു നാട്ടുകാർ സഥാനാർഥിയായി കണ്ടിരുന്നത്. ഇതിന്റെ പേരിൽ സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് കൂറ്റൻ പ്രതിഷേധ പ്രകടനങ്ങളും പൊന്നാനിയിൽ നടന്നു. 'നേതാക്കളെ പാർട്ടി തിരുത്തം, പാർട്ടിയെ ജനം തിരുത്തും' എന്ന ലെനിന്റെ വാചകം എഴുതിയ ബാനറുമായാണ് സ്ത്രീകളും കുട്ടികളും അടങ്ങിയവർ നടത്തിയ കൂറ്റൻ പ്രകടനം വലിയ വാർത്തയായിരുന്നു. പക്ഷേ ക്രമേണെ ഇത് കെട്ടടങ്ങി. യു നന്ദകുമാർ ശ്രീരാമകൃഷ്ണനേക്കാളും മികച്ച ഭൂരിപക്ഷത്തിന് 17,000ത്തോളം വോട്ടുകൾക്ക് ജയിച്ചു കയറുകയും ചെയ്തു.

ഈന്തപ്പഴം കടത്തും ഖുർആൻ കടത്തും അടക്കമുള്ള വാർത്തകൾ കെടി ജലീലിനെയും വല്ലാതെ ബാധിച്ചു. ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനോട് അൽപ്പം ബുദ്ധിമുട്ടിയാണ് ജലീൽ ജയിച്ചു കയറിയത്. സ്വർണ്ണക്കടത്തുകേസിൽ ഒരു കാര്യവുമല്ലാതെ താൻ ബലിയാടക്കപ്പെട്ടുവെന്നാണ് കെ.ടി ജലീലിന്റെ വാദം. സ്വപ്നയുടെ അഭിമുഖം പുറത്തുവന്നശേഷം അദ്ദേഹം ആഹ്ലാദത്തോടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരിക്കയാണ്. 'എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!'- കെ.ടി ജലീൽ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

സ്വപ്നയുടെ വെളിപ്പെടുത്തലിന്റെകൂടി പശ്ചാത്തലത്തിൽ ശ്രീരാമകൃഷ്ണന്റെ രാഷ്ട്രീയ ഭാവി പുർണ്ണമായും തുലാസ്സിൽ ആയിരിക്കയാണ്. ജലീലിനാവട്ടെ തിരിച്ചുവരവിനുള്ള അവസരവും.