പാലക്കാട്: തനിക്ക് മേൽ മൊഴി മാറ്റാനുള്ള ഇടതു പൊലീസ് സമ്മർദ്ദത്തെ തുറന്നു കാട്ടാൻ സ്വപ്‌നാ സുരേഷ് നടത്തിയതും സിറ്റിങ് ഓപ്പറേഷൻ. പിഎസ് സരത്തിനെ വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന് രണ്ടു ദിവസം മുമ്പ് വിളിച്ചു പറഞ്ഞത് ഷാജ് കിരണാണ്. ഇത് മനസ്സിൽ വച്ചാണ് ഷാജ് കിരണെ പാലക്കാട്ടേക്ക് വരുത്തിയത്. പിന്നീട് സ്വപ്‌ന നടത്തിയ അത്യുഗ്രൻ അഭിനയം. അതിൽ ഷാജ് കിരൺ വീണു. അങ്ങനെ ആ സ്റ്റിങ് ഓപ്പറേഷൻ പൂർത്തിയായി. എഡിജിപിമാർ അടക്കം വിളിച്ചുവെന്നാണ് സ്വപ്‌ന പറയുന്നത്. ഇതിന്റെ തെളിവുകൾ ആ സ്റ്റിംങ് ഓപ്പറേഷനിൽ ഉണ്ടെങ്കിൽ കേരളം നടുങ്ങും. അതിനിടെ ഷാജ് കിരണിനെ ചതിച്ചത് ശരിയാണോ എന്ന ചോദ്യം സൈബർ സഖാക്കളും ഉയർത്തുന്നു.

ഫലത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ,സ്വപ്‌ന സ്റ്റിങ് ഓപ്പറേഷൻ നടത്തിയതെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. സർക്കാരിനെതിരായ ഗൂഡനീക്കമെന്ന വിലയിരുത്തലിൽ സ്വപ്‌നയ്‌ക്കെതിരെ പുതിയ കേസെടുക്കാനും വഴിയുണ്ട്. എന്നാൽ പുറത്തു വിടുന്ന ശബ്ദ രേഖയിലുള്ളത് ഞെട്ടിക്കുന്ന വസ്തുതകളാണെങ്കിൽ അത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കും. 3മണിക്ക് അത് പുറത്തു വിടുമെന്നാണ് സ്വപ്‌ന പറയുന്നത്. എന്നാൽ ഇതിന് മുമ്പ് എന്തെങ്കിലും നീക്കങ്ങൾ പൊലീസ് നടത്തുമോ എന്നതും നിർണ്ണായകമാണ്. ഈ ശബ്ദ രേഖ സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്ണരാജ് അടക്കമുള്ളവരുടെ കൈയിലുമുണ്ടെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും ജയ്ഹിന്ദിലും അടക്കം ജോലി ചെയ്ത ഷാജ് കിരണിന് ഉന്നത ബന്ധങ്ങളുണ്ട്. ഇത് സ്വപ്‌നയ്ക്കും അറിയാം. ഇത് മനസ്സിലാക്കിയായിരുന്നു തന്ത്രമൊരുക്കൽ. അത് എല്ലാ അർത്ഥത്തിലും ഫലം കണ്ടു. കോഴിക്കോടുള്ള ഒരു മാധ്യമ പ്രവർത്തകന്റെ അറിവും സമ്മതത്തോടെയുമായിരുന്നു ഷാജ് കിരണിന്റെ മധ്യസ്ഥ ശ്രമമെന്നും സൂചനയുണ്ട്. ഷാജ് കിരണിന്റെ ഫോണുകൾ പരിശോധിച്ചാൽ ഇതെല്ലാം വ്യക്തമാകും. പക്ഷേ പൊലീസ് അതിന് മുതിരില്ലെന്നാണ് സൂചന.

ഇന്നലെ രാത്രി റിപ്പബ്ലിക് ടിവിയുടെ ലൈവിൽ സ്വപ്‌ന എത്തിയിരുന്നു. ഈ ചർച്ചയിലാണ് ഷാജ് കിരണിനെ പാലക്കാട്ട് എത്തിച്ചുള്ള സ്റ്റിങ് ഓപ്പറേഷൻ വിശദീകരിച്ചത്. തന്റെ ഭാഗം തെളിയിക്കാനുള്ള നീക്കമായിരുന്നു നടത്തിയതെന്നും സ്വപ്‌ന പറയുന്നുണ്ട്. ഷാജ് കിരണിന്റെ ബന്ധങ്ങൾ മനസ്സിലാക്കിയായിരുന്നു ഇതെല്ലാം. പാലക്കാട് ഷാജ് കിരൺ എത്തിയപ്പോൾ തന്നെ തനിക്ക് മേലുള്ള പരിവാർ സമ്മർദ്ദത്തെ കുറിച്ചാണ് സ്വപ്‌ന പറഞ്ഞത്. തന്നെ സുഹൃത്തെന്ന നിലയിൽ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ ഷാജ് കിരൺ വീണു. ഇതിന് പിന്നാലെയാണ് സരത്തിനെ വിജിലൻസ് പിടികൂടുമെന്ന് സ്വപ്നയെ അറിയിച്ച ഷാജ് കിരൺ ഡീലറുടെ റോളിലേക്ക് മാറിയതെന്നാണ് സൂചന. തെളിവ് സ്വപ്‌ന പുറത്തു വിട്ടാലെ ഇതെല്ലാം വ്യക്തമാകൂ. താനൊരു സ്റ്റിങ് ഓപ്പറേഷൻ ആണ് നടത്തിയതെന്നും സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്.

ഷാജ് കിരണിനോട് തനിക്ക് ജോലി നൽകിയ സ്ഥാപനത്തെ അടക്കം സ്വപ്‌ന തള്ളി പറഞ്ഞു. പിസി ജോർജിനെതിരേയും സംസാരിച്ചു. പ്രതികരണങ്ങൾ പൊട്ടിക്കരച്ചിലിലേക്ക് എത്തി. ഇതോടെയാണ് ഷാജ് കിരൺ പൊലീസിൽ അടക്കമുള്ള സുഹൃത്തുക്കളെ വിളിച്ചതെന്നാണ് പുറത്തു വരുന്ന സൂചന. തന്റെ നിരപരാധിത്വം തെളിയിക്കാനായി ഏതറ്റം വരേയും പോകും. ആരും ഒന്നും അറിയില്ലെന്ന് മാത്രമേ പറയൂ. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ മാത്രമേ ഇടപെടലുകൾക്ക് തനിക്ക് നിയന്ത്രണമുള്ളൂവെന്നും സ്വപ്‌ന വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വപ്‌ന വിളിച്ചതു കൊണ്ടാണ് താൻ പോയതെന്ന ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ സത്യവുമാണ്.

സ്വപ്നയുടെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയിപ്പിച്ചത് അഭിഭാഷകൻ ആർ കൃഷ്ണരാജാണെന്ന് ഷാജ് കിരൺ വെളിപ്പെടുത്തിയിരുന്നു. മൂന്നുപേരുടെയും പേര് രഹസ്യമൊഴി നൽകുമ്പോൾ പ്രത്യേകമായി എടുത്തുപറയണമെന്ന് അഭിഭാഷകൻ പറഞ്ഞതായി സ്വപ്ന തന്നോട് പറഞ്ഞു. പിന്നിൽ വേറെ ആരൊക്കെയോ ഉണ്ടെന്നും പറഞ്ഞു. എന്നാൽ, അത് ആരാണെന്ന് താൻ ചോദിച്ചില്ലെന്നും ഷാജ് കിരൺ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഷാജ് കിരണിനെ കൊണ്ട് ഓപ്പറേഷനുകൾ നടത്താനും അത് പകർത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്വപ്‌ന പറയുന്നു. കൃഷ്ണരാജിനെ തള്ളി പറഞ്ഞതാണ് ഷാജ് കിരണിന് ഇതിനെല്ലാം പ്രചോദനമായത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവർത്തിച്ച് ഷാജ് കിരൺ രംഗത്തു വന്നിരുന്നു. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാൽ സ്വപ്ന വാടക ഗർഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈംടൈം ചർച്ചയിൽ ഷാജ് കിരൺ പറഞ്ഞു. വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വാടകഗർഭം ധരിക്കാമെന്ന് സ്വപ്ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നൽകാമെന്ന് പറഞ്ഞെങ്കിലും സ്വപ്ന അത് നിരസിച്ചു. പിന്നീട് വീട്ടിൽ പോയപ്പോൾ തന്റെ മുന്നിൽ സ്വപ്ന കുഴഞ്ഞുവീണു. അവരുടെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെ ഗർഭധാരണം പ്രശ്നമാണെന്ന് മനസിലായി. ഇക്കാര്യം സ്വപ്നയോട് തുറന്നു പറഞ്ഞുവെന്നും ഷാജ് കിരൺ പറഞ്ഞു.

ഇന്നലെ രാത്രിയും സ്വപ്ന വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നുമാണ് തന്നോട് പറഞ്ഞത്. പരസ്പരം വളരേയേറെ വ്യക്തിബന്ധമുണ്ടായിട്ടും താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ഷാജ് കിരൺ പറഞ്ഞു. എച്ച്ആർഡിഎസ് ഇന്ത്യയുടെ കെണിയിലാണ് സ്വപ്ന. അവർ പറഞ്ഞതനുസരിച്ചാണ് സ്വപ്ന പിസി ജോർജിനെ കണ്ടത്. എച്ച്ആർഡിഎസ് ഇന്ത്യ പറയുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്ന് സ്വപ്ന തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കാണണമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേര് പറയണമെന്നും സ്വപ്നയോട് പറഞ്ഞത് അഭിഭാഷകനാണെന്നും ഷാജ് കിരൺ ആരോപിച്ചു.

ഞാനും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണെന്ന് സരിത്തിന് മനസിലായിട്ടില്ല. വാടക ഗർഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്ക് വൈഗ എന്ന് പേരിടാമെന്ന് വരെ തീരുമാനിച്ചിരുന്നു. സരിത്തിന് വീട്ടിൽനിന്ന് ആരോ പിടിച്ചുകൊണ്ടുപോയെന്ന് സ്വപ്ന തന്നെ ഇങ്ങോട്ട് വിളിച്ച് അറിയിച്ചതാണ്. പിന്നീട് വിജിലൻസാണ് കൊണ്ടുപോയതെന്ന് മാധ്യമങ്ങളാണ് തന്നെ അറിയിച്ചത്. ശിവശങ്കറിനെ താൻ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും സ്വപ്ന പറയുന്ന ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്നും ഷാജ് കിരൺ പറഞ്ഞിട്ടുണ്ട്.