കൊച്ചി: ആരാണ് ശ്രീമതി റസിയുണ്ണി? നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിൽ പുതിയൊരു കഥാപാത്രം കൂടി ചർച്ചകളിൽ എത്തുകയാണ്. കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി എം. ശിവശങ്കറിനെ പ്രതിചേർത്തു സമർപ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഈ പേരുള്ളത്. എന്നാൽ മറ്റ് വിശദാംശങ്ങൾ ഒന്നും നൽകുന്നുമില്ല. സ്വർണക്കടത്തു കേസിൽ നേരത്തേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ എന്നിവർക്കെതിരെ ഇഡി കുറ്റപത്രം നൽകിയിരുന്നു. കേസിൽ ശിവശങ്കറിന് ആഴത്തിലുള്ള പങ്കുണ്ടെന്നു കണ്ടെത്തിയതോടെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.

ശിവശങ്കർ റസിയുണ്ണിയുമായി വാട്‌സാപ് ചാറ്റ് നടത്തിയതിന്റെ വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്. എന്നാൽ ഈ റസിയുണ്ണി ആരാണെന്നു വിശദമാക്കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൊഴി രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലും ഇങ്ങനെയൊരാളില്ല. പേരിനൊപ്പമുള്ള 'ശ്രീമതി'യെന്ന പ്രയോഗത്തിലൂടെയാണ് സ്ത്രീയാണെന്നു കരുതുന്നത്. ഇവരെ കുറിച്ചൊന്നും ശിവശങ്കർ പറഞ്ഞില്ലെന്നും വിശദീകരിക്കുന്നു. തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണിതെന്ന് ശിവശങ്കർ നിലപാട് എടുത്തുവെന്നും പറയുന്നു.

വിവാദ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്‌സുമായി ബന്ധപ്പെടുത്തി 80 ലക്ഷം രൂപയുടെ അഴിമതിയെക്കുറിച്ചും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകളെക്കുറിച്ചും റസിയുണ്ണിയുമായി സംസാരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചു ശിവശങ്കർ റസിയുണ്ണിയുമായി വിശദമായി ചാറ്റ് ചെയ്തിട്ടുണ്ടെന്നു കുറ്റപത്രം പറയുന്നു. ലൈഫ് മിഷൻ ഇടപാടിൽ 1.08 കോടി രൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബിൽഡേഴ്‌സിനെ ശിവശങ്കർ പലർക്കും ശുപാർശ ചെയ്തതിന്റെ വിവരങ്ങളും ഇഡിക്കു ലഭിച്ചു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു ശിവശങ്കർ ഉത്തരം നൽകിയില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

ശിവശങ്കറിന്റെ കഴിഞ്ഞ ജന്മദിനത്തിൽ സ്വപ്ന ഐഫോൺ സമ്മാനിച്ച കാര്യവും 2018 ലെ ജന്മദിനത്തിൽ വിലകൂടിയ വാച്ച് സമ്മാനിച്ചകാര്യവും ശിവശങ്കറിന്റെ മൊഴികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ വിലകൂടിയ സമ്മാനങ്ങൾ വാങ്ങുന്നതു നിയമവിരുദ്ധമല്ലേയെന്ന് ഇഡി ശിവശങ്കറിനോടു ചോദിച്ചപ്പോൾ അടുത്ത ബന്ധുക്കളിൽ നിന്നും കുടുംബസുഹൃത്തുക്കളിൽ നിന്നും ജന്മദിന സമ്മാനങ്ങൾ വാങ്ങുന്നതിൽ തെറ്റില്ലെന്നായിരുന്നു മറുപടി.

സ്വർണക്കടത്തു കേസിൽ പിടിച്ചെടുത്ത 1.85 കോടി രൂപയിൽ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷൻ പദ്ധതിയിൽനിന്ന് ലഭിച്ച കോഴയാണെന്നും ബാക്കി തുക സ്വപ്ന സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.തുക കണ്ടുകെട്ടാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന് കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വപ്നയുമായി ശിവശങ്കർ വിവിധ കാലഘട്ടങ്ങളിൽ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇവയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ ചോദ്യംചെയ്തപ്പോൾ നൽകിയ മൊഴികളും ചേർത്തുവച്ചാണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം തനിക്കറിയില്ലെന്നും ഓർമ്മയില്ലെന്നുമുള്ള മറുപടിയാണ് ശിവശങ്കർ നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ചില ചോദ്യങ്ങൾക്ക് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നായിരുന്നു മറുപടി.

ലോക്കർ എടുക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സ് ആപ്പ് ആശയവിനിമയവും കെ ഫോൺ പദ്ധതിയുടെ വിവരങ്ങളും സ്വപ്നയുമായി പങ്കുവച്ചുള്ള സന്ദേശങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം തനിക്കറിയില്ലെന്നും ഓർമ്മയില്ലെന്നുമുള്ള മറുപടിയാണ് ശിവശങ്കർ നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.