- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു മുൻ മന്ത്രിമാരും ഭരണ ഘടനാ പദവി വഹിച്ച ആളും ഡോളർ കടത്തി നേട്ടമുണ്ടാക്കി; ഒളിവിലായിരുന്നപ്പോഴും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വപ്ന വിളിച്ചിരുന്നു; എല്ലാവരും ലംഘിച്ചത് ദേശസുരക്ഷാ ചട്ടങ്ങൾ; പ്രതികൾ കുറ്റവിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പ്; സ്വർണ്ണ കടത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി : പിണറായിയുടെ ആദ്യ മന്ത്രിസഭയിലെ ചില അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ദേശസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന് കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ ഇരുട്ടിൽ നിർത്തി തിരുവനന്തപുരം യുഎഇ കോൺസുലേറ്റുമായുണ്ടാക്കിയ വഴിവിട്ട അടുപ്പം ചട്ട വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ കള്ളക്കടത്തു സ്വർണമടങ്ങിയ നയതന്ത്ര പാഴ്സൽ തടഞ്ഞുവച്ചതു മുതൽ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നിരന്തരം വിളിച്ചിരുന്നുവെന്നു കസ്റ്റംസ് ആരോപിച്ചു. സ്വർണ്ണ കടത്തിൽ പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഈ ആരോപണങ്ങളുള്ളത്,
ഡോളർ കടത്ത് കേസിൽ സംസ്ഥാന രാഷ്ട്രീയത്തിലെ 4 മുൻ മന്ത്രിമാരും ഭരണഘടനാ പദവികൾ വഹിച്ചിരുന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന കസ്റ്റംസ് നൽകുന്നത്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട 53 പേർക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ ഈ കേസിനെക്കുറിച്ചു സൂചനയുണ്ട്. നയതന്ത്ര സ്വർണക്കടത്തും അനുബന്ധ കള്ളപ്പണ ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ പൂർണമായി പുറത്തുവരാൻ കേസ്: ഒആർ 13 ന്റെ ഫയലുകൾ കൂടി കോടതിയിലെത്തണം. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത് എന്നിവർ കോൺസുലേറ്റിലെ മുൻ ഫിനാൻസ് ഓഫിസർ ഖാലിദ് അലി ഷൗക്രിയുടെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയ കേസാണിത്.
സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് അവർ തെറ്റു ചെയ്തിട്ടില്ലെങ്കിൽ അക്കാര്യം കസ്റ്റംസിനെ ബോധിപ്പിക്കാനുള്ള അവസരമാണു കാരണം കാണിക്കലിലൂടെ ലഭിക്കുന്നത്. സാധാരണ കള്ളക്കടത്തു കേസുകളിൽ പിടികൂടിയ സ്വർണം കണ്ടുകെട്ടും മുൻപു പ്രതികൾക്കു പിഴയും നികുതിയും അടച്ചു തിരികെ വാങ്ങാനുള്ള അവസരം നൽകുന്ന നടപടി കൂടിയാണിത്. എന്നാൽ ദേശവിരുദ്ധ സ്വഭാവം ആരോപിക്കപ്പെട്ടു യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തപ്പെട്ട ഈ കേസിൽ പ്രതികൾ കുറ്റവിചാരണ നേരിടേണ്ടി വരും.
കോൺസുലേറ്റിലേക്കും കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയുടെ താമസ സ്ഥലത്തേക്കും നേരിട്ടു വിളിക്കുന്നതും പതിവായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണു കോൺസുലേറ്റ് ഉദ്യോഗസ്ഥർ മന്ത്രിമാരുമായി ബന്ധം സ്ഥാപിച്ചത്. ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരുടെ ഒത്താശയോടെ കോൺസൽ ജനറൽ പല തവണ മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ മറികടന്നായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായി പ്രതികൾക്കും പ്രതികളാകാൻ സാധ്യതയുള്ളവർക്കും നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ ഗുരുതര ആരോപണങ്ങളാണുള്ളത്, മുന്മന്ത്രിമാരുടെ വഴിവിട്ട ഇടപാടുകൾ സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. യുഎഇ കോൺസുലേറ്റിനു മന്ത്രിമാരുമായി അടുത്ത ബന്ധമുണ്ടാക്കാനുള്ള വഴിയൊരുക്കാൻ സ്വപ്ന സുരേഷിനു കോൺസൽ ജനറൽ നിർദ്ദേശം നൽകിയതിന്റെ തെളിവുകൾ ലഭിച്ചതായും കസ്റ്റംസ് സ്ഥിരീകരിക്കുന്നു.
സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണിനു പുറമേ, ലാപ്ടോപ്, 2 വാച്ച് എന്നിവയും ശിവശങ്കറിനു ജന്മദിന സമ്മാനങ്ങളായി സ്വപ്ന നൽകിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. ജൂലൈ 12നു ബെംഗളൂരുവിൽ വച്ച് സ്വപ്ന എൻഐഎയുടെ പിടിയിലാകുന്നതു വരെ ശിവശങ്കർ അവരെ നിരന്തരം വിളിച്ചിരുന്നു. 2020 ജൂലൈ ഒന്നിനാണു പാഴ്സൽ തടഞ്ഞത്. 'അറസ്റ്റ് ഭയന്നു ബെംഗളൂരുവിലേക്കു സ്വപ്നയും കുടുംബവും യാത്ര ചെയ്യുന്നതിനിടെ, സ്വപ്നയെ വാട്സാപ് വഴി ശിവശങ്കർ വിളിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സന്ദീപിന്റെ മൊഴിയിലുണ്ട്. സ്വപ്നയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ ശിവശങ്കർ പങ്കെടുത്തിട്ടുണ്ട്.
കോൺസൽ ജനറലിന്റെ സംശയകരമായ ചില ഇടപാടുകളെപ്പറ്റി അറിഞ്ഞ ഏക വ്യക്തി സ്വപ്നയാണെന്നതിനാലാണ് അവർക്കു കോൺസുലേറ്റിലെ ജോലി രാജിവയ്ക്കേണ്ടി വന്നതെന്നു ശിവശങ്കറിന്റെ മൊഴിയുണ്ട്. ഇത്തരം ഇടപാടുകൾ സ്വപ്നയിലൂടെ തന്റെ പിൻഗാമി അറിയരുതെന്നു കോൺസൽ ജനറലിനു നിർബന്ധമുണ്ടായിരുന്നു. എല്ലാ വിശദാംശങ്ങളും ശിവശങ്കറിനോടു സ്വപ്ന പങ്കുവച്ചിരുന്നു. കോൺസുലേറ്റ് വഴി കള്ളക്കടത്തു നടക്കുന്നതായി സംസ്ഥാന ഇന്റലിജൻസിനു വിവരമുണ്ടെന്നും സൂക്ഷിക്കണമെന്നും തങ്ങളോടു ശിവശങ്കർ പറഞ്ഞതായി സ്വപ്നയും സരിത്തും മൊഴി നൽകിയിട്ടുണ്ട്. കള്ളക്കടത്തു നിർത്തിയാൽ വിദേശത്തെ സ്റ്റാർട്ടപ്പിൽ ജോലി ശരിയാക്കിത്തരാമെന്നു ശിവശങ്കർ വാഗ്ദാനം നൽകിയതായും സരിത്തിന്റെ മൊഴിയിലുണ്ട്.
അതേസമയം, കോൺസുലേറ്റിൽ ചില രഹസ്യ ഇടപാടുകൾ നടക്കുന്നുവെന്നു സ്വപ്ന സൂചിപ്പിച്ചതല്ലാതെ കോൺസുലേറ്റ് വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണു ശിവശങ്കറിന്റെ മൊഴി' നോട്ടിസിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ