- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നാ സുരേഷും വീണയും ഫർണ്ണിച്ചർ കടയിൽ ഒരുമിച്ചു പോയി; വീണയുടെ രണ്ടാം വിവാഹത്തിന്റെ അൺ എഡിറ്റഡ് വീഡിയോ പുറത്തു വിടാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളി; മുഖ്യമന്ത്രിയുടെ മകളേയും മരുമകനേയും ചോദ്യം ചെയ്യണമെന്ന് സന്ദീപ് വാര്യർ; സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്താൽ എല്ലാ സത്യവും പുറത്തു വരുമെന്നും അവകാശവാദം; സ്വർണ്ണ കടത്തിൽ പിണറായി കുടുംബത്തിനെതിരെ നേരിട്ട് ആക്രമണവുമായി ബിജെപി; ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾ
മലപ്പുറം; സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്നാ സുരേഷുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. തിരുവനന്തപുരത്തെ ഫർണ്ണിച്ചർ കടയിൽ സാധനം വാങ്ങാൻ മുഖ്യമന്ത്രിയുടെ മകൾ വീണയും സ്വപ്നാ സുരേഷും ഒരുമിച്ചു പോയി എന്നാണ് ആരോപണം. വീണയുടെ രണ്ടാം വിവാഹത്തിന്റെ അൺ എഡിറ്റഡ് വീഡിയോ പുറത്തു വിടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ബിജെപി നേരിട്ട് ആരോപണം ഉന്നയിക്കുകയാണ്.
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾ സ്വപ്ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ കടയിൽ പോയി കല്യാണ സമ്മാനമായി ഫർണിച്ചറുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്കു മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല, മരുമകനെയും സ്വപ്ന സുരേഷിനൊപ്പമിരുത്തി ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മാനസിക നില തകർന്നിരിക്കുകയാണ്. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകർന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സ്വർണക്കള്ളക്കടത്തിൽ പങ്കില്ലെന്ന് പരിശുദ്ധ ഖുറാനിൽ തൊട്ട് സത്യംചെയ്യാൻ കെ. ടി. ജലീൽ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളിൽനിന്ന് രക്ഷപ്പെടാനാണ് ജലീൽ ശ്രമിക്കുന്നത്. ഇതുപോലെ വർഗീയവാദിയായ മറ്റൊരു മന്ത്രിയെ കേരളം മുൻപ് കണ്ടിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന സിമി പ്രവർത്തകനായിരുന്നു ജലീൽ. അധികാരക്കൊതിമൂലം സിപിഎമ്മിൽ എത്തിയ ആളാണ്. ജലീലിനെ സിപിഎം ഭയക്കുന്നത് എന്തിനാണെന്നും ബിജെപി വക്താവ് ചോദിച്ചു.
വീണയേയും ഭർത്താവ് റിയാസിനേയും ചോദ്യം ചെയ്യണമെന്നതാണ് സന്ദീപിന്റെ ആവശ്യം. ഇവരെ സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്താൽ എല്ലാ സത്യവും പുറത്തു വരുമെന്നും സന്ദീപ് വാര്യർ അവകാശ വാദം ഉന്നയിച്ചു. യുഎഇ കോൺസുലേറ്റിന്റെ മറവിലെ സ്വർണക്കടത്തിൽ മന്ത്രി കെ.ടി.ജലീലിനു പിന്നാലെ പിണറായി മന്ത്രിസഭയിലെ മറ്റൊരു അംഗം കൂടി കുടുങ്ങുന്നു എന്ന സൂചനയും ഉണ്ട്.
ഇതുവരെയുള്ള ചോദ്യംചെയ്യലിൽ ഒന്നും ഈ മന്ത്രിയുടെ പേര് പ്രതി സ്വപ്ന സുരേഷോ മറ്റു പ്രതികളോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, സ്വപ്നയുടെ ഒന്നിലധികം ഫോണുകൾ പൂർണമായി പരിശോധച്ചപ്പോഴാണ് മറ്റൊരു മന്ത്രിയുമായി സ്വപ്ന നിരന്തരം ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. ഇതേത്തുടർന്ന് സ്വപ്നയേയും റമീസിനേയും വീണ്ടും ചോദ്യം ചെയ്യും. ചോദ്യംചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഈ മന്ത്രിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഇതിനിടെയാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബിജെപി രംഗത്ത് വരുന്നത്. മൊബൈൽ ഫോണിൽ നിന്ന് സ്വപ്ന പല രേഖകളും ചിത്രങ്ങളും നശിപ്പിച്ചിരുന്നു. എന്നാൽ, സൈബർ സംഘത്തിന്റേയും ഫോറൻസിക് വിദഗ്ധരുടേയും സഹായത്തോടെ അവ പൂർണായി തിരികെ ലഭിച്ചിച്ചുണ്ട്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണു സൂചന.ലൈഫ് പദ്ധതി കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പർക്ക വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ മകളേയും വിവാദത്തിൽ നിർത്താനാണ് നീക്കം.
ഇടതു സർക്കാരിലെ പല പ്രമുഖരുമായും സ്വപ്നാ സുരേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തുന്നത്. ഇത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവാകും.സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പലതും വാട്സാപ്പിലൂടെയുള്ള ആശയ വിനിമയമായിരുന്നു. ഫോട്ടോകൾ പലതും തിരിച്ചു പിടിച്ചു. ഇതെല്ലാം നിർണ്ണായക വിവരങ്ങളായി മാറുകയാണ്.
സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്ക് എന്നിവയിൽ നിന്ന് 2000 ജിബി ഡേറ്റ കണ്ടെടുത്തു. മറ്റു ചില പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നു വേറെ ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികൾ നശിപ്പിച്ച സന്ദേശങ്ങളും വീണ്ടെടുത്തു. ഇതോടെ കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന് വ്യക്തമായി എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ