- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനാ പദവിയിലെ ഉന്നതൻ സ്വപ്നയ്ക്കൊപ്പം വിദേശ യാത്ര നടത്തിയത് നാലുവട്ടം; ഗ്രീൻ ചാനൽ സൗകര്യം ഉപയോഗിച്ച് സ്വന്തം ബാഗിലൂടെ ഡോളർ കടത്താൻ നേതാവ് കൂട്ടു നിന്നുവെന്നും റിപ്പോർട്ട്; തെളിവെല്ലാം വാട്സാപ്പ് സന്ദേശത്തിലുണ്ടെന്ന് സൂചന; വീണ്ടെടുത്തത് വ്യക്തി ബന്ധവും വിദേശ കൂടിക്കാഴ്ചകളും സ്ഥിരീകരിക്കുന്ന ചാറ്റുകൾ; വിവിഐപിയെ തളയ്ക്കാൻ കരുതലോടെ കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ ഭരണ ഘടനാ പദവിയിലുള്ള ഉന്നതിന് കുരുക്കു മുറുകുന്നുവെന്ന് റിപ്പോർട്ട്. സ്വപ്നയും ഭരണഘടനാ പദവിയിലുള്ള ഉന്നതനും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തതാണ് നിർണ്ണായകമാകുന്നത്. രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളർ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ.
സ്വപ്നയ്ക്കൊപ്പം ഇദ്ദേഹം നാലുവട്ടം വിദേശയാത്ര നടത്തിയെന്നാണ് സൂചന. ഇതിനൊപ്പം ഗ്രീൻ ചാനൽ സൗകര്യമുപയോഗിച്ച് സ്വന്തം ബാഗിൽ ഡോളർ കടത്തിയതിന്റെയും വിവരങ്ങൾ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണ് വിവരം. ഏതാനും വർഷങ്ങൾക്കിടെ 20 തവണത്തെ വിദേശയാത്രയുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ ചാറ്റുകളിലുണ്ടെന്നാണ് സൂചന. ഭരണഘടനാ പദവിയിലുള്ള ഉന്നതനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം കേന്ദ്ര ഏജൻസികൾ എടുത്തിട്ടില്ല. ഇതിന് അനുമതി തേടി ഗവർണ്ണറെ സമീപിക്കും. അതിന് മുമ്പ് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വാങ്ങുകയും ചെയ്യും.
രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയെന്ന കണ്ടെത്തൽ നടത്തിയത് കസ്റ്റംസാണ്. ഇഡിയും ഇത് സ്ഥിരീകരിച്ചു. അതിനിടെ റിവേഴ്സ് ഹവാല ഇടപാടിലുൾപ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശവും ഏജൻസികൾക്ക് കിട്ടിയിട്ടുണ്ട്. ഇതോടെ വൻ സ്രാവുകൾ കുടുങ്ങുമെന്നാണ് സൂചന. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാവും അന്വേഷിക്കുക.
കോൺസുലേറ്റിലെ ഉന്നതരും നിരവധി വിദേശികളുമുൾപ്പെടെ പ്രതികളായേക്കും. മൂന്നു വർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തുന്നതായാണ് കണ്ടെത്തൽ. സ്വപ്നാ സുരേഷിന്റെ മൊഴിയിലും റിവേഴ്സ് ഹവാല നടത്തിയെന്ന് വ്യക്തമാണ്. അതിനിടെ സ്വർണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവർത്തിച്ച മൊഴികൾ സ്വപ്നാ സുരേഷ് പൊടുന്നനെ മാറ്റിയത് ദുരൂഹമാണെന്ന വിലയിരുത്തലും സജീവമാണ്. അതുകൊണ്ട് തന്നെ കോടതിയുടെ നിഗമനങ്ങൾ ഈ കേസിനെ സ്വാധീനിക്കും.
പുതിയ മൊഴിയിൽ ശിവശങ്കറിന് 'എല്ലാം അറിയാമായിരുന്നു' എന്നാണുള്ളത്. ഈ മൊഴിമാറ്റത്തിൽ അന്വേഷണ ഏജൻസികൾക്കും ദുരൂഹമായ മൗനമാണ്. കോടതിയിൽ സമർപ്പിച്ച പുതിയ മൊഴിക്കൊപ്പം സ്വപ്ന എന്തിന് മൊഴിമാറ്റി എന്നതിന് ഉത്തരം നൽകിയിട്ടുമില്ല. ഇനി മജിസ്ട്രേറ്റിനുമുന്നിൽ സ്വപ്ന നൽകുന്ന രഹസ്യമൊഴിയിൽ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ചർച്ചയാകും.
സ്വർണക്കടത്തിൽ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തത്. ജൂലായ് 11-ന് എൻ.ഐ.എ. സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവിൽനിന്നും പിടികൂടി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തിച്ചു. അന്നുമുതൽ നവംബർ 10-ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പുതിയ മൊഴി നൽകുന്നതുവരെ എം. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്ന ആവർത്തിച്ചിരുന്നത് എന്നാൽ പെട്ടെന്ന് എല്ലാം മാറ്റി പറയുന്നു. ഇതിന് കാരണം വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയതാണെന്ന സൂചനയാണ് കേന്ദ്ര ഏജൻസികൾ നൽകുന്നത്. ജയിൽ വാസവും സ്വപ്നയെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇതോടെ സത്യം പറഞ്ഞു തുടങ്ങുകയായിരുന്നു സ്വപ്നയെന്ന വിലയിരുത്തലും ഉണ്ട്.
സ്വർണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിന് പ്രതി നൽകുന്ന മൊഴി, കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരവും ഇ.ഡി.ക്ക് നൽകുന്ന മൊഴി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എംഎൽഎ.) സെക്ഷൻ 50 പ്രകാരവുമാണ്. ഇവ രണ്ടും കോടതിയിൽ തെളിവുമൂല്യമായി കണക്കാക്കുന്നതാണ്. ഈ മൊഴികളാണ് സ്വപ്നാ സുരേഷ് മാറ്റിപ്പറഞ്ഞിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ