- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നങ്ങളെ നിങ്ങൾ
(സങ്കല്പ്ങ്ങളിൽ നിന്നല്പം) അടുത്തകാലത്തു എന്റെ പല നല്ല സുഹൃത്തുക്കളും സ്‌നേഹത്തോടെ ആരാഞ്ഞു, 'എന്തേ ഇപ്പോഴൊന്നും ഒരു കലാസൃഷ്ടികളും എന്നിൽ നിന്നും ഉതിർന്നു വരുന്നില്ലല്ലോയെന്ന്'. ഞാൻ അവരോടെല്ലാം പറഞ്ഞത് കലാസൃഷ്ടികൾ അങ്ങിനെ നാം വിചാരിക്കുമ്പോഴെല്ലാം പൊടിഞ്ഞു വീഴുന്ന ഒന്നല്ല. മനസ്സു പറയും എപ്പോൾ എഴുതണം, എന്തെഴുതണമെന്നൊക്കെ. അതിനന
(സങ്കല്പ്ങ്ങളിൽ നിന്നല്പം)
അടുത്തകാലത്തു എന്റെ പല നല്ല സുഹൃത്തുക്കളും സ്‌നേഹത്തോടെ ആരാഞ്ഞു, 'എന്തേ ഇപ്പോഴൊന്നും ഒരു കലാസൃഷ്ടികളും എന്നിൽ നിന്നും ഉതിർന്നു വരുന്നില്ലല്ലോയെന്ന്'. ഞാൻ അവരോടെല്ലാം പറഞ്ഞത് കലാസൃഷ്ടികൾ അങ്ങിനെ നാം വിചാരിക്കുമ്പോഴെല്ലാം പൊടിഞ്ഞു വീഴുന്ന ഒന്നല്ല. മനസ്സു പറയും എപ്പോൾ എഴുതണം, എന്തെഴുതണമെന്നൊക്കെ. അതിനനുസരിച്ച് ചെയ്യും. അല്ലാതെ, മമ്മുക്ക അഭിനയിച്ച 'മുന്നറിയിപ്പിലെ' കഥാപാത്രത്തോട് അതിലെ നായികാകഥാപാത്രം ഒട്ടനവധി നാളുകൾകൊണ്ടു നിർബന്ധിച്ചപ്പോൾ ഉണ്ടായ അനുഭവം എന്തെന്നു ആ സിനിമ കണ്ടവർക്ക് അറിയാമല്ലോ.
നമ്മുടെ മുൻ രാഷ്ട്രപതി പറഞ്ഞിട്ടുണ്ടല്ലോ നാം എപ്പോഴും സ്വപ്നം കാണണമെന്ന്. ഞാനും അങ്ങിനെ പല സ്വപ്നങ്ങളും കാണാറുണ്ട്. മിക്കപ്പോഴും നാം അടുത്തിടെ ചെയ്ത, കണ്ട കാര്യങ്ങളൊക്കെ നമ്മുടെ ഉപബോധമനസ്സിൽ അങ്ങിനെ സ്വപ്നമായി വിഹരിക്കും എന്നതാണ് എന്റെ അനുഭവം.
ഇന്നലെ ഞാൻ കണ്ട സ്വപ്നം അതിമനോഹരമായിരുന്നു. ഞാൻ നമ്മുടെ സിനിമാനടൻ മമ്മുക്കയുടെ (ഞാനും അദ്ദേഹത്തിന്റെ ഒരാരാധകൻ) അടുത്ത അയൽക്കാരൻ. അദ്ദേഹം എപ്പോഴും ഷൂട്ടിങ് പ്രമാണിച്ചു തിരക്കിലാവും. എന്നിരുന്നാലും ഞാനും എന്റെ സഹധർമ്മിണിയും മക്കളും അവരുടെ വീട്ടിൽ മിക്കപ്പോഴും സന്ദർശകരവാറുണ്ട്. അതിനാൽ ഞങ്ങൾക്കവരുടെ വീട്ടിൽ അത്രയുംതന്നെ സ്വാതന്ത്ര്യവും ഉണ്ട്. മമ്മുക്ക വീട്ടിൽ എത്തിയാലുടനെ പതിവുപോലെ നല്ല കേരളകൈലി മുണ്ടാണ് ധരിക്കാറ്. ഈയിടെ ബഹ്രൈനിൽ വന്നപ്പോഴും, അദ്ധേഹത്തെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ അന്നത്തെ സംഘാടകരോടുത്തു ചെന്നു കണ്ടപ്പോഴും അദ്ദേഹം കൈലി മുണ്ടും ഷർട്ടും ആണ് ധരിച്ചിരുന്നത്. എനിക്കും കൈലി മുണ്ടിനോട് അതിയായ താല്പര്യമായിരുന്നു.
എന്നാൽ ക്രമേണ, എന്റെ സഹധർമ്മിണി അതിനോട് എതിർപ്പ് പ്രകടിപ്പിച്ചുതുടങ്ങിയതിനാലും (അവർ കളിയാക്കിക്കൊണ്ട് പറയും, കണ്ട ബംഗാളികളെ പോലെയെന്നൊക്കെ), അവളുടെ ആഗ്രഹപ്രകാരം ഞാൻ വെറും വെള്ളമുണ്ടുകളിലേക്ക് ക്രമേണ മാറി. ഇന്നും ഞാൻ ഒരു കൈലി മുണ്ട്, അതിന്റെ സ്മരണക്കുവേണ്ടി എന്റെ വസ്ത്രക്യാബിനിൽ സൂക്ഷിച്ചിട്ടുണ്ട്. കൈലി മുണ്ടിനെ അങ്ങിനെ തിരസ്‌കരിച്ചും കൂടാ. നമ്മുടെ കേരളനേതാക്കളിൽ മണ്മറഞ്ഞ ഇ.എം.എസ്, നായനാർ, എന്തിനു നമ്മുടെ ഇപ്പോഴത്തെ ആരാധ്യനായ പ്രതിപക്ഷ നേതാവ് അച്ചുമ്മാവാനടക്കം പല പൗരപ്രധാനികളും കൈലിമുണ്ടിനെ സ്‌നേഹിക്കുന്നു; ധരിക്കുന്നു.
എന്റെ ശ്രീമതി പിന്നെയും പറഞ്ഞു വെള്ള മുണ്ടുകൾ ശുദ്ധിയെയും, ഭംഗിയെയും, സ്‌നേഹത്തെയും ഒക്കെ പ്രതിഭലിപ്പിക്കുന്നുയെന്ന്. അങ്ങിനെ ഞാൻ വീട്ടിലുള്ളപ്പോഴെല്ലാം കുറച്ചുകാലമായി വെള്ളമുണ്ടിലേക്ക് ചേക്കേറി. ഇപ്പോൾ എനിക്കും ലുങ്കിമുണ്ടിനോട് വെറുപ്പ് തോന്നിത്തുടങ്ങി.
ഞാൻ പറഞ്ഞുവന്നത്, മമ്മുക്കടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം മമ്മുക്ക ആ ഡ്രസ്സിലാവും ഉണ്ടാവുക. സ്വപനത്തിൽ, മമ്മൂക്കടെ വീട്ടിൽ ഒരു കുഞ്ഞു വാവയും (അദ്ദേഹത്തിന്റെ മോളുടെ അരുമ കുട്ടി) ഉണ്ടായിരുന്നു അന്ന്. ഒരു പക്ഷെ ഈ അവസരത്തിൽ ഞാനും കുടുംബവും ഞങ്ങളുടെ നാട്ടുകാരായ ഒരു കുടുംബത്തേയും അവരുടെ മകൾ പ്രസവിച്ച കുഞ്ഞുമോൻ വാവയേയും ചെന്നു കാണുകയുണ്ടായി. അതാകാം അവരെ പ്രതിനിതീകരിച്ചു അങ്ങിനെ ഒരു സീൻ മമ്മൂക്കടെ വീട്ടിലും (സ്വപനത്തിൽ) കാണാൻ കഴിഞ്ഞത്.
അന്ന് ഞങ്ങൾ മമ്മുക്കയെയും കുടുംബത്തെയും അടുത്തദിവസം ഉച്ചയ്ക്ക് ഊണിനു സ്‌നേഹപുരസ്സരം ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹവും കുടുംമ്പവും വരാമെന്നേറ്റു. എന്തെങ്കിലും പ്രത്യേകത ആ ഊണിനു ഉണ്ടോയെന്നും അദ്ധേഹം തിരക്കാതിരുന്നില്ല. ഞാൻ പറഞ്ഞു, എന്റെ ശ്രീമതിയുടെ പാചകമിടുക്കും വല്ലപ്പോഴും അവരും ആസ്വദിച്ചറിയേണ്ടതല്ലേ, അതാ വിളിച്ചതെന്നും. പരസ്യങ്ങളിൽ അദ്ദേഹം പറയാറുള്ള 'ഒരു അരി ബ്രാന്റിന്റെ' അരിയൊന്നും ആവില്ല അന്നത്തെ ഊണിനെന്നും ഞാൻ ചുമ്മാ തട്ടിവിട്ടു.
അദ്ധേഹവും കുടുംബവും പറഞ്ഞ സമയത്തു തന്നെ പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങളുടെ വീട്ടിൽ വന്നു. വന്നയുടനെ ഔപചാരികമായി ശീതള പാനീയം നല്കി അവരെ സ്വീകരിച്ചു. പിന്നെ കുറെയേറെ നാട്ടു വർത്തമാനങ്ങളും അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചുമൊക്കെ വളരെയേറെ നേരം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടരമണിയായിട്ടും ഭക്ഷണം വിളമ്പുന്നതിനുള്ള തയ്യാറെടുപ്പോ, അല്ലെങ്കിൽ ഊണ്മേശയിലേക്ക് അവരെ ആനയിക്കാനുള്ള ബദ്ധപ്പാടോ ഞങ്ങൾ കാണിക്കാതിരുന്നതുകൊണ്ട് അദ്ദേഹം തിരക്കി ഇനി വേറെ ആരെങ്കിലും വരാൻ കാത്തിരിക്കുകയാണോയെന്ന്. ഞാൻ പറഞ്ഞു അതല്ലാ മമ്മൂക്കാ...ഇനിയേതായാലും ഞാൻ വച്ചു താമസിക്കുന്നില്ലാ. അങ്ങിനെ വിഷയം അവതരിപ്പിച്ചു തുടങ്ങി.
നാമെല്ലാം വിശപ്പിന്റെ വിളി ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം. അങ്ങ് വലിയ ഒരാളാണ്. അഭിനയത്തിൽ ഭരതശ്രേഷ്ട്ൻ, പത്മശ്രീ പുരസ്‌കാര ജേതാവ്; വേറെ ഒട്ടനവധി പുരസ്‌കാരങ്ങളുടെ ജേതാവ്. ഇന്ന് അങ്ങയുടെ കൂടെ ഞങ്ങളും ആ 'വിശപ്പിന്റെ വിളി'യെന്തെന്നറിയുന്നു. നമ്മുടെ നാട്ടിലും സമൂഹത്തിലും ഒട്ടനവധി ആളുകൾ ഒരു നേരത്തെ വിശപ്പകറ്റാൻ നിവർത്തിയില്ലാതെ കഷ്ട്ടപ്പെടുന്നത് നാം കാണുന്നു. അവിടെയുള്ള അനാഥാലയങ്ങളിൽ, വയോധിക ശരണാലയങ്ങളിൽ ഒരു നേരമെങ്കിലും നല്ലൊരു സദ്യയൂണ് ആഗ്രഹിച്ചുകഴിയുന്ന ഒട്ടനവധി ആളുകളുണ്ട്. ഞങ്ങൾ പല ആരാധനായാലയങ്ങളും സന്ദർശിക്കുമ്പോൾ അവിടെയൊക്കെ അന്നദാനം വഴിപാടുകൾ മുഖേന കഴിക്കാൻ സൗകര്യമുണ്ട്. എന്നിരുന്നാലും, നാമിന്നു വിശപ്പ് എന്തെന്നറിഞ്ഞു നടത്തുന്ന ഈ അന്നദാനത്തിനു പ്രത്യേകതകൾ ഏറെയാണ്. അതിനാൽ ഇന്നിവിടെ ചെലവാകാമായിരുന്നതിലും കൂടുതൽ തുക നാമിന്ന്, ഇവിടെ അടുത്തുള്ള ഒരു അനാഥാലയത്തിന് നൽകുന്നു. 'അവിടത്തെ അന്തേവാസികൾ അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയട്ടെ മമ്മൂക്കാ' എന്നുപറഞ്ഞപ്പോൾ അദ്ധേഹത്തിന്റെ കണ്ണുകളിൽ ആനന്താശ്രു തിളങ്ങുന്നതും ഞാൻ ശ്രദ്ധിച്ചു.
അദ്ദേഹം പറയുകയുണ്ടായി, ഞാനും വിശപ്പിന്റെ വിളി അറിഞ്ഞവനാണ്. സിനിമയിലേക്ക് വരുംമുമ്പെ ഒരു വക്കീലായിരുന്നപ്പോൾ പലപ്പോഴും കേസുകളുടെ നൂലാമാലകളിൽ പെട്ടുമൊക്കെ ഉച്ചയൂൺ എല്ലാം ത്യജിക്കേണ്ടിവന്നിട്ടുണ്ട്. നീയും നിന്റെ വീട്ടുകാരും അതൊക്കെ വീണ്ടും എന്നെ ഓർമിപ്പിച്ചു. നന്ദി, ഒരായിരം നന്ദി എന്നും പറഞ്ഞുകൊണ്ടു അദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്നിരുന്ന അത്രയും സംഖ്യകൂടെ എനിക്കു തന്നു ഒന്നിച്ചു കൊടുക്കാൻ പറഞ്ഞു.
'എന്തായാലും, നീ ഒരു ചായയെങ്കിലും ഞങ്ങൾക്ക് തന്നെ പറ്റൂ...' അദ്ദേഹം സന്തോഷത്തോടെ പറഞ്ഞുനിർത്തി.
ഞങ്ങൾ ചായസൽക്കാരവും നടത്തി അവരെ സന്തോഷത്തോടെ യാത്രയാക്കി.
എന്റെ ഇപ്പോഴുള്ള ആഗ്രഹം ഇതൊക്കെ യാഥാർത്യമായിരുന്നെങ്കിൽ...
കൂട്ടത്തിൽ ഉടനെ നാട്ടിലുള്ള അമ്മയെ വിളിച്ചു അവിടെ അടുത്തുള്ള അനാഥാലയത്തിൽ ചോറൂണ് നടത്താൻ പറയാനും മറന്നില്ല.