കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ ശബരിമലയാത്രയെ വിമർശിച്ച് പോസ്റ്റിട്ട ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരന് എം.സ്വരാജ് എംഎൽഎയുടെ മറുപടി. ആരാധനാലയങ്ങൾ പിക്നിക്ക് സ്പോട്ടുകൾ തന്നെയാണെന്ന് സ്വരാജ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. ലോകത്തിലെ പല ആരാധനാലയങ്ങളിലും ഞാൻ പോയിട്ടുണ്ട്. ഭക്തനാണോ എന്ന് മനസിലാക്കാനുള്ള യന്ത്രം എവിടെയെങ്കിലും ഉള്ളതായി എനിക്കറിയില്ല. ഞാൻ കണ്ട സകല ആരാധനാലയങ്ങളുടെയും വാതിലുകൾ എല്ലാവർക്കുമായി തുറക്കപ്പെട്ടവയായിരുന്നു. സ്വരാജ് പറയുന്നു.

ശബരിമലയെ ഫോട്ടോ എടുക്കാനുള്ള പിക്നിക്ക് സ്പോട്ടായാണ് മന്ത്രി കെ.ടി ജലീൽ കണ്ടതെന്ന് വി.മുരളീധരൻ വിമർശിച്ചിരുന്നു. അതിന് മറുപടിയായാണ് സ്വരാജിന്റെ പോസ്റ്റ്. സ്‌ക്കൂളിൽ നിന്നും വിനോദയാത്രക്ക് പോയ കുട്ടികൾ ദേവാലയങ്ങൾ സന്ദർശിക്കാറുണ്ടെന്നും മൈസൂരിലെ പള്ളിയിലും പഴനി ക്ഷേത്രത്തിലുമെല്ലാം ഇത് കാണാമെന്നും സ്വരാജ് പിക്നിക്ക് സ്പോട്ട് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.

സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

'പിക്‌നിക്ക് സ്‌പോട്ട് '.
എം.സ്വരാജ്.

ഡൽഹിയിലെ ജുമാ മസ്ജിദിൽ ഞാൻ പോയിട്ടുണ്ട്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. മോസ്‌കോയിലെ സെന്റ് ബസിലസ് കത്തീഡ്രലിലും മൈസൂരിലെ സെന്റ് ഫിലോമിന ചർച്ചിലും ഉദയംപേരൂരിലെ സുനഹദോസ് പള്ളിയിലും പോയിട്ടുണ്ട്. ഡൽഹിയിലെ ബംഗ്ലാസാഹബ് ഗുരുദ്വാരയിലും ഡൽഹിയിൽ തന്നെ കാൽക്കാജിയിലുള്ള ബഹായ് വിശ്വാസികളുടെ ലോട്ടസ് ടെംമ്പിളിലും പോയിട്ടുണ്ട്. ബീജിംഗിലെ ബുദ്ധക്ഷേത്രവും, ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ ആബിയും സന്ദർശിച്ചിട്ടുണ്ട്

ഇതിന് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആരാധനാലയങ്ങളിലും ഞാൻ കടന്നു ചെന്നിട്ടുണ്ട്. ഭക്തി പാരവശ്യത്താൽ പ്രാർത്ഥിക്കാനായിട്ടല്ല എവിടെയും പോയത്.
ആരും എന്നെ തടഞ്ഞിട്ടില്ല. ആരെയും തടയുന്നത് ഞാൻ കണ്ടിട്ടുമില്ല. ഭക്തനാണെന്നതിന് ആരും എന്നോട് തെളിവ് ചോദിച്ചിട്ടില്ല. ഭക്തനാണോ എന്ന് മനസിലാക്കാനുള്ള യന്ത്രം എവിടെയെങ്കിലും ഉള്ളതായി എനിക്കറിയുകയുമില്ല. ഞാൻ കണ്ട സകല ആരാധനാലയങ്ങളുടെയും വാതിലുകൾ എല്ലാവർക്കുമായി തുറക്കപ്പെട്ടവയായിരുന്നു.

ശ്രീ.വി.മുരളീധരൻ ക്ഷമിക്കണം. പല ആരാധനാലയങ്ങളും ഫലത്തിൽ 'പിക്‌നിക് സ്‌പോട്ടുകൾ' തന്നെയായിരുന്നു. അതൊരിക്കലും പ്രസ്തുത ആരാധനാലയത്തിന്റെ ശോഭ കെടുത്തുന്നില്ല.. മറിച്ച് പ്രശസ്തി വർദ്ധിപ്പിക്കുന്നതേയുള്ളൂ. ചിലയിടങ്ങളിൽ സന്ദർശകർക്ക് ടിക്കറ്റ് നൽകി പ്രവേശന ഫീസ് ഈടാക്കുന്നത് പോലും അപൂർവമായിരുന്നില്ല.

കേരളത്തിലെ മിക്ക സ്‌കൂളുകളിൽ നിന്നും പുറപ്പെടുന്ന വിനോദയാത്രകളുടെ ലക്ഷ്യ കേന്ദ്രങ്ങളിൽ ഒരു ആരാധനാലയമെങ്കിലും ഉൾപ്പെടാറുണ്ട് എന്ന് സ്‌കൂളിൽ പഠിച്ചിട്ടുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മൈസൂരിലെ പള്ളിയിലും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിലുമൊക്കെ കൗതുകത്തോടെ വരിവരിയായി നടന്നു നീങ്ങുന്ന സ്‌കൂൾ യൂണിഫോം ധാരികളായ കൊച്ചു മിടുക്കരുടെ നീണ്ട ക്യൂ ഇപ്പോഴുമെന്റെ മനസിലുണ്ട്.

അടഞ്ഞ വാതിലുകളും 'തടവിലാക്കപ്പെട്ട ദൈവങ്ങ' ളുമുള്ള, ജനിച്ച മതത്തിന്റെ പേരിൽ മനുഷ്യർക്ക് പ്രവേശനം നിഷേധിക്കുന്ന ആരാധനാലയങ്ങളുണ്ടെങ്കിൽ അവിടെയെല്ലാം ഇന്നല്ലെങ്കിൽ നാളെ മാറ്റമുണ്ടാകുമെന്നും ഇരുളടഞ്ഞ ഇടനാഴികളിൽ പ്രകാശം പരക്കുമെന്നും എനിക്കുറപ്പാണ്. ഒരു നാൾ മനുഷ്യർക്കൊക്കെയും പരസ്പരം തിരിച്ചറിയാനാവും തീർച്ച.

വർഷങ്ങൾക്ക് മുമ്പ് പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ചപ്പോഴുള്ള ഒരനുഭവം ശ്രീ.കെ .ടി ജലീൽ പണ്ടൊരിക്കൽ എന്നോട് പറഞ്ഞത് ഞാനിപ്പോഴുമോർക്കുന്നു. സുവർണ ക്ഷേത്രത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതിന് മുമ്പ് മുന്നിൽ കണ്ട സിഖ് പുരോഹിതനോട് തനിക്ക് അകത്ത് പ്രവേശിക്കാമോ എന്ന് ശ്രീ.കെ.ടി.ജലീൽ ചോദിച്ചു. ചോദ്യം കേട്ട ഉടനേ സിഖ് പുരോഹിതൻ ശ്രീ.കെ.ടി.ജലീലിനെ ഒരു സഹോദരനെയെന്ന പോലെ സ്‌നേഹത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞുവത്രെ 'ഈ ക്ഷേത്രം എത്രമാത്രം ഞങ്ങളുടേതാണോ , അത്രമാത്രം അത് നിങ്ങളുടേതുമാണ് '. ... തുടർന്ന് ക്ഷേത്രം വിശദമായി കാണിച്ചു കൊടുക്കുകയും ചെയ്തു. കഴിയുമെങ്കിൽ ശ്രീ .വി.മുരളീധരൻ സുവർണക്ഷേത്രത്തിൽ ഒന്നു പോകണമെന്ന് ഞാൻ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

മുസ്ലിം പള്ളികളിലും , ക്യസ്ത്യൻ ചർച്ചുകളിലും, ബുദ്ധവിഹാരങ്ങളിലുമെല്ലാം താൻ കടന്നു ചെല്ലുമെന്ന് ഒരിക്കൽ പറഞ്ഞത് സ്വാമി വിവേകാനന്ദനായിരുന്നു. വിശ്വാസത്തിന് മതത്തിന്റെ മേൽവിലാസം അത്യാവശ്യമല്ലെന്ന് ചിന്തിക്കാനൊക്കെ ചിലർക്ക് ഒരു ജീവിതകാലം മതിയാവാതെ വരുന്നത് ദുഃഖകരമാണ്.

ആരാധനാലയങ്ങളിൽ ഭീകരപ്രവർത്തകരോ അക്രമികളൊ താവളമാക്കുന്നുവെങ്കിൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. എല്ലാ ജാതിയിലും മതത്തിലും പെട്ടവരും ഒന്നിലും പെടാത്തവരുമായ സകല മനുഷ്യർക്കും കടന്നു ചെല്ലാൻ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങൾ . ആരാധിക്കുവാൻ വരുന്നവർ ആരാധിക്കട്ടെ. ചിത്ര-ശിൽപ കലാ ഭംഗി ആസ്വദിക്കാൻ വരുന്നവർ അതാസ്വദിക്കട്ടെ. വാസ്തുശിൽപ്പ രീതിയെയും പുരാവസ്തു മൂല്യത്തെയും കുറിച്ച് പഠിക്കാൻ വരുന്നവർ പഠിക്കട്ടെ. ആരാധനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നേയുള്ളൂ. എല്ലാ മനുഷ്യരും ഒരുമിക്കുമ്പോൾ സ്‌നേഹത്തിന്റെയും നന്മയുടെയും പൂക്കൾ വിടരും. അതിൽ അസ്വസ്ഥരാവുന്നവരെ നാം സൂക്ഷിക്കണം.