ഇടുക്കി: സ്വർഗ്ഗംമേട് രാത്രിയിലെ ആകാശവിസ്മയങ്ങൾ കണ്ടാസ്വദിക്കാൻ അനുയോജ്യമായ പ്രദേശമെന്ന് വാനനിരീക്ഷകൻ ചന്ദ്രശേഖർ ആർ.തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 'പരിണാമ' എന്നപേരിൽ സംഘടിപ്പിച്ചിരുന്ന ക്യാംപിൽ ക്ലാസ്സെടുക്കുന്നതിനായിട്ടാണ് കുടംബസഹിതം കഴിഞ്ഞ ദിവസം രാജക്കാടിന് സമീപത്തെ ഉയർന്ന പ്രദേശമായ സ്വർഗ്ഗംമേടിലെത്തിയത്. പൊലീസ് ഇടപെടലിനെത്തുടർന്ന് ക്യാംപ് നടന്നില്ല. വാനനിരീക്ഷണത്തിൽ തൽപ്പരരായിരുന്ന കൂട്ടികൾ അടക്കമുള്ളവർ ക്യാപ് നടക്കാത്തതിനെത്തുടർന്ന് ഏറെ നിരാശയോടെയാണ് സ്വർഗ്ഗംമേടിൽ നിന്നും മടങ്ങിയതെന്നും ലക്ഷ്യം പൂർത്തീകരിക്കാനാവാത്തതിൽ തനിക്കും അതിയായ വിഷമമുണ്ടെന്നും ചന്ദ്രശേഖർ മറുനാടനോട് വ്യക്തമാക്കി.

ക്യാംപിന്റെ പ്രാധാന്യം മനസ്സിലാക്കി സംഘാടകനും പ്രദേശവാസിയുമായ എൽദോയും താനും ചേർന്ന് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് സാമന്യം വലിപ്പമുള്ള ടെലസ്‌കോപ്പ് സംഘടിപ്പിച്ചത്. ഇവിടെ ഈ ടെലസ്‌കോപ്പ് വഴിയുള്ള ആകാശകാഴ്ച ഒരു അനുഭവം തന്നെ ആകുമായിരുന്നെന്ന് ചന്ദ്രശേഖർ അഭിപ്രായപ്പെടുന്നു.സ്വർഗ്ഗംമേടിൽ തിരുവനന്തപുരത്തെക്കാൾ നന്നായി ആകാശം വീക്ഷിക്കാനും നക്ഷത്രസമൂഹത്തെ കൂടുതൽ വ്യക്തതയോടെ കാണുന്നതിനും സാധിക്കുന്നുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു. ക്യാംപ് ഇല്ലങ്കിലും രണ്ട് മൂന്ന് ദിവസം സ്വർഗ്ഗംമേടിലെ ആകാശകാഴ്ചകൾ കാണാൻ ഇദ്ദേഹം ടെലസ്‌കോപ്പുമായി മലമുകളിൽ തങ്ങുകയായിരുന്നു.

ചന്ദ്രശേഖറിനും കുടുംബത്തിനുമൊപ്പം ആകാശകാഴ്ചകൾ കാണാൻ ഇന്ന് നേരം പുലരും വരെ എൽദോയും ഭാര്യ ബിൻസിയും മക്കളും മലമുകളിൽ ഉണ്ടായിരുന്നു. ടെലസ്‌കോപ്പിലൂടെ കണ്ട കാഴ്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ നല്ലരസമായിരുന്നെന്നും ഇനിയും കാണണമെന്നുമായിരുന്നു കൂട്ടത്തിലെ ഏറ്റവും ബേബി റോസ പച്ചിലക്കാടന്റെ മറുപടി.

ടെലസ്‌കോപ്പുമായി ചന്ദ്രശേഖറും കുടംബവും മലമുകളിലുള്ളതറിഞ്ഞ് ഏതാനുംപർ ആകാശം വീക്ഷിക്കാനെത്തി. കണ്ടകാഴ്കളിലെ സംശയങ്ങൾ തീർത്താണ് ഇവർ മലയിറങ്ങിയത്. ഇപ്പോൾ മടങ്ങിയാലും വീണ്ടും ഇവിടെയെത്തി വാനനിരീക്ഷണം തുടരുമെന്നും ഇവിടുത്തെ ടെലസ്‌കോപ്പിക് ദൃശ്യങ്ങൾ മറ്റിടങ്ങളേക്കാൾ സംതൃപ്തി പകരുന്നതായും ചന്ദ്രശേഖർ പറഞ്ഞു