മലയാളി സിനിമാ-സീരിയൽ പ്രേക്ഷകരുടെയുള്ളിൽ ചുരുങ്ങിയ കാലം കൊണ്ട് സ്ഥിരസാന്നിധ്യമായി മാറിയ നടിയാണ് സ്വാസിക. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരിയായി മികച്ച പ്രകടനം കാഴ്‌ച്ച വച്ച സ്വാസിക താൻ നേരത്തെ ആത്മഹത്യയെ പറ്റി ചിന്തിച്ച ദിനങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ്. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസിക തന്റെ അനുഭവം വെളിപ്പെടുത്തിയത്.

സിനിമയിൽ അറിയപ്പെടണം എന്ന ആഗ്രഹത്തോടെയാണ് ഈ മേഖലയിൽ എത്തുന്നതും തമിഴിൽ അരങ്ങേറ്റം കുറിക്കുന്നതും. എന്നാൽ തനിക്ക് സിനിമയിൽ അവസരം കുറഞ്ഞ സമയത്ത് ആത്മഹത്യയെ പറ്റി വരെ താൻ ചിന്തിച്ചു. ഒരു മാസികയിൽ വന്ന ചിത്രം കണ്ടാണ് 'വൈഗൈ' എന്ന സിനിമയിൽ നായികയായി അവസരം ലഭിക്കുന്നത്. ചിത്രം വിജയമായിരുന്നു. തുടർന്ന് തമിഴിൽ മൂന്നു സിനിമകൾ ചെയ്തു. ഈ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇതിന് ശേഷം കാര്യമായ അവസരങ്ങൾ കിട്ടിയില്ല.

മലയാളത്തിൽ വലിയ ചില അവസരങ്ങൾ ലഭിച്ചു. പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ കിട്ടി. എന്നിരുന്നിട്ടും അതിനു ശേഷം മലയാളത്തിലും നല്ല അവസരങ്ങൾ തേടി വന്നില്ല. ഇതിന് പിന്നാലെ അടുപ്പിച്ച് മൂന്ന് വർഷം നല്ലൊരു സിനിമ പോലും കിട്ടിയില്ലെന്നും തുടർന്ന് താൻ കടുത്ത വിഷാദാവസ്ഥയിലായെന്നും സ്വാസിക പറയുന്നു.

കറുത്ത ദിനങ്ങളെ പറ്റി സ്വാസികയുടെ വാക്കുകൾ....

'എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാൽ അതിൽ ഒന്നും ആകാൻ പറ്റുന്നില്ല. അതോടെ ജീവിക്കാൻ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ പിടിമുറുക്കി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നൊക്കെ ആലോചിച്ചു.

നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ചിലർ ജോലിക്കു പോകുന്നു. ഞാൻ മാത്രം 'സിനിമ... സിനിമ' എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.'

ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതു പോര, എന്തെങ്കിലും ചെയ്യണം എന്നു തോന്നി. മെഡിറ്റേഷൻ - യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വർഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് 'മഴവിൽ മനോരമ'യിലെ 'ദത്തുപുത്രി' എന്ന സീരിയലിലേക്കു വിളിക്കുന്നത്.

മൂന്നു വർഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. ഒടുവിൽ സീരിയൽ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയൽ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് 'കട്ടപ്പനയിലെ ഹൃത്വിക് റോഷനും' 'സ്വർണ്ണക്കടുവയും' ചെയ്തത്. താനിപ്പോൾ ഏറെ സന്തോഷവതിയാണെന്നും തനിക്ക് ഒട്ടേറെ അവസരങ്ങൾ തേടിയെത്തുന്നുണ്ടെന്നും സ്വാസിക പറയുന്നു.