കൊച്ചി: ആന്റണി വർഗീസ് നായകനായി എത്തുന്ന 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിലെ കട്ടക്കലിപ്പായ രംഗങ്ങൾ ചിത്രീകരിച്ച മേക്കിങ് വീഡിയോ പുറത്ത്. ഒരു സ്‌കൂളിൽ സെറ്റിട്ട ജയിലിലാണ് ചിത്രത്തിലെ ഭൂരിഭാഗം കാര്യങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളുണ്ടാകുമെന്ന സംവിധായകന്റെ വാക്കുകൾ ശരി വെക്കുന്നതാണ് മേക്കിങ് വീഡിയോ.

ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചൻ. ദിലീപ് കുര്യൻ തിരക്കഥ ഒരുക്കുന്നു. ബി ഉണ്ണിക്കൃഷ്ണൻ ആദ്യമായി നിർമ്മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിർമ്മാണത്തിൽ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്ബൻ വിനോദ് ജോസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.അങ്കമാലി ഡയറീസിലെ വില്ലൻ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വിൽസൺ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഫിനാൻസ് കമ്ബനി മാനേജരായ കോട്ടയംകാരൻ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കോട്ടയം, മംഗലാപുരം, ഓസ്ട്രേലിയ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.

ദിലീപ് കുര്യൻ രചന നിർവഹിക്കുന്ന ചിത്രം ബി ഉണ്ണിക്കൃഷ്ണൻ, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്ബൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ലിജോ ജോസ് പല്ലിശേരി അതിഥിയായെത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പുതുമുഖം അശ്വതി മനോഹരനാണ്. ചിത്രം മാർച്ച് 31ന് തീയറ്ററുകളിലെത്തും.