സ്ത്രീകളെ അന്നും ഇന്നും ഉപകരണങ്ങളായി മാത്രം കാണുന്ന സമൂഹത്തിനു മുന്നിലേക്കാണ് ഓരോ സ്ത്രീയും സ്വപ്രയത്‌നത്താൽ വിജയിച്ചു വേറിട്ടു നിൽക്കുന്നത്. അവൾ എന്നും ത്യാഗത്തിന്റേയും സഹനത്തിന്റേയും മാതൃത്വത്തിന്റേയും മൂർത്തീഭാവങ്ങളാണം. അതാണ് പൊതു സമൂഹത്തിന്റെ കാഴ്ചപാട്.

പകരം വയ്ക്കാനില്ലാത്ത വാത്സല്യത്തിനും മാതൃത്യത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് പൂനൈയിലെ സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരിയായ സ്വാതി. ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുന്നതിനായി പലവിധ യാതനകളും സഹിക്കുന്നവരാണ് ഉദ്യോഗസ്ഥരായ അമ്മമാർ. എന്നാൽ, നൊന്തു പ്രസവിച്ച പൊന്നോമനയ്ക്കു വയ്യാതാകുന്ന അവസ്ഥയിൽ ലീവു പോലും ഇല്ലെങ്കിൽ ഈ അമ്മമാർ എന്ത് ചെയ്യും?

ഇത്തരത്തിലൂടെയുള്ള അവസ്ഥകളിലൂടെ നിങ്ങളിൽ നിരവധിപ്പേർ കടന്നു പോയിട്ടുമുണ്ടാകും. അതിൽ ചിലർ കുഞ്ഞുങ്ങൾക്കായി ജോലി പോലും പിന്നീട് വേണ്ടെന്നു വച്ചിട്ടുണ്ടാകാം. അവിടേയും ത്യജിക്കുന്നത് സ്ത്രീകളാണ്.

ഉദ്യോഗസ്ഥരായ അമ്മമാർക്കായി പ്രത്യേക അവധികൾ ഒന്നും നിലവിലില്ലാത്ത നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങളെ വയ്യാത്ത അവസ്ഥയിൽ പോലും വീട്ടിലും ഡേകെയറുകളിലും ആക്കുന്ന പതിവാണ് കണ്ടു വരുന്നത്. ഈ അവസ്ഥയിലാണ് പൂണെയിൽ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥയായ സ്വാതി ചിറ്റാൽക്കർ കഴിഞ്ഞ ദിവസം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

തന്റെ 3 വയസ്സുകാരനായ മകൻ പുരുഷോത്തം സിംഗുമായാണ് സ്വാതി കഴിഞ്ഞ ദിവസം പൂണെയിൽ ഉള്ള സിൻഡിക്കേറ്റ് ബാങ്ക് ശാഖയിൽ എത്തിയത്. പനി പിടിച്ചു കിടക്കുകയായിരുന്നു സ്വാതിയുടെ മകൻ. അമ്മയ്‌ക്കൊപ്പം മാത്രമേ നിൽക്കൂ എന്നു വാശി പിടിച്ചിരുന്ന മകനെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാൻ സ്വാതിക്കു കഴിയുമായിരുന്നില്ല. അവകാശപ്പെട്ട അവധികൾ കഴിഞ്ഞതിനാൽ തുടർന്ന് അവധിയെടുക്കാനും കഴിയില്ല.

ഈ സാഹചര്യത്തിലാണ് മൂന്നുവയസുകാരനായ മകനെയും കൂട്ടി സ്വാതി ഓഫീസിലേക്കെത്തിയത്. ഓഫീസിൽ തന്റെ സീറ്റിനു പിന്നിലായി നിലത്തു തലയിണ വച്ച്, കയ്യിൽ പാൽ കുപ്പിയുമായി മകനെ കിടത്തി സ്വാതി ജോലി തുടർന്നു.

പനി ബാധിച്ച മകനുമായി ഓഫിസിൽ വന്നിരുന്ന് ജോലി ചെയ്യേണ്ടി വന്ന തന്റെ ദുരവസ്ഥ കാണിച്ചു കൊണ്ട് ചിത്രമടക്കം ഫേസ്‌ബുക്കിൽ തന്റെ അവസ്ഥ പോസ്റ്റ് ചെയ്യുകയായിരുന്നു. '' താഴെ കിടക്കുന്നത് ഒരു കുട്ടിയല്ല, ഏന്റെ ഹൃദയമാണ്. പനിബാധിച്ച എന്റെ മകൻ വിട്ടു നിൽക്കാൻ സമ്മതിച്ചില്ല. ഹാഫ് ഡേ ലീവ് കഴിഞ്ഞതിനാലും അത്യാവശ്യമായി ചില ലോണുകൾ പാസാക്കേണ്ടതിനാലും എനിക്ക് ഓഫീസിൽ വരേണ്ടതായി വന്നു. എന്നാൽ എനിക്ക് എന്റെ രണ്ടു ചുമതലകളും ഒരേ സമയം നിറവേറ്റാൻ കഴിഞ്ഞു.

അസംബ്ലിയിൽ ഇരുന്നുറങ്ങുന്ന മന്ത്രിമാർക്കായി ഞാൻ ഈ സന്ദേശം സമർപ്പിക്കുന്നു'' എന്ന അടിക്കുറിപ്പോടെയാണ് സ്വാതി തന്റെയും കുഞ്ഞിന്റെയും ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം ചിത്രം ഇന്റർനെറ്റിൽ കത്തിപ്പടർന്നു. തന്റെ അവസ്ഥയിൽ സർക്കാർ ഇടപെടലുകൾ ഉണ്ടായില്ല എങ്കിലും തന്നെ പോലുള്ള ഉദ്യോഗസ്ഥരായ അമ്മമാർക്ക് ഈ ചിത്രം ഒരു പ്രചോദനമായെന്ന് അറിയാൻ കഴിഞ്ഞെന്ന് സ്വാതി പറഞ്ഞു.