സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ അത് ഭാഗ്യമായി കാണുന്നവരാണ് പല നടിനടന്മാരും. എന്നാൽ അത്തരത്തിലൊരു സൂപ്പർ താരത്തിന്റെ അവസരം വേണ്ടെന്ന് വച്ചിരിക്കുകയാണ് തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി. തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ 'സൊഗ്ഗഡേ ചിന്നി നയന' എന്ന ചിത്രത്തിൽ  ലഭിച്ച അവസരമാണ് സ്വാതി വേണ്ടെന്നു  വച്ചത്. 

ഡേറ്റ് പ്രശ്‌നമായതിനാലാണ് താരം ചിത്രത്തിൽ നിന്നും ഒഴിവായതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. എന്നാൽഅമ്പത് കഴിഞ്ഞ നടന്മാർക്കൊപ്പം നായികയായി അഭിനയിക്കാൻ തന്നെ കിട്ടില്ലെന്ന് സ്വാതി പറഞ്ഞെന്നാണ് കേൾക്കുന്നത്. കൂടാതെ സ്വാതിക്ക് പ്രതിഫലം കുറഞ്ഞതാണ് പിന്മാറാൻ കാരണമെന്നും ഗോസിപ്പുകളുണ്ട്. എന്നാൽ ഈ വാർത്തകളൊക്കെ സ്വാതി ഫേസ്‌ബുക്ക് പോസ്റ്റ് വഴി നിഷേധിച്ചിട്ടുണ്ട്. ഡേറ്റിന്റെ പ്രശ്‌നമാണെന്നാണ് സ്വാതിയും പറയുന്നത്.

സൊഗ്ഗഡേ ചിന്നി നയനയിൽ നാഗാർജ്ജുന ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അച്ഛനായും മകനായും താരം രംഗത്തെത്തും. ഇതിൽ മകന്റെ നായികയായുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ താരത്തെ സമീപിച്ചിരുന്നു. എന്നാൽ മുമ്പ് കരാറൊപ്പിട്ട  ഒരു മലയാളം ചിത്രത്തിന്റെയും തമിഴ് ചിത്രത്തിന്റെയും തിരക്കിലായതിനാലാണ് തനിക്ക് ഈ ചിത്രം ഏറ്റെടുക്കാനാകാത്തതെന്ന് സ്വാതി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

താൻ ഇപ്പോൾ പ്രവർത്തിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുകയാണെന്നും തനിക്ക് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി.നാഗാർജ്ജുനയെ പോലെ വലിയൊരു നടന്റെ ചിത്രം താരം വേണ്ടെന്ന് വച്ചതിനെച്ചൊല്ലി നിരവധി ഗോസിപ്പുകൾ പുറത്തിറങ്ങിയപ്പോഴാണ് മറുപടിയുമായി സ്വാതി നേരിട്ട് രംഗത്തെത്തിയത്. തനിക്ക് നാഗാർജ്ജുനയെ വളരെ ഇഷ്ടമാണെന്ന് പറഞ്ഞ താരം അദ്ദേഹം ഏറ്റവും സുന്ദരനും കുലീനത്വമുള്ള വ്യക്തിത്വത്തിന് ഉടമയുമാണെന്നും വ്യക്തമാക്കി.

ഇപ്പോൾ അമലി തുമലി, യാറ്റ്ച്ചൻ എന്നീ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് സ്വാതി. ഇതോടൊപ്പം മൂന്ന് മലയാള ചിത്രങ്ങളും താരത്തിന്റേതായി വരാനിരിക്കുകയാണ്.