ണിന്റെയും പെണ്ണിന്റെയും സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികബന്ധത്തെ ബലാൽസംഗത്തിന് തുല്യമായി കാണുന്ന നിയമം സ്വീഡനിൽ നടപ്പിലാവുന്നു. ലൈംഗികബന്ധത്തിന് മുമ്പ് ഇരുവരുടെയും സമ്മതം ഉറപ്പുവരുത്തണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന ശുപാർശ. ബന്ധപ്പെടാനാഗ്രഹിക്കുന്നുവെന്ന വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ആയ സമ്മതം നിർബന്ധമാക്കണമെന്നും നിയമത്തിൽ ശുപാർശ ചെയ്യുന്നു.

പാർലമെന്റ് പരിഗണിച്ചുവരുന്ന സമ്മത നിയമം ഈയാഴ്ച തന്നെ പ്രാബല്യത്തിൽ വരും. ഇതോടെ, ബലാൽസംഗത്തിന് വിധേയയാകുന്ന ഇര താൻ ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് സ്ഥാപിക്കുന്ന തെളിവ് ഹാജരാക്കുന്നതിൽനിന്ന് മുക്തമാവും. പരസ്പര സമ്മതത്തോടെയല്ലാതെ നടക്കുന്ന ലൈംഗിക ബന്ധങ്ങളെല്ലാം ബലാൽസംഗത്തിന്റെ പരിധിയിൽ വരുമെന്നതിനാൽ, സമ്മതപത്രം ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാകും.

നിലവിലെ നിയമം അനുസരിച്ച് ബലാൽസംഗത്തിന് ഒരാളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കിൽ അവർ ഇരയെ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ കീഴ്‌പ്പെടുത്തിയെന്ന് തെളിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇര അബോധാവസ്ഥയിലോ മദ്യപിച്ച നിലയിലോ മറ്റേതെങ്കിലും തരത്തിൽ പരിക്ഷീണയായ അവസ്ഥയിലോ ആയിരുന്നുവെന്ന് തെളിയിക്കണം. പുതിയ നിയമം വരുന്നതോടെ, സമ്മതം രേഖപ്പെടുത്തിയില്ലെങ്കിൽ അത് സ്വാഭാവികമായും ബലാൽസംഗമായി മാറും.

അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച മീറ്റൂ കാമ്പെയിനാമ് ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് സ്വീഡിഷ് ഉപപ്രധാനമന്ത്രി ഇസബെല്ല ലോവിൻ പറഞ്ഞു. ചരിത്രപരമായ പരിഷ്‌കാരമെന്നാണ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫൻ ഇതിനെ വിശേഷിപ്പിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരുടെ എണ്ണമേറുന്നുവെന്ന് തുറന്നുകാട്ടുന്നതായിരുന്നു മീറ്റു കാമ്പെയിനെന്ന് സർക്കാർ വിലയിരുത്തുന്നു. അടുത്ത ജൂലൈ ഒന്നുമുതൽ നിയമം നടപ്പിലാകുമെന്നാണ് സൂചന.

വേശ്യാവൃത്തി സ്വീഡനിൽ നിയമവിരുദ്ധമല്ലെങ്കിലും, പണം കൊടുത്ത് ലൈംഗിക സേവനം സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണ്. സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികബന്ധം കുറ്റകരമാകുന്നതോടെ, വേശ്യാവൃത്തിയിലേർപ്പെട്ടിരിക്കുന്ന ആയിരങ്ങൾ, പുതിയ നിയമം എങ്ങനെ നടപ്പിലാകുമെന്ന ആശങ്കയിലാണ്.