കോപ്പൻഹേഗൻ: അഭയാർഥിപ്രവാഹത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സ്വീഡനും ഡെന്മാർക്കും ഏർപ്പെടുത്തിയിരുന്ന അതിർത്തി പരിശോധന ഉടൻ എടുത്തുകളയുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്പിലെ പാസ്‌പോർട്ട് ഫ്രീ ഷെങ്കൽ മേഖലയിൽ പെടുന്ന ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയത് അനുചിതമാണെന്ന് യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു.

ജർമനിയുമായുള്ള അതിർത്തിയിലാണ് ഡെന്മാർക്ക് അഭയാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം ഡെന്മാർക്കിൽ നിന്നുള്ള അഭയാർഥികൾ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാൻ ഡെന്മാർക്ക് അതിർത്തിയിൽ സ്വീഡനും നിയന്ത്രണം കൊണ്ടുവന്നു. പാസ്‌പോർട്ട് ഫ്രീ ഷെങ്കൻ മേഖലയായതിനാൽ അനാവശ്യ നിയന്ത്രണങ്ങൾ പാടില്ലെന്നും അനധികൃതമായി കുടിയേറുന്നവരെ തടയാൻ നിയന്ത്രണങ്ങൾ ആവാം എന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

സിറിയയിലുണ്ടായ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സമ്പന്ന രാജ്യങ്ങളായ ജർമനി, സ്വീഡൻ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം ശക്തമായി തുടരുകയാണിപ്പോഴും. ഷെങ്കൻ മേഖലയിലേക്കുള്ള കുടിയേറ്റം അനായാസമായതിനാൽ പലപ്പോഴും അനിയന്ത്രിതമായ തോതിലാണ് അഭയാർഥി പ്രവാഹം കണ്ടുവരുന്നത്. നിലവിൽ രാജ്യത്തിന് സാധിക്കുന്നിടത്തോളം അഭയാർഥികളെ ഉൾക്കൊണ്ടുവെന്നും ഇനിയും അഭയാർഥികൾ എത്തുന്നത് രാജ്യത്തിന്റെ സന്തുലിതാവസ്ഥയെ തകർക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് സ്വീഡൻ അതിർത്തിയിൽ നിയന്ത്രണം കൊണ്ടു വന്നത്. ഏതാനും ദിവസത്തേക്കു മാത്രമായിരിക്കും നിയന്ത്രണമെന്നും സ്വീഡൻ പ്രഖ്യാപിച്ചിരുന്നു.