സ്റ്റോക്ക്‌ഹോം:  കഴിഞ്ഞ വർഷം സ്വീഡനിൽ അഭയാർഥികളായി എത്തിയവരിൽ 80,000 പേരെ പുറത്താക്കാൻ തീരുമാനിച്ചതായി ഇന്റീരിയർ മിനിസ്റ്റർ ആൻഡേഴ്‌സ് ഗിമെൻ. 2015-ൽ രാജ്യത്തെത്തുകയും അഭയാർഥികളാകാനുള്ള അപേക്ഷ നിരസിച്ചതുമായ 80,000 പേരെ പുറത്താക്കാനാണ് സ്വീഡൻ തീരുമാനിച്ചിരിക്കുന്നത്. 60,000 പേരെ രാജ്യത്തു നിന്ന് നീക്കം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇവരുടെ എണ്ണം 80,000 ആയി ഉയരുകയായിരുന്നു.

ഇത്രയേറെ അഭയാർഥികളെ രാജ്യത്തു നിന്ന് പുറത്താക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്യുന്ന അധികൃതരോടും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഗ്രീക്ക് ബീച്ചുകളിൽ ഇപ്പോഴും പതിനായിരക്കണക്കിന് അഭയാർഥികൾ എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്വീഡന്റെ പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഇനിയും അഭയാർഥികളെ സ്വീകരിക്കില്ലെന്ന ജർമനിയുടെ നിലപാടും യൂറോപ്പിലെ അഭയാർഥി പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുമെന്നാണ് ഭയപ്പെടുന്നത്.

പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നുമെല്ലാം ഇപ്പോഴും അഭയാർഥികളുടെ ഒഴുക്ക് തുടരുകയാണ്.  യുഎന്നിന്റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ ഗ്രീസിലേക്ക് 46,000 അഭയാർഥികളാണ് എത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ അവഗണിച്ചുകൊണ്ട് എത്തിയവരിൽ 170ലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

9.8 മില്യൺ ജനസാന്ദ്രതയുള്ള സ്വീഡൻ, അതിന്റെ ജനപ്പെരുപ്പത്തിന് ആനുപാതികമായി അഭയാർഥികളെ സ്വീകരിച്ചിട്ടുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൊന്നാണ്. കഴഇഞ്ഞ വർഷം 160,000ത്തിലധികം അഭയാർഥികൾക്കാണ് സ്വീഡൻ രക്ഷാകേന്ദ്രമായത്. പിന്നീട് അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അഭയാർഥികളുടെ ഒഴുക്കിൽ പെട്ടെന്ന് ഇടിവുണ്ടായി.