സ്റ്റോക്ക്‌ഹോം: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന പലിശ നിരക്ക് വീണ്ടും വെട്ടിക്കുറച്ചു കൊണ്ട് സ്വീഡൻ സെൻട്രൽ ബാങ്ക് (റിക്‌സ്ബാങ്ക്) ഉത്തരവായി. നിലവിൽ -0.35 ശതമാനമായിരുന്ന പലിശ നിരക്കാണ് വീണ്ടും 0.15 ശതമാനം കുറച്ചു കൊണ്ട് -0.50 ശതമാനമാക്കിയിരിക്കുന്നത്. നാണ്യപ്പെരുപ്പത്തിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ഇടിവാണ് പലിശ നിരക്ക് വീണ്ടും വെട്ടിച്ചുരുക്കാൻ കാരണമായതെന്ന് റിക്‌സ് ബാങ്ക് വ്യക്തമാക്കുന്നു.

മുമ്പ് പ്രവചിച്ചിരുന്നതിനെക്കാൾ താഴ്ന്ന നിലയിലേക്ക് നാണ്യപ്പെരുപ്പം ചുരുങ്ങുകയായിരുന്നു. സമ്പദ് വ്യവസ്ഥ ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും നാണ്യപ്പെരുപ്പത്തിൽ വന്നുകൊണ്ടിരിക്കുന്ന താഴ്ച പിടിച്ചുയർത്താനാണ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായി നെഗറ്റീവ് ലെവലിലേക്ക് പലിശ കുറച്ചിട്ട് ഒരു വർഷം കഴിഞ്ഞിരുന്നു.

അതേസമയം പലിശ നിരക്ക് വീണ്ടും കുറച്ചിരിക്കുന്നത് ഏറെ അപ്രതീക്ഷിതമായിട്ടല്ല എന്നാണ് പറയുന്നത്. പലിശ നിരക്കിൽ വീണ്ടും ഇടിവുണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. ആവശ്യമെങ്കിൽ നിരക്കിൽ ഇനിയും ഇടിവ് വരുത്തുമെന്നും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ബോണ്ടുകൾ വാങ്ങുന്നത് ഇനിയും തുടരുമെന്നും ഇത് കഴിഞ്ഞ ഒക്ടോബറിലെ തീരുമാനപ്രകാരമാണെന്നുമാണ് ബാങ്ക് വ്യക്തമാക്കുന്നത്.