സ്റ്റോക്ക്‌ഹോം: രാജ്യത്ത് അനുഭവപ്പെടുന്ന ഭവനക്ഷാമവും അഭയാർഥി പ്രശ്‌നവും നെഗറ്റീവ് ഇന്ററസ്റ്റ് റേറ്റും മറ്റും രാജ്യത്തിന്റെ സമ്പദ് ഘടനയെ സാരമായി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. 2016-ൽ രാജ്യത്തിന്റെ സമ്പദ് ഘടന ശക്തിപ്രാപിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് റിസർച്ച് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.

രാജ്യത്തിന്റെ ജിഡിപി നേരത്തെ പ്രവചിച്ചിരുന്നതു പോലെ അടുത്ത വർഷത്തോടെ നാലു ശതമാനത്തിന് അടുത്തെത്തിയിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്.
നിലവിൽ അഭയാർഥികളുടെ അനിയന്ത്രിതമായ ഒഴുക്ക് ഒരു പ്രശ്‌നം തന്നെയാണെങ്കിലും രാജ്യത്തിന്റെ സമ്പദ് ഘടനയെ അത് ശക്തിപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇപ്പോൾ അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്യാൻ രാജ്യം ഏറെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ഇത് സാവധാനം രാജ്യത്തിന് അനുകൂല ഘടകമായി മാറും. രാജ്യം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് വീടുകളുടെ ക്ഷാമം. തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിൽ തന്നെ വീടുകൾക്ക് വമ്പിച്ച ക്ഷാമമാണ്  ഇപ്പോൾ അനുഭവപ്പെടുന്നത്.

യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ലക്ഷണമാണ് കാണുന്നതെന്നും അത് സ്വീഡന്റെ സമ്പദ് ഘടനയ്ക്കും ഗുണം ചെയ്യുമെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. യൂറോപ്പിലെ തന്നെ പല വൻ രാജ്യങ്ങളും സാമ്പത്തിക കടക്കെണിയിൽ നിന്നു രക്ഷപ്പെടുന്നതായാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇതിന്റെ പ്രതിഫലനം സ്വീഡനിലും കാണുമെന്നും പ്രതീക്ഷിക്കുന്നു.

കൂടാതെ സ്വീഡന്റെ സെൻട്രൽ ബാങ്ക് പലിശ നിരക്ക് റെക്കോർഡ് താഴ്ന്ന നിലയിൽ ആക്കിയത് കറൻസിയുടെ വിലയിടിവിനും കാരണമായിട്ടുണ്ട്. യൂറോയെക്കാളും വളരെ കുറഞ്ഞ നിരക്കാണ് സ്വീഡിഷ് കറൻസിയായ ഖ്രോണയ്ക്ക്. അത് രാജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്ന് കരുതുന്നു. വിദേശ ടൂറിസ്റ്റുകളെ സ്വീഡനിലേക്ക് ആകർഷിക്കുന്നതിനും ഡോളർ, യൂറോ, പൗണ്ട് എന്നിവയുടെ കൈമാറ്റം വിദേശികൾക്ക് ലാഭം ഉണ്ടാക്കുന്നതിനാൽ ടൂറിസം മേഖല പച്ചപിടിക്കുമെന്നുമാണ് വിലയിരുത്തുന്നത്. ഇതെല്ലാം മൂലം അടുത്ത വർഷം രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് റിസർച്ച് കരുതുന്നത്.