- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം കളയാൻ ആവശ്യപ്പെട്ടിട്ടില്ല; കോവളത്ത് വിദേശിയെ അവഹേളിച്ചിട്ടില്ലെന്ന് സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ; മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ഗ്രേഡ് എസ് ഐ ടികെ ഷാജി. തനിക്കെതിരെ നടപടി തെറ്റിദ്ധാരണമൂലമാണ്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട്് ഷാജി മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേനയാണ് പരാതി നൽകിയത്.
മദ്യം കളയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയന്ത്രണങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഷാജി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് ചെയ്തതെന്ന് പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പാലിച്ചാണ് ജോലി ചെയ്തത്്. സർവീസിൽ നിന്ന് വിരമിക്കാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു
വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താനെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. തനിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപടെ മദ്യവുമായി വന്നപ്പോൾ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
അതേസമയം വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിപിഒമാരായ സജിത്ത്, മനീഷ് എന്നിവർക്കെതിരെയാണ് അന്വേഷണം. ബെവ്റിജസ് ഔട്ലെറ്റിൽനിന്നും വിദേശി വാങ്ങിവന്ന മദ്യം പൊലീസ് റോഡിലൊഴിപ്പിച്ചതിൽ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
4 വർഷമായി കോവളത്തു താമസിച്ച് ഹോം സ്റ്റേ നടത്തുന്ന ഡച്ച് പൗരൻ സ്റ്റിഗ് സ്റ്റീവൻ ആസ്ബെർഗിനെ (68) ആണ് കോവളം പൊലീസ് തടഞ്ഞത്. വെള്ളാറിലെ ബെവ്കോ ഔട്ലെറ്റിൽനിന്നു വാങ്ങിയ 3 കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരുന്ന സ്റ്റീവനെ വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം തടഞ്ഞുനിർത്തി ബിൽ ആവശ്യപ്പെട്ടു.
ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്നു വ്യക്തമാക്കി റോഡിൽ ഉപേക്ഷിക്കാനും നിർദേശിച്ചു. പിന്നാലെ 2 കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പകർത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബിൽ എത്തിച്ചാൽ മതിയെന്നും പൊലീസ് നിലപാടു മാറ്റി. തുടർന്നു വിൽപനകേന്ദ്രത്തിൽ എത്തി ബിൽ വാങ്ങി വന്ന സ്റ്റീവനെ പൊലീസ് കടത്തിവിട്ടു.
പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും വെള്ളിയാഴ്ച രാത്രി സിറ്റി പൊലീസ് കമ്മിഷണർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതേസമയം, ബീച്ചിലേക്കു മദ്യവുമായി പോകരുതെന്ന നിർദേശമാണ് എസ്ഐ നടപ്പാക്കിയതെന്ന വിശദീകരണവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തി
മറുനാടന് മലയാളി ബ്യൂറോ