തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചമ്മയ്ക്ക് എതിരായ വിമർശനങ്ങൾക്കെതിരെ നടി ശ്വേത മേനോൻ. ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്ന് പറയുകയാണ് നടി ശ്വേതാ മേനോൻ. സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തുവെന്നും അവാർഡ് ലഭിച്ച നഞ്ചമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ശ്വേത ഫേസ്‌ബുക്കിൽ കുറിച്ചു.

'ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. ഔപചാരിക പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും, കിഷോർ ദായും എസ്‌പിബിയും എക്കാലത്തെയും മികച്ച ഗായകരായി മാറി. സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചിയമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തു. 68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചമ്മയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ', എന്നാണ് ശ്വേതാ മേനോൻ കുറിച്ചത്.

ഗായകൻ ലിനു ലാൽ നഞ്ചമ്മയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. അൽഫോൻസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ, ബിജിബാൽ തുടങ്ങി നിരവധി പേർ നഞ്ചമ്മക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. ഗായിക സിത്താരയും നഞ്ചമ്മയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കിൽ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതിൽ സംശയമുണ്ട്. നഞ്ചമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോം?ഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയിൽ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാൾക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത് എന്ന വിമർശനമായിരിന്നു ലിനു ലാൽ നടത്തിയത്.