കൊച്ചി: മോഡലിംഗിലൂടെ മലയാള സിനിമയിലെത്തി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ശ്വേത മേനോൻ. ഹിന്ദിയുൾപ്പെടെയുള്ള വിവിധ ഭാഷകളിൽ അഭിനയിച്ച ശ്വേത മേനോൻ മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സ്വന്തമായ ഇടംകണ്ടെത്തിയത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി സൗഹൃദമുള്ള ശ്വേതയുടെ സഹപ്രവർത്തകയായിരുന്നു ഒരുകാലത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും

തന്റെ പഴയ സഹപ്രവർത്തകയെ വീണ്ടും കണ്ടുമുട്ടിയ അനുഭവം പങ്കുവെക്കുകയാണ് ശ്വേത. മുംബൈയിലെ വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി സ്മൃതിയെ കണ്ടപ്പോൾ നീട്ടിവിളിച്ചുവെന്നും ചുറ്റുമുള്ളവർ തിരിഞ്ഞുനോക്കിയപ്പോഴാണ് അവർ ഇപ്പോൾ കേന്ദ്രമന്ത്രിയാണെന്ന കാര്യം ഓർത്തതെന്നും ശ്വേത പറയുന്നു. കാൻചാനൽമീഡിയയോടായിരുന്നു ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്.

'മുംബൈയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയർപോർട്ടിൽ പതിവിലും നേരത്തെയെത്തി. ലോഞ്ചിൽവച്ചാണ് അടുത്ത ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്.

നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി.

അവരുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസേഴ്‌സാണ് തുറിച്ച കണ്ണുകളുമായി നിൽക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്‌ത്തി. സ്മൃതി വേഗത്തിൽ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു. ഞാൻ അവരുടെ അടുക്കലെത്തി.

ഇത്തവണ ഒരൽപ്പം ഭയം കലർന്ന ബഹുമാനത്തോടെയാണ് ഞാൻ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നിൽക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവർ സ്‌നേഹത്തോടെ എന്നെ ചേർത്തുനിർത്തി. ഞാൻ സെൽഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു,' ശ്വേത പറഞ്ഞു

'കുറേ വർഷങ്ങൾക്ക് മുമ്പാണ്. കൃത്യമായി ഓർമ്മയില്ല. ഞാനൊരു ടെലിവിഷൻ ഷോയുടെ അവതാരകയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദി സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ ഷോ ഉപേക്ഷിച്ചു. എനിക്ക് പകരക്കാരിയായി അവർ കണ്ടെത്തിയ പുതുമുഖമായിരുന്നു സ്മൃതി ഇറാനി.

ഇപ്പോൾ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന സമർത്ഥയായ ഭരണാധികാരികളിൽ ഒരാൾ. അഭിമാനം തോന്നുന്നു. ഇനിയും അവർക്ക് ഒത്തിരി ദൂരം മുന്നോട്ട് പോകാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ.' ശ്വേത പറയുന്നു.