വ്യാജമോഷണക്കേസ് ചമച്ച് ബ്രസീലിനെ കളങ്കപ്പെടുത്താൻ ശ്രമിച്ച വിഖ്യാത അമേരിക്കൻ നീന്തൽത്താരം റയാൻ ലോക്‌റ്റെയും മറ്റൊരു താരമായ ജയിംസ് ഫെയ്ഗനും എതിരെ ബ്രസീൽ പൊലീസ് കേസ്സെടുത്തു. ലോക്‌റ്റെക്കെതിരെ ചുമത്തേണ്ട കുറ്റമെന്തെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അമേരിക്കൻ താരങ്ങളാണ് കുഴപ്പമുണ്ടാക്കിയതെന്ന് പൊലീസ് ഇൻസ്‌പെക്ടർ അലക്‌സാൻഡ്രെ ബ്രാഗ പറഞ്ഞു.

തോക്കിന്മുനയിൽ നിർത്തി തന്നെ കൊള്ളയടിച്ചുവെന്നാണ് ലോക്‌റ്റെയുടെ വാദം. എന്നാൽ, അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പെട്രോൾ സ്‌റ്റേഷനിലെ ഭിത്തിയിൽ മൂത്രമൊഴിക്കുകയും അവിടുത്തെ ജീവനക്കാരുമായി അടിയുണ്ടാക്കുകയുമാണ് അമേരിക്കൻ താരങ്ങൾ ചെയ്തത്.

മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ലോക്‌റ്റെയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴിനൽകി. അമേരിക്കൻ താരങ്ങളെ പോകാൻ അനുവദിക്കരുതെന്ന് പെട്രോൾ സ്‌റ്റേഷനിലെ ജീവനക്കാർ താരങ്ങളുമായെത്തിയ വാഹനത്തിന്റെ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസിനെ വിളിക്കുന്നതിന് മുമ്പ് ജീവനക്കാർക്ക് കൈക്കൂലി നൽകി താരങ്ങൾ അവിടെനിന്ന് പോവുകയായിരുന്നു.

അമേരിക്കൻ താരങ്ങൾക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌റ്റെയും ഫെയ്ഗനും കൊള്ളയടിക്കപ്പെട്ടുവെന്ന വാർത്ത വ്യാജമായിരുന്നുവെന്ന് അമേരിക്കൻ താരങ്ങളായ ജാക്ക് കോംഗറും ഗുണ്ണാർ ബെന്റ്‌സും പൊലീസിനോട് വ്യക്തമാക്കി. ലോക്‌റ്റെയുമായി ബ്രസീൽ പൊലീസ് ഫോണിൽ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.

യഥാർഥത്തിൽ പെട്രോൾ സ്‌റ്റേഷനിൽ അടിയുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ച അമേരിക്കൻ താരങ്ങളെ പൊലീസ് വരുന്നതുവരെ തടഞ്ഞുനിർത്താൻ സുരക്ഷാ ഉദ്യോഗസ്തർ തോക്കെടുക്കുകയായിരുന്നുവെന്ന് കോംഗറും ബെന്റ്‌സും പൊലീസിന് മൊഴിനൽകി. എന്നാൽ, ജീവനക്കാർക്ക് ഓരോരുത്തർക്കും 30 ഡോളർവീതം നൽകി ഇവർ രക്ഷപ്പെടുകയായിരുന്നു. കോംഗറും ബെന്റ്‌സും ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ലോക്‌റ്റെ അമേരിക്കയിലേക്ക് കടന്നുവെന്നാണ് സൂചന. എന്നാൽ ഫെയ്ഗൻ എവിടെയെന്ന് വ്യക്തമല്ല.