ഡബ്ലിൻ: ഇ-കോളിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡബ്ലിൻ തീരദേശ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ബീച്ചുകളിൽ കുളിക്കാൻ പോകുന്നവർ ഏതാനും നാൾ ഇതിൽ നിന്നു വിട്ടു നിൽക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. റഷ് ഹാർബർ ബീച്ചിലാണ് ബാക്ടീരിയയുടേയും ഇ-കോളിയുടെയും സാന്നിധ്യം കൂടിയ തോതിൽ കണ്ടെത്തിയത്. തുടർന്ന് ഫിനെഗൽ കൗണ്ടി കൗൺസിൽ മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

തെക്കൻ ബീച്ചുകളിൽ ഇ-കോളിയുടെ സാന്നിധ്യം 100 മില്ലി ലിറ്ററിൽ 624 ആയി വർധിച്ചതായാണ് റിപ്പോർട്ട്. മെയ്‌ മാസം ഇത് 100 മില്ലി ലിറ്ററിൽ 10 മാത്രമായിരുന്നു. വീടുകളിൽ നിന്നും മറ്റുമുള്ള മാലിന്യം കടലിലേക്ക് ഒഴുക്കുന്നതാണ് ഇ-കോളിയുടെ സാന്നിധ്യം വർധിക്കാൻ കാരണമായി പറയുന്നത്. സമീപപ്രദേശത്തുള്ള 2700 വീടുകളിൽ നിന്നുള്ള മാലിന്യമാണ് ഇവിടേയ്ക്ക്  ഒഴുക്കിക്കളയുന്നത്.

ചൂടുകാലമായതിനാൽ ബീച്ചുകൾ സ്വിമ്മിംഗിന് തുറന്നുകൊടുത്തിരിക്കുകയാണെങ്കിലും ഗർഭിണികൾ, മുറിവുള്ളവർ തുടങ്ങിയവരെ നീന്തുന്നതിൽ നിന്ന് ലൈഫ് ഗാർഡുകൾ വിലക്കുന്നുണ്ട്. പ്രശസ്തമായ റഷ് ഹാർബർ ബീച്ചിനു സമീപവും നീന്തൽ പാടില്ല എന്ന നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.