ഡബ്ലിൻ: വിന്റർ ശക്തിപ്രാപിച്ചതോടെ ഫ്‌ലൂ ബാധയും അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും വർധിച്ചു. ഈ സീസണിൽ ഭീഷണി ഉയർത്തിക്കൊണ്ട് സ്വൈൻ ഫ്‌ലൂ കൂടി എത്തിയതോടെ കനത്ത ജാഗ്രതാ നിർദേശമാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

സ്വൈൻ ഫ്‌ലൂ ബാധിച്ച് ഏഴു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ സീസണിൽ ഫ്‌ലൂ ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. കഴിഞ്ഞാഴ്ച ഫ്‌ലൂ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരുന്നു. അഞ്ചു മുതൽ 14 വയസുവരെയുള്ളവരായിരുന്നു ഇതിൽ കൂടുതലും. ഫ്‌ലൂ ബാധ ശക്തമായതിനെ തുടർന്ന് സ്വൈൻ ഫ്‌ലൂ ബാധിച്ച്  ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പതിനഞ്ചോളം രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. പതിവിനു വിപരീതമായി സ്വൈൻ ഫ്‌ലൂ, ആരോഗ്യമുള്ള കുട്ടികളേയും ബാധിച്ചിട്ടുള്ളത് എങ്ങും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗമെന്ന നിലയിൽ ആന്റിവൈറൽ മരുന്നുകൾ സ്വീകരിക്കണമെന്നും ഇത് രോഗം വരാതിരിക്കാനുള്ള മുൻകരുതലായി എടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഫ്‌ലൂ ബാധ വർധിച്ചതോടെ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് നേരിടുന്ന ട്രോളി പ്രശ്‌നവും ഗുരുതരമായതായാണ് റിപ്പോർട്ട്. നിലവിൽ 424 രോഗികൾ രാജ്യമെമ്പാടുമുള്ള ആശുപത്രികളിലെ ട്രോളികളിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. ട്രോളി പ്രശ്‌നം ഏറ്റവും ഗുരുതരമായിരിക്കുന്നത് ഡബ്ലിനിലെ മാറ്റർ ആശുപത്രിയിലും പോർട്ട്‌ലോയിസ് ആശുപത്രിയിലുമാണ്.