സൂറിച്ച്: യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി സ്വിറ്റ്‌സർലണ്ടിൽ ജനനനിരക്ക് വർധിച്ചു വരുന്നതായി പുതിയ ഫെഡറൽ റിപ്പോർട്ട്. രാജ്യത്ത് കുടിയേറ്റം ശക്തമായി തുടരുന്നതിന്റെ പ്രതിഫലനാണ് ജനനനിരക്കിൽ രേഖപ്പെടുത്തുന്നതെന്നാണ് വിലയിരുത്തുന്നത്.
2014-ലെ കണക്കനുസരിച്ച് നവജാത ശിശുക്കളുടെ എണ്ണം 85,287 ആയി ഉയർന്നിരിക്കുകയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നവജാത ശിശുക്കളുടെ എണ്ണത്തിൽ 3.1 ശതമാനം വർധനയാണിത്. ഇത് രാജ്യത്തെ മൊത്തം ജനസാന്ദ്രത ഉയരാൻ കാരണമായിട്ടുണ്ടെന്നും ഓരോ സ്ത്രീക്കും 1.5 കുട്ടി എന്ന നിരക്കിലേക്ക് ഇത് ഉയർന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2014-ൽ സ്വിസ് ജനസാന്ദ്രത 1.2 ശതമാനം വർധിച്ച് 8.2 മില്യൺ എത്തിയെന്നും ഇതിൽ വിദേശികളുടെ എണ്ണം മൂന്നിൽ രണ്ടായി ഉയർന്നുവെന്നുമാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നവജാത ശിശുക്കളിൽ 78.3 ശതമാനവും വിവാഹിതരായ ദമ്പതികൾക്കുണ്ടാകുന്ന കുട്ടികളാണ്. എന്നാൽ വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ സ്വിറ്റ്‌സർലണ്ടിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് റിപ്പോർട്ട്. ഈ വർഷം 41,900 വിവാഹങ്ങൾ രാജ്യത്ത് അരങ്ങേറി. മുൻ വർഷത്തെ അപേക്ഷിച്ച് 5.3 ശതമാനം കൂടുതലാണിത്.

അതോടൊപ്പം തന്നെ വിവാഹമോചനത്തിന്റെ എണ്ണത്തിൽ കുറവു വന്നതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ 17,100 എന്ന എണ്ണത്തിൽ നിന്ന് ഈ വർഷം 16,700 ആയി കുറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.  മരണ നിരക്കിലും മുൻ വർഷത്തെ അപേക്ഷിച്ച് 1.9 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. അതുകൊണ്ടു തന്നെ പ്രായമായവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇപ്പോൾ രാജ്യത്ത് രേഖപ്പെടുത്തുന്നത്. സ്വിറ്റ്‌സർലണ്ടിൽ ഒരു പുരുഷന്റെ ശരാശരി ആയുസ് 2013-ൽ 80.5 ആയിരുന്നത് കഴിഞ്ഞ വർഷം 81 ആയി വർധിക്കുകയും ചെയ്തു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ 84.8-ൽ നിന്ന് 85.2 വയസായി ഉയരുകയാണ് ചെയ്തത്.