ജനീവ: സ്വിറ്റ്‌സർലണ്ടിലെ ആശുപത്രികളെല്ലാം മികച്ചതാണെന്ന  കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ സ്വിസ് ഡോക്ടർമാർ അല്പം മറവിക്കാരാണെന്നാണ് റിപ്പോർട്ട്. സർജറികൾക്കു ശേഷം രോഗികളുടെ ശരീരത്തിൽ ഉപകരണങ്ങൾ ഉപേക്ഷിക്കുന്ന ശീലം വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. സർജറിയെ തുടർന്നുള്ള കോംപ്ലിക്കേഷനുകളെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഓർഗനൈസേഷൻ ഫോർ കോ ഓപ്പറേഷൻ ആൻഡ് ഇക്കണോമിക് ഡവലപ്‌മെന്റ് (ഒഇസിഡി) നടത്തിയ പഠനത്തിലാണ് സ്വിസ് ഡോക്ടർമാർ ഉപകരണങ്ങൾ രോഗികളുടെ ശരീരത്ത് മറന്നുപോകുന്ന കാര്യം വെളിപ്പെട്ടിരിക്കുന്നത്.

പതിമൂന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ഡോക്ടർമാരെക്കാൾ മൂന്നിരട്ടി മറവിയാണ് സ്വിസ് ഡോക്ടർമാരെ ബാധിച്ചിരിക്കുന്നത്. ഇത്തരത്തിൽ വസ്തുക്കൾ ഓപ്പറേഷനു ശേഷം രോഗികളുടെ ശരീരത്ത് ഉപേക്ഷിക്കുന്നതു മൂലം ഒട്ടേറെ പ്രശ്‌നങ്ങൾ രോഗികൾ നേരിടാറുണ്ടെന്ന് പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഇസിഡി വ്യക്തമാക്കുന്നു. ഒരു ലക്ഷം രോഗികൾക്ക് സർജറി നടത്തിയാൽ അതിൽ 11.8 പേരിലും ഉപകരണങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയാണെന്ന് പഠനം തെളിയിക്കുന്നു. 13 യൂറോപ്യൻ രാജ്യങ്ങളിൽ ഇതു ശരാശരി 3.8 മാത്രമാണ്.

ബെൽജിയത്തിലേക്കാൾ 20 മടങ്ങ് മോശമാണ് സ്വിറ്റ്‌സർലണ്ടിലേത്. ഇത്തരം കേസുകൾ ഏറ്റവും കുറവ് രേഖപ്പെടുത്തുന്നത് ബെൽജിയത്തിലാണ്. 0.5 എന്നതാണ് ഇവിടത്തെ കണക്ക്. ബെൽജിയത്തിനു പിന്നിൽ ഡെന്മാർക്കും (1.6) അയർലണ്ടുമാണ് (2.5). ഡോക്ടർമാരുടെ മറവിക്കാര്യത്തിൽ സ്വിറ്റ്‌സർലണ്ടിനു പിന്നിൽ പോർച്ചുഗലും (6.5), ഫ്രാൻസും (6.2), നോർവേ(6.0)യുമാണ്.