സൂറിച്ച്: തുടർച്ചയായി രണ്ടാം മാസവും സ്വിറ്റ്‌സർലണ്ടിൽ തൊഴിലില്ലായ്മ നിരക്കിൽ ഇടിവു രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. മുൻ മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം ഇടിവാണ് തൊഴിലില്ലായ്മ നിരക്കിൽ രേഖപ്പെടുത്തുന്നത്. തൊഴിലിലായി അപേക്ഷ നൽകുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതാണ് തൊഴിലില്ലായ്മ നിരക്കിൽ കുറവ് വന്നുവെന്ന് കണക്കാക്കപ്പെടുന്നത്.

ഏപ്രിൽ 30 അനുസരിച്ച് 141,131 പേർ മാത്രമാണ് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. മുൻ മാസത്തെ അപേക്ഷിച്ച് 4000 അപേക്ഷ കുറവാണിതെന്നാണ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫേഴ്‌സ് വ്യക്തമാക്കുന്നത്. കൂടാതെ സ്വിസ് ഫ്രാങ്ക് ശക്തിപ്രാപിച്ചത് സമ്പദ് ഘടനയ്ക്ക് കരുത്തു പകർന്നതാണ് ഇതു സൂചിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

വിദേശീയരുടെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായിട്ടാണ് താഴന്നത്. അതേസമയം സ്വിസ് സ്വദേശികൾക്കുള്ള തൊഴിലില്ലായ്മ നിരക്ക് 2.3 ശതമാനമായി തന്നെ തുടരുകയാണ്. രാജ്യത്ത് ശരാശരി 3.4 ശതമാനം തൊഴിലില്ലായ്മ നിരക്കാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അതേസമയം ഈ മാസം ഇത് 3.3 ശതമാനമായി കുറയുകയായിരുന്നു.

കാന്റൺ ഓഫ് ഒബ്വാൾഡൻ ആണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശം. ഇവിടെ 0.9 ശതമാനം മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്. മുൻ മാസത്തെക്കാൾ ഒരു ശതമാനം കുറവാണിത്. കാന്റൺസ് ഓഫ് ജനീവ, ന്യൂഷെട്ടെൽ എന്നിവിടങ്ങളിലാണ് ഉയർന്ന തൊഴിലില്ലായ്മ രേഖപ്പെടുത്തുന്ന. 5.5 ശതമാനമാണ് ഇവിടങ്ങളിൽ ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക്. സൂറിച്ച്, സ്വിറ്റ്‌സർലണ്ട് എന്നിവിടങ്ങളിലും 3.6 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്.