സൂറിച്ച്: സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പത്തൊമ്പതാമത് ഓണാഘോഷം 16 ന് ശനിയാഴ്ച സൂറിച്ചിലെ ഹെസ്ലി ഹാളിൽ അരങ്ങേറും. ഓണാഘോഷ ചടങ്ങുകളിൽ ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം ദുരന്ത, പ്രത്യാഘാത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി മുഖ്യാതിഥിയാകും.

രുചികരമായ ഓണസദ്യയും വൈവിദ്ധ്യമാർന്ന കലാപരിപാടികളും കേളി ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആഘോഷപരിപാടികൾ അരങ്ങേറുക. പ്രശസ്ത ഗായകൻ ഫ്രാങ്കോ, സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ താരമായി മാറിയ രാധിക, മലയാളത്തിലെ മറ്റൊരു യുവഗായകൻ അനൂപ് ശങ്കർ, മലയാളികൾക്ക് സുപരിചിതയായ അപർണ ബാലമുരളി തുടങ്ങിയവർ സംഗീതത്തിന്റെ തിരയിളക്കം സൃഷ്ടിക്കാൻ എത്തുന്നുണ്ട്.

സാംസ്‌കാരിക പ്രവർത്തനവും സാമൂഹ്യ സേവനവും ഒരുമിച്ച് ചെയ്യുന്ന മലയാളി സംഘടനയാണ് കേളി. സുമനസ്സുകളായ മലയാളികളാണ് കേളിയുടെ പ്രവർത്തനത്തിന്റെ അടിത്തറ. കേളിയുടെ ഓരോ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കേരളത്തിലെ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അംഗീകാരവും അവാർഡുകളും നേടിയിട്ടുള്ള കേളി സ്വിറ്റ്‌സർലണ്ടിൽ മലയാളം ലൈബ്രറിയും മലയാളം ക്ലാസ്സും നടത്തി വരുന്നുണ്ട്.