സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ മോർട്ട്‌ഗേജ് നിരക്കുകൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പത്തു വർഷ ടേമിലുള്ള ഒരു മോർട്ട്‌ഗേജിന്റെ പലിശ നിരക്ക് 2.7 ശതമാനത്തിലെത്തി നിൽക്കുകയാണ്. 2014 വർഷാദ്യം 2.7 ശതമാനം എന്ന നിരക്കിലായിരുന്നതാണ് ഡിസംബർ അവസാനത്തോടെ 1.8 ശതമാനത്തിലെത്തിയിരിക്കുന്നതെന്ന് കൺസ്യൂമർ ഇൻഫർമേഷൻ വെബ്‌സൈറ്റായ കമ്പാരീസ് ഡോട്ട് സിഎച്ച് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഷോർട്ടർ ടേമിലുള്ളവർക്ക് ഒരുപക്ഷേ 1.2 ശതമാനം നിരക്കിൽ പോലും മോർട്ട്‌ഗേജുകൾ വിപണിയിൽ ലഭ്യമാണെന്നും റിപ്പോർട്ടുണ്ട്. അഞ്ചു വർഷ കാലാവധിയിലുള്ള മോർട്ട്‌ഗേജുകളുടെ നിരക്ക് 1.3 ശതമാനമായി താഴ്ന്നിട്ടുമുണ്ട്. 2014 ജനുവരിയിൽ 1.8 ശതമാനമായിരുന്നതാണ് വർഷാവസാനം 1.3 ശതമാനമായി ചുരുങ്ങിയത്.

എന്നാൽ മോർട്ട്‌ഗേജുകൾ നിരക്കുകൾ താഴ്ന്നത് സ്വിറ്റ്‌സർലണ്ടിലെ വീടുകളുടെ വില വർധനയെ പിടിച്ചു നിർത്തിയിട്ടുണ്ട്. അപ്പാർട്ട്‌മെന്റുകളുടെ നിരക്കിൽ മാത്രമാണ് വർധന രേഖപ്പെടുത്തുന്നത്. അപ്പാർട്ട്‌മെന്റുകൾക്ക് അഞ്ചു ശതമാനം വർധന കഴിഞ്ഞ വർഷം തന്നെ രേഖപ്പെടുത്തിയിരുന്നു. ലേക്ക് ജനീവ മേഖല ഒഴിച്ച് മറ്റെല്ലാ സ്ഥലത്തും വില്ലകളുടെ വില വ്യത്യാസമില്ലാതെ തുടരുന്നുണ്ട്. ഇവിടെ വില്ലകൾക്ക് അഞ്ചു ശതമാനം വിലയിടിവാണ് നേരിട്ടിരിക്കുന്നതെന്ന് ഹോം ഡോട്ട് സിഎച്ച് റിപ്പോർട്ട് ചെയ്യുന്നു.