സൂറിച്ച്: മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ പിഴ ഈടാക്കുന്നതിന് സർക്കാർ കൊണ്ടുവന്ന പരിസ്ഥിതി നിയമത്തിനെതിരേ സ്വിസ് എംപിമാർ. രാജ്യമെമ്പാടും മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ഈടാക്കുന്നതിന് പൊതുവിൽ നിയമം കൊണ്ടുവരാനാണ് സർക്കാർ ശ്രമിച്ചത്.

നിലവിൽ കാന്റനുകൾക്ക് സ്വന്തമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് സ്വതന്ത്ര്യമുണ്ടായിരുന്നു. തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ വ്യത്യസ്ത കാന്റനുകളിൽ വ്യത്യസ്ത നിയമമായിരുന്നു നിലവിലുണ്ടായിരുന്നത്. ചില കാന്റനുകളിൽ ഇതിന് പിഴ ഈടാക്കാതിരിക്കുമ്പോൾ മറ്റു ചിലയിടത്ത് കനത്ത പിഴ ഈടാക്കി വന്നിരുന്നു. ജനീവയിലാകട്ടെ മാലിന്യം വലിച്ചെറിയുന്നവർക്ക് 250 ഫ്രാങ്ക് വരെ പിഴ നൽകേണ്ടിയിരുന്ന സാഹചര്യമായിരുന്നു.

എന്നാൽ ഈ പ്രശ്‌നത്തിൽ രാജ്യമെമ്പാടും ഒരു നിശ്ചിത പിഴ കൊണ്ടുവരാനാണ് ഫെഡറൽ സർക്കാർ ശ്രമിച്ചത്. ഇതിനായി ഖജനാവിൽ നിന്ന് പ്രതിവർഷം 200 മില്യൺ ഫ്രങ്ക് ചെലവഴിക്കാനും സർക്കാർ പദ്ധതിയിട്ടിരുന്നു. ഈ പ്രശ്‌നത്തിൽ ലോവർ ഹൗസിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 96 എംപിമാരും ഇതിനെതിരേ വോട്ടു രേഖപ്പെടുത്തി. മാലിന്യം തെരുവിൽ വലിച്ചെറിയുന്നവർക്ക് 300 ഫ്രാങ്ക് വരെ പിഴ ഈടാക്കാനായിരുന്നു സർക്കാർ തീരുമാനം. 86 എംപിമാർ സർക്കാർ തീരുമാനത്തെ അനുകൂലിച്ചും വോട്ടു ചെയ്തു.

ഇതിനിടെ, ബിന്നുകളിൽ മാലിന്യം നിക്ഷേപിക്കാത്തവർക്ക് 100 ഫ്രാങ്ക് പിഴ ഈടാക്കാൻ ജൂറാ കാന്റണിലെ പോറൻട്രൂറി ടൗൺ അധികൃതർ തീരുമാനമെടുത്തതായും റിപ്പോർട്ടുണ്ട്.