സൂറിച്ച്: ക്വാളിഫൈഡ് പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ ഏറ്റവും മെച്ചപ്പെട്ട ശമ്പളം നൽകുന്നത് സ്വിറ്റ്‌സർലണ്ട്. മിഡ്ഡിൽ മാനേജർ നിലയിലുള്ളവർക്കും സ്വിറ്റ്‌സർലണ്ട് സ്വപ്‌ന ഭൂമിയാണെന്ന് ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടിങ് ആൻഡ് പ്രൊഫഷണൽ സർവീസ് സ്ഥാപനമായ ടവേഴ്‌സ് വാട്ട്‌സൺ വ്യക്തമാക്കുന്നു.

സ്‌പെഷ്യലിസ്റ്റുകൾക്ക് മെച്ചപ്പെട്ട ശമ്പളം നൽകുന്ന കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഡെന്മാർക്കിനെക്കാൾ 30,000 ഫ്രാങ്ക് കൂടുതലാണ് സ്വിറ്റ്‌സർലണ്ടിൽ നൽകുന്ന ശരാശരി ശമ്പളം. ഗ്ലോബൽ 50 റെമ്മ്യൂണറേഷൻ പ്ലാനിങ് റിപ്പോർട്ട് അനുസരിച്ചുള്ള കണക്കിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മെച്ചപ്പെട്ട ശമ്പളം നൽകുന്ന കാര്യത്തിൽ യൂറോപ്പിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ലക്‌സംബർഗ് ആണ്. നോർവേ നാലാം സ്ഥാനത്തും ജർമനി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

മിഡ്ഡിൽ മാനേജ്‌മെന്റ് തലത്തിൽ സ്വിറ്റ്‌സർലണ്ടിലെ ശമ്പളം മൂന്നാം സ്ഥാനത്തു നിൽക്കുന്ന ലക്‌സംബർഗിനെക്കാൾ 36,000 ഫ്രാങ്ക് അധികമാണ്. സർക്കാരിലേക്ക് അടയ്‌ക്കേണ്ടി വരുന്ന ടാക്‌സും ജീവിത ചെലവും എല്ലാം താരതമ്യപ്പെടുത്തി നോക്കിയാലും സ്വിറ്റ്‌സർലണ്ടിലെ ഇക്കൂട്ടരുടെ ശമ്പളം യൂറോപ്പിലുള്ള മറ്റേതു രാജ്യത്തേക്കാളും മികച്ചു നിൽക്കുന്നതു തന്നെയാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം പ്രൊഫഷണലുകൾക്ക് യുകെ നൽകുന്ന ശമ്പളം താരതമ്യേന കുറവാണെന്നും വാട്‌സൺ ടവേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

എൻട്രി ലെവൽ പ്രൊഫഷണലുകൾക്കും എക്‌സ്പീരിയൻസ്ഡ് അഡ്‌മിനിസ്‌ട്രേഷൻ സ്റ്റാഫുകൾക്കും നൽകുന്ന ശമ്പളം താരതമ്യം ചെയ്യുമ്പോൾ 16 യൂറോപ്യൻ ഇക്കണോമികളിൽ യുകെയുടെ സ്ഥാനം പതിനഞ്ചാമതാണ്. ഏറ്റവും മോശം പോർട്ടുഗീസ് ആണ്.
ക്വാളിഫൈഡ് പ്രൊഫഷണലുകൾക്കും മിഡ്ഡിൽ മാനേജ്‌മെന്റ് തലത്തിലുള്ളവർക്കും  ആകർഷകമായ ശമ്പളം യുകെ വാഗ്ദാനം ചെയ്യുന്നില്ല. സ്വിറ്റ്‌സർലണ്ട് കൂടാതെ ജർമനി, നെതർലണ്ട്‌സ്, അയർലണ്ട്, ബെൽജിയം എന്നീ രാജ്യങ്ങൾക്കു പിന്നിലാണ് ഇക്കാര്യത്തിൽ യുകെയുടെ സ്ഥാനം.