ഫേസ്ബുക്കിൽ കയറിയാൽ പോസ്റ്റുകളും കമന്റുകളും വായിച്ച് പോലും നോക്കാതെ ലൈക്കിടുന്നത് നമ്മിൽ മിക്കവരുടെയും ശീലമാണ്. എന്നാൽ നിങ്ങൾ സ്വിറ്റ്സർലണ്ടിലെങ്ങാനും പോയാൽ ആ ശീലം മാറ്റി വച്ചില്ലെങ്കിൽ പെട്ട് പോകുമെന്നുറപ്പാണ്. ഇവിടെ ഒരു ഓൺലൈൻ ചർച്ചയുടെ ഭാഗമായുള്ള കമന്റിന് ലൈക്കിട്ടതിന്റെ പേരിൽ ഒരു എനിൽ റൈറ്റ്സ് ആക്ടിവിസ്റ്റായ 45കാരൻ എർവിൻ കെസ്ലർക്ക് മേൽ കോടതി വിധിച്ചിരിക്കുന്നത് 3700 യൂറോ നഷ്ടപരിഹാരമാണ്. സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ കമന്റിന് ലൈക്കിട്ടുവെന്ന കുറ്റം ചുമത്തിയാണ് സുറിച്ച് ഡിസ്ട്രിക്ട് കോടതി തിങ്കളാഴ്ച നിർണായകമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

എർവിൻ കെസ്ലറും അദ്ദേഹം നേതൃത്വം കൊടുക്കുന്നതും എനിമൽ ഫാക്ടറികൾക്ക് എതിര് നിൽക്കുന്നതുമായ എനിമർ പ്രോട്ടക്ഷൻ ഗ്രൂപ്പും ചൂടു പിടിച്ച ഒരു ഓൺലൈൻ ചർച്ചക്കിടെ തനിക്ക് നേരെ വംശീയ വിദ്വേഷം തുളുമ്പന്നതും സെമിറ്റിക് വിശ്വാസത്തിന് വിരുദ്ധവുമായ രീതിയിൽ പെരുമാറിയെന്നാണ് എതിർ കക്ഷി ആരോപിച്ചിരിക്കുന്നത്. 2015ൽ നടന്ന ആ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്ത നിരവധി പേർ കെസ്ലെർക്കെതിരെ കേസുമായി മുന്നോട്ട് വന്നിരുന്നുവെന്ന് എതിർ കക്ഷികളിലൊരാളുടെ ലോയറായ അമിർ അബ്ദെൽ അസീസ് വെളിപ്പെടുത്തുന്നു. ഈ ചർച്ചയിൽ പ്രകോപനപരമായ കമന്റുകളിട്ട നിരവധി പേരെ നേരത്തെ തന്നെ കേസിൽ പെടുത്തിയിരുന്നു.

അവർ ഇട്ട പ്രത്യേക കമന്റുകളുടെ പേരിലായിരുന്നു കേസ് ചാർജ് ചെയ്തിരുന്നത്. എന്നാൽ മറ്റുള്ളവരിട്ട കമന്റ് ലൈക്ക് ചെയ്തതിനെ തുടർന്ന് ഒരാൾക്ക് പിഴയിടുന്ന സംഭവം തിങ്കളാഴ്ചയാണ് രാജ്യത്ത് ആദ്യമായുണ്ടായിരിക്കുന്നത്. മറ്റുള്ളവർ ഇട്ട കമന്റിനെ ലൈക്ക് ചെയ്തതിലൂടെ അതേ നിലപാടാണ് താനും പുലർത്തുന്നതെന്ന് കെസ്ലെർ വ്യക്തമാക്കുകയായിരുന്നുവെന്നാണ് വിചാരണക്കിടെ കോടതി വിധിച്ചത്. സ്വിറ്റ്സർലണ്ടിൽ രണ്ട് ദശാബ്ദം മുമ്പ് തന്നെ നിലവിലുള്ള ആന്റി-റാസിസം നിയമത്തിന് കീഴിലണ് കെസ്ലെർക്ക് പിഴ വിധിച്ചിരിക്കുന്നത്.

ശരിയാണെന്ന് തോന്നുന്ന കമന്റുകൾക്കാണ് താൻ ലൈക്കടിച്ചതെന്ന് ഇയാൾ വാദിച്ചെങ്കിലും ഇത് ഈ കേസിൽ തെളിയിക്കാൻ സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. കമന്റുകൾ ലൈക്ക് ചെയ്തതിന് പുറമെ ഇത് തന്റെ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുക കൂടി ചെയ്തതോടെ ഈ പ്രകോപനപരമായ ആശയം നിരവധി പേരിലേക്ക് എത്താനും കെസ്ലെർ വഴിയൊരുക്കിയെന്ന് കോടതി കണ്ടെത്തിയിരുന്നു.